രണ്ടാം ജയം സ്വന്തമാക്കി ബാല്‍ക്ക് ലെജന്‍ഡ്സ്, താരമായത് ഗുല്‍ബാദിന്‍ നൈബ്

ഗുല്‍ബാദിന്‍ നൈബിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ കാണ്ഡഹാര്‍ നൈറ്റ്സിനെതിരെ വിജയം സ്വന്തമാക്കി ബാല്‍ക്ക് ലെജന്‍ഡ്സ്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ 152 റണ്‍സ് മാത്രമേ കാണ്ഡഹാറിനു നേടാനായുള്ളു. 13 റണ്‍സിന്റെ ജയമാണ് ബാല്‍ക്ക് സ്വന്തമാക്കിയത്.

കോളിന്‍ മണ്‍റോ(46), രവി ബൊപ്പാര(34) എന്നിവരുടെ മികവിലാണ് 165/5 എന്ന സ്കോര്‍ ലെജന്‍ഡ്സ് നേടിയത്. അസ്ഗര്‍ അഫ്ഗാന്‍(45), ബ്രണ്ടന്‍ മക്കല്ലം(31) എന്നിവരും വാലറ്റത്തില്‍ അമീര്‍ ഹംസയും(18*) സയ്യദ് ഷിര്‍സാദും(16*) അതിവേഗ സ്കോറിംഗ് നടത്തിയെങ്കിലും 152/7 എന്ന നിലയില്‍ കാണ്ഡഹാറിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

നാല് വിക്കറ്റ് നേടിയ ഗുല്‍ബാദിന്‍ നൈബ് തന്റെ നാലോവറില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.