നിര്‍ണ്ണായകമായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് 87/5 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 249 റണ്‍സിലേക്ക് എത്തിച്ചതിനു പിന്നില്‍ രണ്ട് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് നല്‍കേണ്ടത്. മഹമ്മദുള്ളയും ടീമിലെക്ക് ഈ മത്സരത്തിനു തൊട്ട് മുമ്പ് എത്തിയ ഇമ്രുല്‍ കൈസും. ഇരുവരും ചേര്‍ന്ന് 130 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടി ബംഗ്ലാദേശിനു പൊരുതാവുന്ന സ്കോര്‍ നല്‍കിയതും ബൗളര്‍മാര്‍ അത് വിജയകരമായി രക്ഷിക്കുകയും ചെയ്തത്.
74 റണ്‍സ് നേടി മഹമ്മദുള്ള പുറത്തായപ്പോള്‍ ഇമ്രുല്‍ കൈസ് 72 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മഹമ്മദുള്ള പറയുന്നത്. റഷീദ് ഖാന്‍ മികച്ച ബൗളറാണെങ്കിലും കളിക്കാനാകാത്ത മാത്രം അപകടകാരിയായ ബൗളര്‍ അല്ല റഷീദെന്നാണ് മഹമ്മദുള്ള പറയുന്നത്.
ബംഗ്ലാദേശിന്റെ ദുരന്ത മുഖത്തെ പോരാളിയായി വിശേഷിക്കപ്പെടുന്ന മഹമ്മദുള്ള ടീമിനെ പലയാവര്‍ത്തി ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. റഷീദ് ഖാന് വിക്കറ്റ് നല്‍കരുതെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ താരം സമ്മര്‍ദ്ദത്തില്‍ തനിക്ക് കൂടുതല്‍ മികവ് പുലര്‍ത്തുവാന്‍ പറ്റാറുണ്ടെന്നും പറഞ്ഞു. സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നതാണ് ഏറെ പ്രാധാന്യമുള്ള കാര്യമെന്നും താരം അഭിപ്രായപ്പെട്ടു.
റഷീദ് ഖാനു വിക്കറ്റ് നല്‍കാതിരിക്കുമ്പോളും റണ്‍സ് വരണമെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നു. സിംഗിളുകള്‍ എടുത്ത് തുടങ്ങിയ ശേഷം റഷീദ് ഖാനെ രണ്ട് സിക്സറുകള്‍ പറത്തുവാനും മഹമ്മദുള്ളയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷീദ് ഖാനെ നേരിടുന്നതില്‍ ടീമിനു പിഴവ് സംഭവിച്ചുവെങ്കിലും ഇത്തവണ അതുണ്ടാവരുതെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നുവെന്ന് താരം അഭിപ്രായപ്പെട്ടു. ആറാം വിക്കറ്റ് കൂട്ടുകെട്ടിന്റെ വിജയം തന്നെ റഷീദ് ഖാന് വിക്കറ്റ് നല്‍കാതിരുന്നതാണെന്നും മഹമ്മദുള്ള കൂട്ടിചേര്‍ത്തു.