കിവികളെ വീഴ്ത്തി ഇന്ത്യ തുടങ്ങി

ന്യൂസിലൻഡ് പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. നേപ്പിയറിൽ നടന്ന ആദ്യ ഏകദിനത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യൻ ടീം വിജയം കണ്ടത്. ന്യൂസിലാൻഡ് ഉയർത്തിയ 156 എന്ന വിജയ ലക്‌ഷ്യം വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ 34.5 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ന്യൂസിലാൻഡ് 157 റൺസ് നേടിയിരുന്നു എങ്കിലും ഡെക് വർത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 156 ആക്കി ചുരുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ (75) അർദ്ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ വെറും 157 റൺസിന്‌ ചുരുട്ടി കെട്ടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും മുഹമ്മദ് ഷാമി മൂന്നും ചാഹൽ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. 64 റൺസ് നേടിയ ക്യാപ്റ്റൻ വില്യംസൺ ആണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്‌കോറർ.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 41 റൺസ് സ്‌കോറിൽ എത്തിയപ്പോൾ 11 റൺസ് നേടിയ രോഹിത് പുറത്തായി എങ്കിലും ക്യാപ്റ്റൻ കോഹ്ലിയെ കൂട്ടുപിടിച്ചു ധവാൻ സ്‌കോർ ഉയർത്തി. ഇതിനിടയിൽ അർദ്ധ സെഞ്ച്വറിയും ഏകദിനത്തിൽ 5000 റൺസും ധവാൻ പിന്നിട്ടു. 45 റൺസ് എടുത്ത കോഹ്ലിയെ 132ൽ വെച്ച് നഷ്ടപ്പെട്ടെങ്കിലും അമ്പാട്ടി റായിഡുവിനെ കൂട്ടുപിടിച്ചു ധവാൻ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 നു മുന്നിൽ എത്തി.

ന്യൂസിലാൻഡ് പര്യടനം ഫോക്കസ് തിരിച്ചു പിടിക്കാനുള്ള മികച്ച അവസരമെന്ന് മിതാലി

ഇന്ത്യൻ വനിതാ ടീമിന്റെ ന്യൂസിലാൻഡ് പര്യടനം വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. ആറു വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ടീം ന്യൂസിലാൻഡിൽ പര്യടനം നടത്തുന്നത് എന്നതിന് പുറമെ പുതിയ കോച് രാമന്റെ കീഴിലുള്ള ആദ്യത്തെ പരമ്പരയും കൂടെയാണ്. മാത്രമല്ല മുൻ കോച് രമേശ് പാവറിന്റെ സമയത്തിന് ശേഷം മിതാലി രാജും ഹർമൻപ്രീതും ഇന്ത്യൻ ഡ്രസിങ് റൂമിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

“കഴിഞ്ഞതെല്ലാം കഴിഞ്ഞു, നമ്മൾ അതൊക്കെ മറന്നു മുന്നോട്ട് പോവണം. എല്ലാം തരണം ചെയ്തു മുന്നോട്ട് പോവാൻ ആണ് ക്രിക്കറ്റ എന്നെ പഠിപ്പിച്ചിട്ടുള്ളത്”. മിതാലി പറഞ്ഞു. “ന്യൂസിലാൻഡ് പര്യടനം ഞങ്ങൾക്ക് ഒരു മികച്ച അവസരമാണ്, ടീമിന്റെ ഫോക്കസ് തിരിച്ചു പിടിക്കേണ്ടത് വളരെ അത്യാവശ്യമാണ്” മിതാലി കൂട്ടിച്ചേർത്തു.

