താരങ്ങളുടെ പരിക്ക്, ആശിഷ് കൗശിക്കിന്റെ നടപടികളില്‍ ബിസിസിഐയിലെ ഒരു വിഭാഗത്തിനു അതൃപ്തി

നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ഫിസിയോ ആശിഷ് കൗശിക്കിന്റെ പല നടപടികളിലും ബിസിസിഐയിലെ ഒരു വിഭാഗത്തിനു ശക്തമായ അതൃപ്തിയെന്ന് അറിയുവാന്‍ കഴിയുന്നു. മുമ്പ് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയി പ്രവര്‍ത്തിച്ചിട്ടുള്ള കൗശിക്കിനു ഇന്ത്യന്‍ താരങ്ങളുമായി മികച്ച ബന്ധമാണുള്ളത്. ഇതാണ് കൗശിക്കിനെ എന്‍സിഎയിലേക്ക് തിരികെ എത്തിച്ചത്. എന്നാല്‍ ലോധ കമ്മീഷന്‍ നടപടികളെയെല്ലാം കാറ്റില്‍ പറത്തി വിജ്ഞാപനം ഇറക്കാതെയാണ് ബിസിസിഐ കൗശിക്കിന്റെ നിയമനം നടപ്പിലാക്കിയത്. അഭിമുഖം പോലും നടത്താതെ ബിസിസിഐ മുന്‍ നിര ഒഫീഷ്യലുകളുടെ അഭിപ്രായത്തിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കൗശിക്കിന്റെ നിയമനം.

എന്നാല്‍ ഇപ്പോള്‍ കൗശിക്കിന്റെ പ്രവര്‍ത്തികളില്‍ ബിസിസിഐയിലെ ഒരു വിഭാഗത്തില്‍ നിന്ന് എതിര്‍പ്പ് ഉയരുകയാണ്. വൃദ്ധിമന്‍ സാഹയുടെ പരിക്ക് മോശമായതിനെത്തുടര്‍ന്ന് ബിസിസിഐ എന്‍സിഎ വൃത്തങ്ങള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പുതിയ ചില വാദങ്ങള്‍ പുറത്ത് വരുന്നത്.

കൗശിക് ഡയറക്ടര്‍ ആയ YOS ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് എന്നൊരു കമ്പനിയ്ക്ക് താരങ്ങളുടെ വൈദ്യ റിപ്പോര്‍ട്ടുകളെല്ലാം തന്നെ കൗശിക്ക് ഔട്ട്സോഴ്സ് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ ഒരു വിഭാഗം ആരോപിക്കുന്നത്. സാഹയ്ക്ക് അള്‍ട്രസൗണ്ട്-ഗൈഡഡ് കുത്തിവയ്പ് നിര്‍ദ്ദേശിച്ച ഡോക്ടര്‍ ശ്രീകാന്ത് നാരായണസ്വാമിയും ഇതെ കമ്പനിയിലെ കോ-ഡയറക്ടര്‍ ആണ്.

കൗശിക് എന്‍സിഎയില്‍ ചുമതലയേറ്റ ശേഷം എല്ലാ താരങ്ങളെയും ആദ്യ പരിശോധനയ്ക്ക് ഈ ക്ലിനിക്കിലേക്കാണ് അയയ്ക്കുന്നത്. ജയന്ത് യാദവ്, അക്സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ എല്ലാവരും ഈ ക്ലിനിക്കില്‍ ചികിത്സ തേടിയിട്ടുണ്ട്. 2017ല്‍ കൗശിക്ക് ഡയറക്ടറായി തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ കൗശിക്ക് ആ പദവി വഹിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കമ്പനിയില്‍ ഉടമസ്ഥാവകാശമുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial