ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ആർ.സി.ബിക്ക് നന്ദി അറിയിച്ച് ദിനേശ് കാർത്തിക്

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതിന് പിന്നാലെ ഐ.പി.എല്ലിൽ തന്നെ ടീമിൽ എടുത്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നന്ദി അറിയിച്ച് വെറ്ററൻ താരം ദിനേശ് കാർത്തിക്. ഇന്ത്യൻ ടീമിൽ വീണ്ടും ഇടം ലഭിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും തന്നെ പലരും എഴുതി തള്ളിയതാണെന്നും അത്കൊണ്ട് തന്നെ ഇന്ത്യൻ ടീമിലേക്കുള്ള ഈ തിരിച്ചുവരവ് വളരെ പ്രേത്യേകത നിറഞ്ഞതാണെന്നും ദിനേശ് കാർത്തിക് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ദിനേശ് കാർത്തിക്കിന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. ബാംഗ്ലൂരിന് വേണ്ടി ഐ.പി.എല്ലിൽ ലോവർ ഓർഡറിൽ ഇറങ്ങി കാർത്തിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 191 സ്ട്രൈക്ക് റേറ്റാടെ 287 റൺസ് ദിനേശ് കാർത്തിക് നേടിയിരുന്നു.