മിതാലി രാജിനും ജൂലാൻ ഗോസ്വാമിയും മാത്രമാണ് മുൻപ് ന്യൂസിലാൻഡിൽ പര്യടനം നടത്തിയിട്ടുള്ളത്. എന്നാലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നും മിതാലി പ്രത്യാശ പ്രകടിപ്പിച്ചു.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് സ്വർണം ലഭിക്കുമെന്ന് ഗോപിചന്ദ്

2020ൽ ടോക്കിയോവിൽ നടക്കുന്ന സമ്മർ ഒളിമ്പിക്സിൽ ഇന്ത്യക്ക് സ്വർണ്ണം നേടാൻ കഴിയുമെന്ന് ദേശീയ ടീമിന്‍റെ ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ്. ഇന്ത്യന്‍ കളിക്കാരുടെ പ്രകടനം വര്‍ഷാ വര്ഷം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്, 2020ല്‍ ഇന്ത്യക്ക് ബാഡ്മിന്റണിൽ ആദ്യത്തെ സ്വർണം നേടാൻ കഴിയും എന്നാണ് ഗോപിചന്ദ് അഭിപ്രായപ്പെടുന്നത്.

“ഓരോ വർഷവും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മുൻപത്തേതിനെക്കാളും മികച്ചതായിവരുന്നുണ്ട്, 2008 ഒളിമ്പിക്സിൽ നമുക്ക് ക്വർട്ടർ വരെ മുന്നേറാൻ കഴിഞ്ഞതായിരുന്നു അതുവരെയുള്ള മികച്ച പ്രകടനം. എന്നാൽ 2012ൽ നമുക് ആദ്യത്തെ ബ്രോൺസ് മെഡൽ ലഭിച്ചു. 2016 ആയപ്പോഴേക്കും അത് വെള്ളി മെഡൽ ആയി, 2020ൽ സ്വർണം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ” – ഗോപിചന്ദ് പറഞ്ഞു.

ബാഡ്മിന്റണിൽ ആദ്യം പുരുഷ താരങ്ങളെ മാത്രമേ നമ്മൾക്ക് അറിയുമായിരുന്നുള്ളു, പക്ഷെ സൈന നെഹ്‌വാൾ വന്നതോടെ കാര്യങ്ങൾ മാറിയെന്നും ഗോപിചന്ദ് പറയുന്നു.

പാണ്ഡ്യയെയും രാഹുലിനെയും കൂടുതല്‍ വിമര്‍ശിക്കേണ്ടതില്ലെന്നു ദ്രാവിഡ്‌

കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഹർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നീ താരങ്ങൾ ഇപ്പോഴും ബിസിസിഐയുടെ വിധിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായ ഇരുവരും ന്യൂസിലന്ഡിനെതിരായ പരമ്പരയിലും പുറത്തിരിക്കുകയാണ്. അതെ സമയം ഈ വിവാദത്തിൽ ഇവരെ രണ്ടു പേരെയും അതിക്രമിച്ചു പ്രതികരിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും യൂത് ടീമിന്റെ കോച്ചുമായ രാഹുൽ ദ്രാവിഡ്.

ഇരുവരുടെയും പരാമർശങ്ങൾ ഇത്രത്തോളം വിമർശിക്കപ്പെടേണ്ടേ കാര്യമല്ലെന്നും ഇതൊന്നും ആദ്യമായി സംഭവിച്ചതല്ല എന്നുമാണ് രാഹുൽ ദ്രാവിഡ് പറയുന്നത്. “കഴിഞ്ഞ കാലങ്ങളിൽ കളിക്കാർ തെറ്റ് ചെയ്തില്ല എന്ന് പറയുന്നില്ല, യുവതാരങ്ങളെ ഭാവിയിൽ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് നമ്മൾ ബോധവാന്മാരാക്കണം, ഇപ്പോൾ നമ്മൾ ഇതിനെ കുറിച്ച് കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കേണ്ടതില്ല” രാഹുൽ ദ്രാവിഡ് മനസ് തുറന്നു.

റിഷാബ് പന്ത് ഐസിയുടെ എമേർജിങ് പ്ലേയർ

ഇന്ത്യയുടെ 21കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് ഐസിസിയുടെ ഈ വർഷത്തെ എമേർജിങ് പ്ലേയർ അവാർഡിന് അർഹനായി. കഴിഞ്ഞ വര്ഷം ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം കുറിച്ച പന്ത് സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ വെച്ചും സിഡ്‌നിയിൽ വെച്ച് ഓസ്ട്രേലിയയ്ക്കെതിരെയും ടെസ്റ്റ് സെഞ്ച്വറികൾ നേടി വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇംഗ്ലണ്ടിൽ വെച്ച് സെഞ്ച്വറി നേടിയതോടെ ഇംഗ്ലണ്ടിൽ വെച്ച് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറിയിരുന്നു പന്ത്. ഓസ്‌ട്രേലിയക്കെതിരെ നേടിയ 159 റൺസ് വിദേശ രാജ്യങ്ങളിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോറും ആയിരുന്നു. ധോണിയുടെ 148 റൺസ് ആയിരുന്നു ഇതിനു മുൻപുള്ള ഉയർന്ന സ്‌കോർ.

