പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് പാകിസ്ഥാൻ ഓപ്പണർ അഹമ്മദ് ഷെഹ്‌സാദിന് പിഴ. കഴിഞ്ഞ ദിവസം നടന്ന ക്വയ്യിദ് അസം ട്രോഫിക്കിടെയാണ് സംഭവം. സെൻട്രൽ പഞ്ചാബും സിന്ധും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്. തുടർന്നാണ് സെൻട്രൽ പഞ്ചാബ് ക്യാപ്റ്റൻ അഹമ്മദ് ഷെഹ്‌സാദിന് മാച്ച് ഫീയുടെ 50% പിഴ ഈടാക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
സിന്ധ് ടീം ബാറ്റ് ചെയ്ത ഒന്നാം ഇന്നിങ്സിൽ 17ആം ഓവറിൽ പന്ത് പരിശോധിക്കുന്നതിനിടെയാണ് പന്തിൽ വന്ന മാറ്റം അമ്പയർമാരുടെ ശ്രദ്ധയിൽ പെട്ടത്. അമ്പയർമാരായ മുഹമ്മദ് ആസിഫും സമീർ ഹൈദറും മാച്ച് റഫറി നദീം അർഷാദിന്റെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ക്യാപ്റ്റൻ അഹമ്മദ് ഷെഹ്‌സാദ് നേരിട്ട് സംഭവത്തിൽ ഉൾപ്പെട്ടതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല.