ലീഡ് നാനൂറിലേക്ക് അടുക്കുന്നു, ശതകം നേടുവാനുള്ള അവസരം കളഞ്ഞ് ഇബ്രാഹിം സദ്രാന്‍

ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റില്‍ കരുത്തുറ്റ നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 237/8 എന്ന നിലയിലുള്ള ടീം നിലവില്‍ 374 റണ്‍സിന്റെ ലീഡാണ് കൈവശമാക്കിയിരിക്കുന്നത്. 28/3 എന്ന നിലയില്‍ നിന്ന് ടീമിനെ മുന്നോട്ട് നയിച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടായ അസ്ഗര്‍ അഫ്ഗാന്‍-ഇബ്രാഹിം സദ്രാന്‍ കൂട്ടുകെട്ട് നേടിയ 108 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന് അടിത്തറയായത്.

50 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാനെ തൈജുല്‍ ഇസ്ലാം പുറത്താക്കിയപ്പോള്‍ 87 റണ്‍സ് നേടയ ഇബ്രാഹിം സദ്രാന്‍ റഹ്മത് ഷായ്ക്ക് ശേഷം ശതകം നേടുന്ന അഫ്ഗാന്‍ താരമെന്ന സ്വപ്നത്തിന് 13 റണ്‍സ് അകലെ മടങ്ങി. നയീമിനായിരുന്നു വിക്കറ്റ്. മുഹമ്മദ് നബി 8 റണ്‍സിന് വേഗത്തില്‍ പുറത്തായ ശേഷം ഏഴാം വിക്കറ്റില്‍ 30 റണ്‍സ് നേടിയ റഷീദ് ഖാന്‍-അഫ്സര്‍ സാസായി കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനെ 200 കടത്തി.

24 റണ്‍സ് നേടിയ റഷീദ് ഖാനെ തൈജുല്‍ ഇസ്ലാം ആണ് പുറത്താക്കിയത്. 34 റണ്‍സുമായി അഫ്സര്‍ സാസായിയും റണ്ണൊന്നുമെടുക്കാതെ യമീന്‍ അഹമ്മദ്സായിയുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ മൂന്നും തൈജുല്‍ ഇസ്ലാം രണ്ടും വിക്കറ്റ് നേടിയിട്ടുണ്ട്.