ബാറ്റ് കൊണ്ട് മാത്രമല്ല, വിക്കറ്റിന് പിറകിലും മികച്ച പ്രകടനമായിരുന്നു പന്ത് കാഴ്ചവെച്ചത്. അഡ്ലൈഡിൽ വെച്ച് 11 പേരെ ക്യാച്ചിലൂടെ പുറത്താക്കിയ പന്ത് ഏറ്റവും കൂടുതൽ പേരെ ക്യാച് ചെയ്തു പുറത്താക്കുന്ന റെക്കോർഡിനും ഒപ്പമെത്തി.

ഇന്ത്യൻ ടീം നേപിയറിൽ

ന്യൂസിലന്ഡിനെതിരായ പരമ്പരയിലെ ആദ്യ ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യൻ ടീം നേപിയറിൽ എത്തി. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. മൂന്ന് ആഴ്ചകളോളം ന്യൂസിലൻഡിൽ ചിലവിടുന്ന ഇന്ത്യൻ ടീം അഞ്ച് ഏകദിനവും മൂന്ന് ട്വന്റി -20 മത്സരങ്ങളും കളിക്കും.

അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം നാളെ രാവിലെ 07.30നു ആണ് ആരംഭിക്കുക. ജനുവരി 26നും 28നും ആണ് അടുത്ത ഏകദിനങ്ങൾ നടക്കുക. ഫെബ്രുവരി 6നു ആദ്യ ട്വൻറി ട്വൻറി മത്സരം നടക്കും.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ പുതുമുഖത്തെ ഉൾപ്പെടുത്തി ഓസ്‌ട്രേലിയ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് പുതുമുഖ ബാറ്റ്സ്മാൻ കുർടിസ് പാറ്റേഴ്സണെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇലവന് വേണ്ടി നേടിയ രണ്ട് സെഞ്ചുറികൾ ആണ് കുർടിസിനു ടീമിൽ ഇടം നേടി കൊടുത്തത്.

കഴിഞ്ഞ ആഴ്ച ഹോബാർട്ടിൽ നടന്ന ഡേ നൈറ്റ് മത്സരത്തിൽ പാറ്റേഴ്സൺ 157 ഉം 102 ഉം റൺസ് എടുത്തിരുന്നു. ഇതാണ് പാറ്റേഴ്‌സണ്‌ ബ്രിസ്ബെയ്നിൽ നടക്കുന്ന ആദ്യ ടെസ്റ്റിലേക്ക് സ്ഥാനം നേടിക്കൊടുത്തത്. “കുറച്ചു കാലമായി പാറ്റേഴ്‌സണെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, മികച്ച പ്രകടനം നടത്തുന്ന പാറ്റേഴ്‌സണ് അർഹിക്കുന്ന സെലക്ഷനാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്” – മുഖ്യ സെലക്ടർ ട്രെവോർ ഹോൻസ് പറഞ്ഞു.

ധോണി തന്നെ ഏറ്റവും മികച്ച ഫിനിഷർ – ഇയാൻ ചാപ്പൽ

ഓസീസിനെതിരെ ഏകദിന പരമ്പരയിൽ മാൻ ഓഫ് ദി സീരിസടക്കം സ്വന്തമാക്കി തകർപ്പൻ ഫോമിലാണ് ധോണി ഇപ്പോൾ. ഇന്ത്യ ജയിച്ച രണ്ടു മത്സരങ്ങളിലും ക്രീസിൽ ഉണ്ടായിരുന്ന ധോണിയെ പുകഴ്ത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം മുൻ ഓസീസ് താരം മൈക്കിൾ ക്ലർക് ആയിരുന്നെങ്കിൽ ഇന്ന് ധോണിയെ പുകഴ്ത്തി പുറത്തു വന്നിരിക്കുന്നത് മുൻ ഓസീസ് താരമായിരുന്ന ഇയാൻ ചാപ്പലാണ്.

