ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗിന് എത്തിയ ഇംഗ്ലണ്ടിന് രണ്ടാം സെക്ഷനിലെ ആദ്യപന്തിൽ തന്നെ 5 റൺസ് എടുത്ത ക്രിസ് വോക്‌സിനെ കീപ്പറുടെ കയ്യിലെത്തിച്ചു കമ്മീൻസ് തങ്ങളിൽ നിന്നു ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചന നൽകി. അടുത്ത ഓവറിൽ 5 റൺസ് എടുത്ത ജോസ് ബട്ട്ലറെ ക്വാജയുടെ കയ്യിൽ എത്തിച്ച ഹയിസർവുഡ് തന്റെ നാലാമത്തെയും ഇംഗ്ലണ്ടിന്റെ അഞ്ചാമത്തെയും വിക്കറ്റ് വീഴ്ത്തി. പിന്നീട് ക്രീസിൽ എത്തിയ ജോഫ്ര ആർച്ചർക്കെതിരെ ഷോർട്ട് ബോൾ എറിയുന്നതിൽ ഓസ്‌ട്രേലിയൻ ബോളർമാർ ആനന്ദം കണ്ടത്തിയപ്പോൾ കമ്മീൻസിന് വിക്കറ്റ് നൽകി 7 റൺസ് നേടിയ ആർച്ചറും മടങ്ങി.
പിന്നീട് 1 റൺസ് മാത്രം എടുത്ത ലീച്ചിന്റെ കുറ്റി തെറുപ്പിച്ച ഹായിസൽവുഡ് തന്റെ അഞ്ചാം വിക്കറ്റ് സ്വന്തമാക്കി. 4 റൺസ് എടുത്ത ബ്രോഡ് പുറത്തതാകാതെ നിന്നപ്പോൾ വെറും 67 റൺസിന് ഇംഗ്ലണ്ട് പുറത്ത്. 1948 നു ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ സ്കോറിന് ആഷസിൽ ഇംഗ്ലണ്ട് പുറത്താകുന്നത്. ഇതോടെ 112 റൺസിന്റെ നിർണായക ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കി. 12 റൺസ് നേടിയ ഡെൻലി മാത്രമാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരിൽ രണ്ടക്കം കടന്ന ഏകതാരം. 30 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ ഹയിസൽവുഡിന് 23 നു 3 വിക്കറ്റ് വീഴ്ത്തിയ കമ്മിൻസും 9 നു 2 വിക്കറ്റ് വീഴ്ത്തിയ പാറ്റിൻസനും മികച്ച പിന്തുണയാണ് നൽകിയത്. ടെസ്റ്റിൽ ഇനിയും 3 ദിവസം അവശേഷിക്കുമ്പോൾ തോൽവി ഒഴിവാക്കുക എന്നത് ഇംഗ്ലണ്ടിന് വലിയ ബുദ്ധിമുട്ടുള്ള കാര്യമാവും എന്നുറപ്പാണ്.