അമിതാഭ് ചൗധരിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഐസിസി, എസിസി മീറ്റിംഗുകള്‍ക്ക് പങ്കെടുക്കാതിരുന്ന ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയ്ക്ക് കാരണം നോട്ടീസ് നല്‍കി സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. ഈ വര്‍ഷം ആദ്യം നടന്ന മീറ്റിംഗുകളില്‍ അമിതാഭ് പങ്കെടുത്തിരുന്നില്ലെന്ന് മാത്രമല്ല താന്‍ പങ്കെടുക്കുകയില്ലെന്ന കാര്യം ബിസിസിഐയെ വേണ്ട സമയത്ത് അമിതാഭ് അറിയിച്ചിരുന്നില്ല. ഈ മീറ്റിംഗുകളില്‍ ബിസിസിഐയുടെ പ്രതിനിധിയായി ആരും പങ്കെടുക്കാനില്ലാത്ത സാഹചര്യം ഉണ്ടാക്കിയതിലുള്ള വിശദീകരണമാണ് സിഒഎ ചോദിച്ചിരിക്കുന്നത്.

ജൂലൈ 14 മുതല്‍ 20 വരെയായിരുന്നു മേല്‍പ്പറഞ്ഞ ഐസിസിയുടെ മീറ്റിംഗ്. ജൂലൈ 14ന് മീറ്റിംഗില്‍ പങ്കെടുക്കാനാവില്ലെന്ന് ജൂലൈ 12ന് മെയില്‍ വഴിയാണ് അമിതാഭ് അറിയിച്ചത്. ഈ അറിയിപ്പ് പകരം സംവിധാനം ഉണ്ടാക്കുവാനുള്ള അവസരം ബിസിസിഐയ്ക്ക് നിഷേധിക്കപ്പെടുകയായിരുന്നുവെന്നു സിഒഎ പറഞ്ഞു. സെപ്റ്റംബര്‍ 3ന് ബാങ്കോക്കില്‍ നടന്ന എസിസി മീറ്റിംഗിലും സമാനമായ അവസ്ഥയാണുണ്ടായതെന്നും രണ്ട് മീറ്റിംഗുകളിലും ബിസിസിഐയെ പ്രതിനിധീകരിച്ച് ആരും തന്നെയുണ്ടായിരുന്നില്ലെന്നും അത് പൊറുക്കാനാകാത്ത തെറ്റാണെന്നും സിഒഎ വ്യക്തമാക്കി.

കാരണം കാണിക്കല്‍ നോട്ടീസിന് ഏഴ് ദിവസത്തിനുള്ളില്‍ അമിതാഭ് ചൗധരി മറുപടി നല്‍കണം.