ധോണി തന്നെയാണ് നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ എന്നാണു ചാപ്പൽ പറയുന്നത്. ” മത്സരം വിജയിപ്പിക്കുന്നതിൽ ധോണിയുടെ കഴിവ് അപാരമാണ്. അതിനു പകരം വെക്കാൻ ലോകത്ത് ഒന്നുമില്ല” ചാപ്പൽ പറയുന്നു.

“ഇപ്പോഴും സമ്മർദ്ദത്തിന് അടിപ്പെടാതെ ധോണി കളിക്കുന്നു. പണ്ട് ഓസീസിന് വേണ്ടി ബെവൻ ഫോറുകൾ നേടി മത്സരങ്ങൾ വിജയിപ്പിച്ചിരുന്നു എങ്കിൽ ധോണി ഇന്ന് സിക്സുകൾ നേടിയാണ് മത്സരം വിജയിപ്പിക്കുന്നത്. റണ്ണുകൾ ഓടി എടുക്കുന്നതിൽ ഈ 37ആം വയസിലും ധോണി മികവ് കാണിക്കുന്നുണ്ട്” – ചാപ്പൽ കൂട്ടിച്ചേർത്തു.

ശ്രീശാന്തിനെ മുഖത്തടിച്ചതിനെ കുറിച്ച് ഹർഭജൻ പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായിരുന്നു ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും ശ്രീശാന്തും ഉൾപ്പെട്ട വിവാദം. പതിനൊന്ന് വര്ഷം മുൻപ് നടന്ന മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം മുംബൈ താരമായിരുന്ന ഹർഭജൻ സിങ് പഞ്ചാബ് താരം ശ്രീശാന്തിനെ മുഖത്തടിക്കുകയായിരുന്നു. ചുവന്ന കണ്ണുകളുമായി കരയുന്ന ശ്രീശാന്തിന്റെ മുഖം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഉണ്ട്.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഈ വിവാദത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഹർഭജൻ സിങ്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം താൻ ചെയ്തതിനു കുറ്റബോധം ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഹർഭജൻ സിങ്. “ശ്രീശാന്തുമായി സംഭവിച്ചത് സംഭവിച്ചു, പലരും ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കുന്നു. എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോയി എന്തെങ്കിലും തിരുത്തണം എങ്കിൽ ഈ സംഭവം തിരുത്തും. ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു, എനിക്ക് കുറ്റബോധം ഉണ്ട്” – ഹർഭജൻ സിങ് പറഞ്ഞു.

“ഞങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലാണ്, പരസ്പരം സഹോദരന്മാരായാണ് ഞങ്ങൾ കാണുന്നത്” – ഹർഭജൻ കൂട്ടിച്ചേർത്തു.

വേഗത്തിൽ 50 ഗോളുകളുടെ പട്ടികയിൽ അലൻ ഷിയറർക്ക് പിന്നിലെത്തി സലാ

പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ അൻപത് ഗോളുകൾ തികക്കുന്ന താരമെന്ന റെക്കോർഡിൽ രണ്ടാം സ്ഥാനത്തെത്തി ലിവർപൂൾ താരം മൊഹമ്മദ് സലാ. 72 കളികളിൽ നിന്നായി 5374 മിനിറ്റ് കളത്തിൽ ചിലവഴിച്ച ശേഷമാണ് മൊസാല 50 ഗോളുകൾ നേടിയത്. 5337 മിനിറ്റുകളിൽ നിന്നായി 50 ഗോളുകൾ നേടിയ അലൻ ഷിയററുടെ പേരിലാണ് നിലവിലെ റെക്കോർഡ്. ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മത്സരത്തിൽ ആണ് സലാ അൻപത് ഗോളുകൾ എന്ന നേട്ടം കരസ്ഥമാക്കിയത്.

