ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് 183 റൺസ്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ നിര്‍ണ്ണായകമായ ഏഷ്യ കപ്പ് മത്സരത്തിൽ 183/7 എന്ന സ്കോര്‍ നേടി ബംഗ്ലാദേശ്. 10.3 ഓവറിൽ 87/4 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിന് തുണയായി അഞ്ചാം വിക്കറ്റിൽ അഫിഫ് – മഹമ്മുദുള്ള കൂട്ടുകെട്ട് 57 റൺസ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സാബിര്‍ റഹ്മാനെ തുടക്കത്തിൽ നഷ്ടമായ ശേഷം മെഹ്ദി ഹസന്‍ മിറാസ്(38), ഷാക്കിബ് അൽ ഹസന്‍(24) എന്നിവരാണ് ബംഗ്ലാദേശിനായി പൊരുതി നോക്കിയത്. ഇരുവരെയും മുഷ്ഫിക്കുര്‍ റഹിമിനെയും ഏതാനും ഓവറുകള്‍ക്കിടയിൽ നഷ്ടമായപ്പോള്‍ ബംഗ്ലാദേശ് 87/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് അഫിഫിന്റെയും മഹമ്മുദുള്ളയുടെയും മിന്നും ബാറ്റിംഗ് പ്രകടനം ആണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 37 പന്തിൽ 57 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്. 22 പന്തിൽ 39 റൺസ് നേടിയ അഫിഫ് ഹൊസൈനെ ദിൽഷന്‍ മധുഷനക ആണ് പുറത്താക്കിയത്. അധികം വൈകാതെ 27 റൺസ് നേടിയ മഹമ്മുദുള്ളയും പുറത്തായി.

എട്ടാം വിക്കറ്റിൽ ടാസ്കിന്‍ അഹമ്മദും( 6 പന്തിൽ 11*) മൊസ്ദേക്ക് ഹൊസൈനും(9 പന്തിൽ 24*) 24 റൺസ് കൂടി ചേര്‍ത്തപ്പോള്‍ മികച്ച സ്കോറിലേക്ക് ബംഗ്ലാദേശ് എത്തി.