അടിച്ച് തകര്‍ത്ത് ഇന്ത്യ, ശ്രീലങ്കയ്ക്കെതിരെ ഫൈനലില്‍ കൂറ്റന്‍ സ്കോര്‍

Sports Correspondent

ശ്രീലങ്കയ്ക്കെതിരെയുള്ള ഏഷ്യ കപ്പ് ഫൈനലില്‍ 304 റണ്‍സ് നേടി ഇന്ത്യ. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് മത്സരഗതിയെ മാറ്റി മറിച്ചത്. ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് കിരീടമുയര്‍ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്.

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. അവസാന 10 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിംഗ്സ് കടക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ടീം നേടിയിരുന്നത്. അവസാന പത്തോവറില്‍ നിന്ന് 113 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ നഷ്ടമായത്.

ഓപ്പണര്‍മാരായ യശസ്വി ജൈസ്വാല്‍(85), അനുജ് റാവത്ത്(57) എന്നിവര്‍ക്കൊപ്പം ദേവദത്ത് പടിക്കല്‍(31), പ്രഭ്സിമ്രാന്‍ സിംഗ്(65*), ആയുഷ് ബഡോനി(52*) എന്നിവരും കൂടി ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ബഡോണിയും പ്രഭ്സിമ്രാന്‍ സിംഗും കൂടി ചേര്‍ന്നാണ് മത്സരത്തില്‍ ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

14 സിക്സുകള്‍ പിറന്ന മത്സരത്തില്‍ പ്രഭ്സിമ്രാന്‍സിംഗ് നാലും ആയുഷ് ബഡോനി അഞ്ചും സിക്സുകളാണ് നേടിയത്. വെറും 37 പന്തില്‍ നിന്ന് സിംഗ് 65 റണ്‍സ് നേടിയപ്പോള്‍ ബോനി 28 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി. 110 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. ശ്രീലങ്കയ്ക്കായി കല്‍ഹാര സേനാരത്നേ, കലന പെരേര, ദുലിത് വെല്ലാലാഗെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.