ആദ്യ ദിവസം തന്നെ ഓള്‍ഔട്ടായി അയര്‍ലണ്ട്, മുഖം രക്ഷിച്ചത് പത്താം വിക്കറ്റ് കൂട്ടുകെട്ട്

ഉത്തരാഖണ്ഡിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച അഫ്ഗാനിസ്ഥാന്‍ അയര്‍ലണ്ട് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസത്തില്‍ തന്നെ ഓള്‍ഔട്ട് ആയി അയര്‍ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 60 ഓവറിനുള്ളില്‍ 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

85/9 എന്ന നിലയിലേക്ക് വീണ ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് പത്താം വിക്കറ്റ് കൂട്ടുകെട്ടാണ്. ജോര്‍ജ്ജ് ഡോക്രെല്ലും ടിം മുര്‍ട്ഗയും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 87 റണ്‍സ് നേടിയാണ് 172 എന്ന സ്കോറിലേക്ക് ടീമിനെ നയിച്ചത്. അഫ്ഗാനിസ്ഥാനു വേണ്ടി യമീന്‍ അഹമ്മദ്സായി, മുഹമ്മദ് നബി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ റഷീദ് ഖാന്‍, വഖാര്‍ സലാംഖൈല്‍  എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഡോക്രെല്‍ 39 റണ്‍സ് നേടി പുറത്തായപ്പോള്‍ ടിം മുര്‍ട്ഗ 54 റണ്‍സുമായി അപരാജിതനായി നിന്നു.