6 മാസം 8 ക്യാപ്റ്റന്മാർ!! ഇത് എന്താണ് ഇന്ത്യൻ ക്രിക്കറ്റ്?

Newsroom

Rohitkohli

വെസ്റ്റിൻഡീസ് പരമ്പരക്ക് ആയുള്ള ഇന്ത്യൻ ടീം ഇന്ന് പ്രഖ്യാപിച്ചു. നയിക്കുന്നത് ശിഖർ ധവാൻ. രോഹിത് ശർമ്മ, ബുമ്ര, വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവർക്ക് എല്ലാം വിശ്രമവും. വിശ്രമം ചിലർക്ക് കൂടുതൽ കിട്ടുകയല്ലേ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട് എങ്കിലും വിഷയം അതല്ല. ശിഖർ ധവാൻ കൂടെ ക്യാപ്റ്റൻ ആകുന്നതോടെ ഈ 2022ൽ ആറ് മാസത്തിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി പദം അലങ്കരിച്ചവരുടെ എണ്ണം എട്ട് ആകും. വേറെ ഒരു ക്രിക്കറ്റ് ബോർഡിനും ഇല്ലാത്ത നേട്ടമാകും ഇത്. ടീം സെലക്ഷനുകളിൽ ഒരു സ്ഥിരതയുമില്ല എന്ന വിമർശനത്തിനൊപ്പം ഇതും അവർക്ക് എടുത്തു വെക്കാം.

ഈ വർഷം ആരംഭിച്ചത് വിരാട് കോഹ്ലി ഇന്ത്യയെ ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പര നയിക്കുന്നത് കണ്ടായിരുന്നു. കെ എൽ രാഹുൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയി.
Pantbavuma
ശ്രീലങ്കയ്ക്ക് എതിരെയും വെസ്റ്റിൻഡീസിനെതിരെയും വന്ന പരമ്പരകളിൽ രോഹിത് ആയി ഇന്ത്യയുടെ ക്യാപ്റ്റൻ. ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 പരമ്പരയിൽ റിഷഭ് പന്തായി ക്യാപ്റ്റൻ. അയർലണ്ടിലേക്ക് ഇന്ത്യ പോയപ്പോൾ ഹാർദിക് പാണ്ഡ്യ ആയി ക്യാപ്റ്റൻ. അവസാനം ബുമ്ര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ക്യാപ്റ്റൻ ആയി. ഇതു കൂടാതെ നടന്ന 2 ടി20 വാം അപ്പ് മത്സരങ്ങളിൽ ദിനേഷ് കാർത്തിക് ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ഇനി ധവാൻ കൂടെ ക്യാപ്റ്റൻ ആകുന്നതോടെ ആറ് മാസം എട്ട് ക്യാപ്റ്റൻ.

ഇനിയും മാസം ആറ് ബാക്കിയുണ്ട്. ഇനിയും പുതിയ ക്യാപ്റ്റന്മാരെ കാണാൻ ആകുമോ ഇന്ത്യൻ ക്രിക്കറ്റിന്റെ വിധി എന്ന് കണ്ടറിയാം.