5483 മിനിറ്റിൽ നിന്നും 50 ഗോൾ തികച്ച ഫെർണാണ്ടോ ടോറസ് ആണ് മൂന്നാമതുള്ളത്. 5600 മിനിറ്റിൽ നിന്നും അൻപത് ഗോളുകൾ നേടിയ റുഡ് വാൻ നിസ്റ്റൽറൂയിയും 5710 മിനിറ്റുമായി സെർജിയോ അഗ്യൂറോയും ആണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

റാംസിക് യുവന്റസിന്റെ ഓഫർ ഗംഭീരം പ്രതിഫലം

ആഴ്‌സണൽ വിട്ടു യുവന്റസിൽ ചേക്കേറാൻ നിൽക്കുന്ന ആരോൺ റാംസിക്ക് യുവന്റസ് ഓഫർ ചെയ്തിരിക്കുന്നത് ഗംഭീരമായ പ്രതിഫലമാണ്. ഓരോ ആഴ്ചയും ഏകദേശം മൂന്നു ലക്ഷം യൂറോയാണ് ഈ വെയ്ൽസ് താരം യുവന്റസിൽ സ്വന്തമാക്കുക. ആഴ്സണലിൽ നിന്നും ഈ സീസണിന് ഒടുവിൽ ഫ്രീ സ്ട്രാൻസ്ഫറിൽ ആണ് റാംസി യുവന്റസിൽ എത്തുന്നത്. അത് കൊണ്ട് തന്നെ ഭീമമായ പ്രതിഫലം നൽകാൻ യുവന്റസിന് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണു റിപ്പോർട്ടുകൾ വരുന്നത്.

ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ 10മില്യൺ തുക നൽകി യുവന്റസ് റാംസിയെ സ്വന്തമാകകാൻ ശ്രമിച്ചിരുന്നു എങ്കിലും ഉനൈ എമരി ആ ട്രാൻസ്ഫർ റിക്വസ്റ്റ് റിജെക്ട് ചെയ്തു ഈ സീസണിന് ഒടുവിൽ വരെ നില്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സീസണിന് ഒടുവിൽ ടീം വിടാം എന്ന് എമരി തന്നെയായിരുന്നു റാംസിയോട് ആവശ്യപ്പെട്ടത്.

ധോണിയെ വാനോളം പുകഴ്ത്തി മൈക്കിൾ ക്ലാർക്ക് രംഗത്ത്

2018 ധോണിക്ക് മോശം വർഷമായിരുന്നു, ബാറ്റ് കൊണ്ടും വിക്കറ്റിന് പുറകിൽ കീപ്പിങ്ങിലും കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ ധോണിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ 2019 ഒന്നാന്തരമായി തന്നെ തുടങ്ങാൻ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മാൻ ഓഫ് ദി സീരിസ് നേടി ഗംഭീരമായി തന്നെ തുടങ്ങിയ ധോണി 193 എന്ന ആവറേജിൽ 193 റൺസ് ആണ് അടിച്ചെടുത്തത്. ഒരു തവണ മാത്രമാണ് ധോണിയെ പുറത്താക്കാനും ഓസീസ് ബൗളർമാർക്ക് കഴിഞ്ഞത്.

ധോണിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് താരം മൈക്കിൾ ക്ലാർക്ക്. “ധോണിക്ക്ഏതൊരു നമ്പറിലും കളിയ്ക്കാൻ അറിയാം. സിറ്റുവേഷന് അനുസരിച്ചു ബാറ്റ് ചെയ്യാനുള്ള കഴിവുണ്ട് ധോണിക്ക്. 300ലധികം ഏകദിനങ്ങൾ കളിച്ചിട്ടുള്ള ധോണിക്ക് സമ്മർദ്ദങ്ങളെ അതിജീവിക്കാനാവും.” ക്ലർക്ക് പറഞ്ഞു.

“4, 5 അല്ലെങ്കിൽ 6 എന്ന സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള കഴിവ് ധോണിക്കുണ്ട്, വിരാട് കോഹ്ലി ധോണിയെ സാഹചര്യത്തിന് അനുസരിച്ചു ഉപയോഗിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” – ക്ലാർക്ക് കൂട്ടിച്ചേർത്തു.

Exit mobile version