അല്‍സാരി ജോസഫ് കൗണ്ടി കളിക്കുവാന്‍ വോര്‍സ്റ്റര്‍ഷയറുമായി കരാറിലെത്തി

വെസ്റ്റിന്‍ഡീസ് താരം അല്‍സാരി ജോസഫിനെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍. 2021 കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സീസണിലെ ആദ്യ 7 മത്സരങ്ങളില്‍ താരം ടീമിനൊപ്പം ചേരും. നിലവില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള വിന്‍ഡീസ് ടെസ്റ്റ് ടീമിന്റെ ഭാഗമാണ് അല്‍സാരി ജോസഫ്. ഏപ്രില്‍ 2ന് പരമ്പര അവസാനിച്ച ശേഷം ഏപ്രില്‍ 4ന് താരം ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. ഏപ്രില്‍ 8ന് എസ്സെക്സിനെതിരെയാണ് വോര്‍സ്റ്റര്‍ഷയറിന്റെ ആദ്യ മത്സരം.

2016ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജോസഫ്, അതേ വര്‍ഷം വിന്‍ഡീസിന്റെ അണ്ടര്‍ 19 ലോകകപ്പ് വിജയികളായ ടീമില്‍ അംഗമായിരുന്ന. 88 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 88 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. തനിക്ക് ഈ അവസരം നല്‍കിയ വോര്‍സ്റ്റര്‍ഷയറിനും കൗണ്ടി പരിചയത്തിന് അനുമതി തന്ന ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിനും താന്‍ നന്ദി അറിയിക്കുകയാണെന്നും അല്‍സാരി ജോസഫ് വ്യക്തമാക്കി.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മൂന്ന് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരത്തിന്റെ പേരിലാണ് ഐപിഎലിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. അന്ന് 12 റണ്‍സിന് ആറ് വിക്കറ്റാണ് മുംബൈയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ താരം നേടിയത്.