അഫ്ഗാനിസ്ഥാനെതിരെ കടന്ന് കൂടി ഇന്ത്യ, ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക്

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം നേടിയ ഇന്ത്യ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് സെമി ഫൈനലിലേക്ക് എത്തുന്നത്. 124 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കിയെങ്കിലും ഇന്ത്യയുടെ ബാറ്റിംഗും അത്ര സുഖമമല്ലായിരുന്നു. അര്‍ജുന്‍ ആസാദിനെ തുടക്കത്തിലെ നഷ്ടമായ ഇന്ത്യ 80/1 എന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

അര്‍ജുന്‍ 21 റണ്‍സ് നേടിയപ്പോള്‍ സലീല്‍ അറോറയും ശാശ്വത് റാവത്തും 29 റണ്‍സ് നേടി പുറത്തായ ശേഷം ഇന്ത്യന്‍ ടീമില്‍ പിന്നീടെത്തിയ താരങ്ങളില്‍ ബഹുഭൂരിഭാഗവും രണ്ടക്ക സ്കോര്‍ നേടുവാന്‍ സാധിക്കാതെ പുറത്താകുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അഹമ്മദ് ലക്കന്‍വാല നാല് വിക്കറ്റ് നേടി ഇന്ത്യയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയായിരുന്നു. 80/1 എന്ന നിലയില്‍ നിന്ന് 92/6 എന്ന നിലയിലേക്ക് വീണ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ കടന്ന് കൂടുകയായിരുന്നു. 13 റണ്‍സുമായി കരണ്‍ ലാലും 11 റണ്‍സ് നേടിയ പുര്‍ണ്ണാംഗ് ത്യാഗിയുമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. എട്ടാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 22 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 38.4 ഓവറിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.