ടീമിനു ഇനിയും സാധ്യതയുണ്ട്, മൂന്ന് മോശം ഷോട്ടുകള്‍ തിരിച്ചടിയായി

ജോഹാന്നസ്ബര്‍ഗില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് വീണ്ടും പരാജയപ്പെട്ടുവെങ്കിലും ബൗളര്‍മാരുടെ കരുത്തില്‍ മത്സരത്തില്‍ തിരിച്ചെത്തിയ പാക്കിസ്ഥാനു ഇനിയും വിജയ സാധ്യതയുണ്ടെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. 212 റണ്‍സിന്റെ ലീഡ് കൈവശമുള്ള ദക്ഷിണാഫ്രിക്കയുടെ കൈയ്യില്‍ 5 വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ അവശേഷിക്കുന്നത്. 135/5 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയെ മൂന്നാം ദിവസം കുറഞ്ഞ സ്കോറിനു പുറത്താക്കി വിജയ പ്രതീക്ഷ പുലര്‍ത്താമെന്നാണ് പാക്കിസ്ഥാന്‍ നായകന്‍ കരുതുന്നത്. എന്നാല്‍ പരമ്പരയില്‍ ഉടനീളം ബൗളര്‍മാര്‍ ടീമിനെ താങ്ങി നിര്‍ത്തുമ്പോളും പാക് ബാറ്റിംഗ് ടീമിനെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്.

ജോഹാന്നസ്ബര്‍ഗിലും പാക്കിസ്ഥാന്‍ 200 കടക്കാനാകാതെ ഓള്‍ഔട്ട് ആകുകയായിരുന്നു. പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ ഒന്നില്‍ മാത്രമാണ് പാക്കിസ്ഥാനു 200 കടക്കാനായിട്ടുള്ളത്. 38 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ സര്‍ഫ്രാസ് രണ്ട് പന്തുകള്‍ക്ക് ശേഷം പുറത്തായതും ബാബര്‍ അസം പുറത്തായതും ടീമിനു തിരിച്ചടിയായി മാറുകയായിരുന്നു.

ഒന്നാം ഇന്നിംഗ്സില്‍ 262 റണ്‍സ് നേടാമായിരുന്നുവെന്നും തനിക്ക് 50 റണ്‍സിലധികം നേടാനാകാതെ പോയതും ടീമിനു തിരിച്ചടിയായെന്ന് സര്‍ഫ്രാസ് പറഞ്ഞു. താനും ബാബറും ഉള്‍പ്പെടെയുള്ളവര്‍ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ഫഹീം അഷ്റഫും സമാനമായ ഷോട്ടിലൂടെയാണ് പുറത്തായത്. ഈ തെറ്റുകള്‍ അവര്‍ത്തിക്കാതിരുന്നിരുന്നേല്‍ ടീം ഇതിലും മികച്ച സ്ഥിതിയിലാകുമായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു.