ഏഷ്യ കപ്പ് ആതിഥേയത്വം; ജൂലൈ 27നകം തീരുമാനിക്കാൻ ശ്രീലങ്കയോട് ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

Staff Reporter

ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഈ വർഷം നടക്കേണ്ട ഏഷ്യ കപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നതിനൽ ജൂലൈ 27നകം തീരുമാനമെടുക്കണമെന്ന് ശ്രീലങ്കയോട് ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. നേരത്തെ തീരുമാനിച്ച പ്രകാരം ഓഗസ്റ്റ് 27നാണ് ഏഷ്യ കപ്പ് നടക്കേണ്ടത്. എന്നാൽ നിലവിൽ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ടൂർണമെന്റ് അവിടെ നിന്നും മാറ്റാനുള്ള ചർച്ചകൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നടത്തുന്നുണ്ട്.

എന്നാൽ ശ്രീലങ്കയിൽ വെച്ച് തന്നെ ഏഷ്യ കപ്പ് നടത്താനാവുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ. നേരത്തെ 2020ൽ ശ്രീലങ്കക്ക് അനുവദിച്ച ഏഷ്യ കപ്പ് ടൂർണമെന്റ് കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് മാറ്റിവച്ചിരുന്നു. 2018ൽ യു.എ.ഇയിൽ വെച്ചാണ് അവസാനമായി ഏഷ്യ കപ്പ് നടന്നത്.