പവൻ കുമാർ ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും

പഞ്ചാബ് ഗോൾകീപ്പർ പവൻ കുമാർ ഇനി ഈസ്റ്റ് ബംഹഗാളിന്റെ വല കാക്കും. മുൻ ജംഷദ്പൂർ എഫ് സി താരമായ പവൻ കുമാറുമായി ഈസ്റ്റ് ബംഗാൾ കരാറിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ പിന്നീട് വരും. 2024വരെയുള്ള കരാറിൽ ആകും താരം ഈസ്റ്റ് ബംഗാളിൽ എത്തുക.

അവസാന സീസണിൽ ജംഷദ്പൂരിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമേ താരം കളിച്ചിരുന്നുള്ളൂ. മുമ്പ് നോർത്ത് ഈസ്റ്റിൽ രണ്ട് സീസൺ കളിച്ചിട്ടുള്ള താരമാണ് പവൻ കുമാർ. നോർത്ത് ഈസ്റ്റിനു മുമ്പ് രണ്ടു സീസണിൽ ചെന്നൈയിനിലും താരം ഉണ്ടായിരുന്നു. മുമ്പ് ബെംഗളൂരു എഫ് സിയിലും മോഹൻ ബഗാനിലും പവൻ കളിച്ചിട്ടുണ്ട്. രണ്ട് ഐ എസ് എൽ കിരീടവും ഒരു ഐ എസ് എൽ ഷീൽഡും ഒരു ഐ ലീഗ് കിരീടവും ഒരു ഫെഡറേഷൻ കപ്പും പവൻ കരിയറിൽ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.