ആസിഫ് അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സ്, പാക് സെലക്ടര്‍മാര്‍ക്കുള്ള മറുപടി

പാക്കിസ്ഥാന്‍ നിരയില്‍ ഇന്ന് ലോകക്രിക്കറ്റില്‍ പല ടീമുകള്‍ക്കുമുള്ളത് പോലെ അടിച്ച് കളിയ്ക്കുവാനുള്ള താരമില്ലെന്നതാണ് ഏറ്റവും വലിയ ദൗര്‍ഭല്യമെന്ന് വേണമെങ്കില്‍ വിലയിരുത്താം. 2017 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ടീമിനു വേണ്ടി കളിച്ച താരങ്ങളുടെ സ്ട്രൈക്ക് റേറ്റ് താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന റേറ്റ് ഉള്ളത് ആസിഫ് അലിയ്ക്കാണ്. 132.80 സ്ട്രൈക്ക് റേറ്റുള്ള താരത്തിനു എന്നാല്‍ ലോകകപ്പ് സ്ക്വാഡില്‍ ഇടം ലഭിച്ചിരുന്നില്ല. മറ്റു താരങ്ങളില്‍ നൂറിനു മുകളില്‍ സ്ട്രൈക്ക് റേറ്റുള്ളത് ഇമാദ് വസീമിനു മാത്രമാണ്. അടുത്ത് കാലത്തും ഇവരില്‍ നിന്ന് മാത്രമാണ് ഇത്തരം പ്രകടനം വന്നിട്ടുള്ളത്. ഇതില്‍ ഇമാദ് വസീം ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയപ്പെട്ടുവെങ്കിലും ലോകകപ്പ് സ്ക്വാഡില്‍ താരത്തിനു പാക്കിസ്ഥാന്‍ അവസരം നല്‍കി.

ഇന്നലെ ഡേവിഡ് വില്ലി തന്റെ രണ്ടാം സ്പെല്ലിനു എത്തുന്നത് വരെ ആസിഫ് അലി പാക്കിസ്ഥാന്റെ പ്രതീക്ഷയായി ക്രീസിലുണ്ടായിരുന്നു. ഫകര്‍ സമന്റെ ശതകത്തിനു ശേഷം പാക്കിസ്ഥാനെ സജീവമാക്കി മത്സരത്തില്‍ നിലനിര്‍ത്തിയത് ആസിഫ് അലിയുടെ ഇന്നിംഗ്സായിരുന്നു. 36 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ താരത്തെ വില്ലി പുറത്താക്കിയതോടെയാണ് പാക്കിസ്ഥാന്‍ മത്സരത്തില്‍ പിന്നോട്ട് പോകുന്നത്.

എന്നാല്‍ ഏഷ്യ കപ്പിലും ന്യൂസിലാണ്ടിനെതിരെയും മോശം ഫോമാണ് താരത്തിനെ മാറ്റി ഉമര്‍ അക്മലിനെ പരീക്ഷിക്കുവാന്‍ പാക്കിസ്ഥാന്‍ മുതിര്‍ന്നു. എന്നാല്‍ അക്മലും പരാജയപ്പെട്ടതോടെ വീണ്ടും പാക്കിസ്ഥാന്‍ ആസിഫിനു അവസരം നല്‍കുകയായിരുന്നു. ഇപ്പോളുള്ള താരങ്ങളില്‍ ഒരു ഹിറ്ററുടെ റോളില്‍ ഏറ്റവും അനുയോജ്യമായ താരം ആസിഫ് അലിയാണെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം താരത്തില്‍ നിന്ന് വരാത്തതാണ് പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

2018ലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച പ്രകടനത്തിന്റെ ഏഴയലത്ത് ഇപ്പോള്‍ താരത്തിനു എത്താനാകുന്നില്ലെങ്കിലും മറ്റ് താരങ്ങളുടെ സ്ട്രൈക്ക് റേറ്റ് നോക്കുമ്പോള്‍ ഇന്ന് ലോകക്രിക്കറ്റില്‍ അനിവാര്യമായ ഹാര്‍ഡ് ഹിറ്റിംഗിന്റെ സാധ്യതകളെ പരിഗണിക്കുമ്പോള്‍ താരത്തിനു ലോകകപ്പില്‍ പാക്കിസ്ഥാന്‍ അവസരം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് വേണം മനസ്സിലാക്കുവാന്‍. തുടര്‍ന്നുള്ള മത്സരങ്ങളിലെ താരത്തിന്റെ പ്രകടനമാവും ഇനി താരത്തിന്റെ ലോകകപ്പ് സാധ്യതകള്‍ക്ക് നിര്‍ണ്ണായകമാകുക.