ഇന്ത്യയെ ഏഷ്യ കപ്പ് ഫൈനലില്‍ ആരാവും നേരിടുക എന്നതിനുള്ള ഉത്തരം നാളെയറിയാം. സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശ് പാക്കിസ്ഥാന്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിനു ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയെ നേരിടുവാനുള്ള അവസരം ലഭിക്കും. ബംഗ്ലാദേശാണ് വിജയിക്കുന്നതെങ്കില്‍ നിദാഹസ് ട്രോഫി ഫൈനലിന്റെ ലൈനപ്പും പാക്കിസ്ഥാനാണ് ഫൈനലിലേക്ക് എത്തുന്നതെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ലൈനപ്പുമാവും ഉണ്ടാവുക.
ഇരു ടീമുകളും അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് സെമിയ്ക്ക് തുല്യമായ സൂപ്പര്‍ ഫോര്‍ മത്സരത്തിനെത്തുന്നത്. ഇരും ടീമുകളുടെയും തലവേദന ടോപ് ഓര്‍ഡറുകളുടെ പരാജയം തന്നെയാണ്. അഫ്ഗാനിസ്ഥാനെതിരെ ഇരുവര്‍ക്കും ആധികാരിക വിജയം നേടുവാനായിരുന്നില്ല. സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും ആണ് പാക്കിസ്ഥാന്‍ ബാറ്റിംഗിനെ നയിക്കുന്നതെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ മഹമ്മദുള്ള ഇമ്രുല്‍ കൈസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ രക്ഷിച്ചത്.
പാക്കിസ്ഥാന്റെ ബൗളര്‍മാര്‍ തങ്ങളുടെ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായി മാറിയിട്ടുണ്ട് ഏഷ്യ കപ്പില്‍. ബംഗ്ലാദേശ് നിരയ്ക്കും കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ ആയില്ല. എന്നിരുന്നാലും ഇരു ടീമുകള്‍ക്കും എതിരാളികളെ പരാജയപ്പെടുത്തുവാനുള്ള കഴിവുള്ളതിനാല്‍ തന്നെ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.