ലിവർപൂൾ ക്വാഡ്രപിൾ എന്ന അപൂർവ്വ നേട്ടത്തിലേക്ക് അടുക്കുന്നു… ചരിത്രം പിറക്കുമോ?

ഇംഗ്ലീഷ് ക്ലബുകൾക്ക് യൂറോപ്പിലും ഇംഗ്ലണ്ടിലും ഒരേ മികവ് കാണിക്കാൻ കഴിയുന്നത് തന്നെ വളരെ അപൂർവ്വ കാഴ്ചയാണ്. ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും ഒരുമിച്ച് ഒരേ സീസണിൽ നേടാൻ ആയത് ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും മാത്രമാണ്. പ്രീമിയർ ലീഗും, ചാമ്പ്യൻസ് ലീഗും, എഫ് എ കപ്പും എന്ന നേട്ടം ഒരൊറ്റ സീസണിൽ നേടാൻ ആയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രവും. ട്രെബിൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിനും മുകളിൽ ഉള്ള നേട്ടമാണ് ക്വാഡ്രപിൾ. ലീഗ് കപ്പും, എഫ് എ കപ്പും, പ്രീമിയർ ലീഗും, എഫ് എ കപ്പും ഒരുമിച്ച് ഒരു സീസണിൽ നേടുക എന്നത്. അത് ഇംഗ്ലണ്ടിൽ ഒരു ടീമിനും എത്തിപ്പെടാൻ കഴിയാത്ത നേട്ടമാണ്.
20220417 164319
എന്നാൽ ലിവർപൂൾ ഇത്തവണ ആ നാലു കിരീടവും കയ്യകലത്തിൽ വെച്ച് ഇരിക്കുകയാണ്. അവരിതിനകം തന്നെ ലീഗ് കപ്പ് സ്വന്തമാക്കി കഴിഞ്ഞു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിലാണ്. ഫോം വെച്ച് നോക്കിയാൽ സിറ്റിയെക്കാൾ മികവിലാണ് ലിവർപൂൾ കളിക്കുന്നത്. ഒരു പോയിന്റ് സിറ്റി നഷ്ടപ്പെടുത്തിയാൽ അത് മുതലെടുത്ത് ഇരുപതാം ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ ലീഗ് കിരീടം നേടാൻ ലിവർപൂളിനായേക്കും. പ്രീമിയർ ലീഗ് കിരീടം മാത്രമല്ല മറ്റു രണ്ട് കിരീടങ്ങളും ലിവർപൂളിന് അടുത്താണ്.

ഇന്നലെ സിറ്റി സെമി ഫൈനലിൽ തോൽപ്പിച്ചതോടെ എഫ് എ കപ്പിൽ അവർ ഫൈനലിലേക്ക് മുന്നേറി. ചെൽസിയോ ക്രിസ്റ്റൽ പാലസോ ആകും എഫ് എ കപ്പിൽ ലിവർപൂളിനും കിരീടത്തിനും മുന്നിൽ ആയി ഇനിയുള്ളത്. ചാമ്പ്യൻസ് ലീഗിൽ അവർ മരണ ഗ്രൂപ്പിൽ ആയിരുന്നു. എന്നിട്ടും ഒരു സമ്മർദ്ദവും ഇല്ലാതെ ലിവർപൂൾ സെമിയിലേക്ക് എത്തി നിൽക്കുകയാണ്. സെമിയിൽ വിയ്യറയൽ ആണ് ലിവർപൂളിന്റെ എതിരാളികൾ. വിയ്യറയലിനെതിരെ ലിവർപൂൾ തന്നെയാണ് ഫേവറിറ്റ്സ്. അവർ അവിടെ നിന്ന് ഫൈനലിലേക്ക് എത്തുക ആണെങ്കിൽ റയൽ മാഡ്രിഡൊ സിറ്റിയോ ഈ രണ്ടിൽ ആരെയെങ്കിലും കൂടെ പരാജയപ്പെടുത്തണം.

കാര്യങ്ങൾ ഇത്ര എളുപ്പമല്ല എങ്കിലും ഇപ്പോഴുള്ള ഫോമിൽ ലിവർപൂൾ ക്വാഡ്രപിൾ അടിച്ചാലും അവർ അത് അർഹിക്കുന്നില്ല എന്ന് ആർക്കും പറയാൻ ആകില്ല. അത്രക്ക് മികച്ച രീതിയിലാണ് ക്ലോപ്പിന്റെ റെഡ്സ് കളിക്കുന്നത്.