ഐപിഎലിനല്ല ലോകകപ്പിനായിരിക്കണം മുന്‍ഗണന – അലന്‍ ബോര്‍ഡര്‍

- Advertisement -

ടി20 ലോകകപ്പ് മാറ്റി വെച്ച് ആ സമയത്ത് ഐപിഎല്‍ നടത്തുക എന്ന ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുകയാണ്. എന്നാല്‍ ബിസിസിഐ തന്നെ ഇത്തരത്തില്‍ ഒരു സമ്മര്‍ദ്ദവും നടത്തുവാന്‍ തങ്ങളില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. എന്നിരുന്നാലും എന്തെങ്കിലും കാരണവശാല്‍ ലോകകപ്പ് നടക്കുന്നില്ലെങ്കില്‍ ആ സമയത്ത് ഐപിഎല്‍ നടത്തുക എന്ന സാധ്യത ബിസിസിഐ തള്ളിക്കളഞ്ഞിട്ടുമില്ലെന്നാണ് മനസ്സിലാകുന്നത്.

ഇപ്പോള്‍ ഓസ്ട്രേലിയന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍ പറയുന്നത് ഐപിഎലിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ലോകകപ്പിന് തന്നെയാണെന്നാണ്. ടി20 ലോകകപ്പ് നടത്തുവാനുള്ള സാഹചര്യമില്ലെങ്കില്‍ ഐപിഎലും നടത്തുവാനുള്ള സാഹചര്യമില്ലെന്നാണ് മനസ്സിലാക്കേണ്ടത് എന്ന് അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

അത്തരത്തിലൊരു തീരുമാനമുണ്ടായാല്‍ അത് പണത്തിന് മേലുള്ള ആസക്തിയാണെന്ന് താന്‍ പറയുമെന്നും ഇത്തരം തീരുമാനത്തെ താന്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി.

Advertisement