അഫ്ഗാനിസ്ഥാനെ ടി20 വിജയത്തിലേക്ക് നയിച്ച് മുഹമ്മദ് നബി

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി ഏഷ്യന്‍ ശക്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ഷാര്‍ജ്ജ ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റഷീദ് ഖാനും മറ്റു അഫ്ഗാന്‍ ബൗളര്‍മാരും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ സിംബാബ്‍വേയ്ക്ക് 20 ഓവറില്‍ 120 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റ് നഷ്ടമായ ടീമിനു വേണ്ടി സോളമന്‍ മിര്‍(34), മാല്‍ക്കം വാളര്‍(27*) എന്നിവരാണ് തിളങ്ങിയത്. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ മൂന്നും ഷറഫുദ്ദീന്‍ അഷ്റഫ് രണ്ടും വിക്കറ്റ് നേടി.

ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് തന്റെ സ്വതസിദ്ധമായ രീതിയില്‍ തന്നെയാണ് അഹമ്മദ് ഷെഹ്സാദ് നടത്തിയത്. 11 പന്തില്‍ 20 റണ്‍സ് നേടി താരം അതിവേഗം പുറത്തായ ശേഷം മറ്റു താരങ്ങളുമായി ചേര്‍ന്ന് മുഹമ്മദ് നബി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 14.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുമ്പോള്‍ നബിയും(40*) കൂട്ടായി ഷഫീക്കുള്ള ഷഫീക്കും(14*) ക്രീസില്‍ നില്‍ക്കുകയായിരുന്നു.

സിംബാബ്‍വേയ്ക്കായി ബ്ലെസ്സിംഗ് മുസര്‍ബാനി രണ്ടും കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, റയാന്‍ ബര്‍ല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടി20യിലും മാത്യൂസ് ഇല്ല
Next articleപീറ്റര്‍ സിഡില്‍ എസെക്സില്‍