തുടർച്ചയായ അഞ്ചാം ജയവുമായി ചർച്ചിൽ, ലീഗിൽ ചെന്നൈക്ക് തൊട്ടുപിന്നിൽ

ഐ ലീഗിൽ മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിന്റെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചർച്ചിൽ ബ്രദേഴ്‌സ് ലീഗിലെ തങ്ങളുടെ തുടർച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയത്.

സ്വന്തം ഗ്രൗണ്ട് ആയ തിലക് മൈദാനിൽ നടന്ന മത്സരത്തിൽ 22 ആം മിനിറ്റിൽ തന്നെ വില്ലിസ് പ്ലാസയിലൂടെ ചർച്ചിൽ മുന്നിൽ എത്തി. എന്നാൽ 38ആം മിനിറ്റിൽ ദീപക് തൻഗ്രി നേടിയ ഗോളിൽ ആരോസ് ഓപ്പമെത്തി. എന്നാൽ 45ആം മിനിറ്റിൽ വില്ലിസ് പ്ലാസ തന്നെ തന്റെ രണ്ടാം ഗോളും ടീമിന്റെ വിജയം ഉറപ്പിച്ച ഗോളും നേടി ഗോൾ പട്ടിക പൂർത്തിയാക്കി. 84ആം മിനിറ്റിൽ ലഭിച്ച സഞ്ജീവ് സ്റ്റാലിൻ പാഴാക്കിയതോടെ ചർച്ചിലിന്റെ ഒപ്പമെത്താനുള്ള അവസരം ആരോസ് പാഴാക്കി.

വിജയത്തോടെ 14 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി ചർച്ചിൽ ലീഗിൽ രണ്ടാമതമാണ്. 30 പോയിന്റ് ഉള്ള ചെന്നൈ സിറ്റി എഫ്‌സി ആണ് ഒന്നാമതുള്ളത്.

ടി20 പരമ്പരക്കുള്ള പാകിസ്ഥാൻ സ്‌ക്വാഡ് ആയി

ദക്ഷിണാഫ്രിക്കൻ പര്യടനം ഇതുവരെ പാകിസ്ഥാന് നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. ആദ്യം ടെസ്റ്റ് പരമ്പരയിൽ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട പാകിസ്ഥാൻ ഇപ്പോൾ ഏകദിന പരമ്പരയിലും പിന്നിൽ നിൽക്കുകയാണ്. ഇതിനിടയിൽ ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാൻ.

ഏകദിന ടീമിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് പാക് ടീം പ്രഖ്യാപിച്ചിട്ടുള്ളത്. പേസ് ബൗളർ മുഹമ്മദ് ആമിറിനെ തിരിച്ചു വിളിച്ചതാണ് ശ്രദ്ധേയമായ കാര്യം. പാകിസ്താൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങൾ ആയു ആസിഫ് അലി, ഹുസൈൻ തലാത്ത് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടീം: Sarfaraz Ahmed (C & WK), Asif Ali, Babar Azam, Faheem Ashraf, Fakhar Zaman, Hasan Ali, Imad Wasim, Hussain Talat, Mohammad Amir, Mohammad Hafeez, Sahibzada Farhan, Shadab Khan, Shahid Afridi, Shoaib Malik, Usman Khan Shinwari.

പരമ്പര ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക നാളെ പാകിസ്താനെതിരെ പിങ്ക് കളറിൽ ഇറങ്ങും

ഏകദിന പരമ്പര ലക്ഷ്യമിട്ട് മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക നാളെ പാകിസ്താനെ നേരിടും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 2-1 നു ദക്ഷിണാഫ്രിക്ക മുന്നിലാണ്. പിങ്ക് കളർ കുപ്പായമിട്ടായിരിക്കും ദക്ഷിണാഫ്രിക്ക നാളെ ഇറങ്ങുക.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു തുടർച്ചയായി രണ്ടു മത്സരങ്ങൾ വിജയിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പരയിൽ ലീഡ് നേടിയിരിക്കുന്നത്. നാലാം മത്സരത്തിൽ വിജയം നേടിയാൽ പരമ്പര ദക്ഷിണാഫ്രിക്കക്ക് സ്വന്തമാവും. പിങ്ക് കുപ്പായമിട്ട് ഇതുവരെ കളിച്ച മത്സരത്തിൽ ഒന്നും സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടില്ല എന്നത് അവർക്ക് ആത്മവിശ്വാസമേകും.

പരമ്പരയിൽ മികച്ച രീതിയിൽ കളിച്ചിട്ടും തുടർച്ചയായി രണ്ടു പരാജയങ്ങൾ ആണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. മൂന്നാം ഏകദിനത്തിൽ ഡെക് വർത് ലൂയിസ് നിയമമാണ് പാകിസ്ഥാനെ ചതിച്ചത്. നാളത്തെ മത്സരത്തിൽ എന്ത് വില കൊടുത്തും വിജയിക്കാൻ ആയിരിക്കും പാക് ശ്രമം.

മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള തോൽ‌വിയിൽ റെക്കോർഡിട്ട് ആഴ്‌സണൽ

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് എമിറേറ്റ്സിൽ നടന്ന എഫ്എ കപ്പ് നാലാം റൌണ്ട് മത്സരത്തിൽ ആഴ്‌സണൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. സാഞ്ചസ്, ലിംഗാർഡ്, മാർഷ്യൽ എന്നിവർ നേടിയ ഗോളിൽ മൂന്നു ഗോളുകൾക്കെതിരെ ഒരു ഗോളിനാണ് ആഴ്‌സണൽ പരാജയപ്പെട്ടത്.

ഇന്നലത്തെ പരാജയത്തോട് കൂടെ ഒരു നാണക്കേടും ആഴ്‌സണൽ സ്വന്തമാക്കി. 2006ൽ എമിറേറ്റ്സ് തുറന്നതിനു ശേഷം ആറു തവണയാണ് ആഴ്‌സണൽ യുണൈറ്റഡിനോട് പരാജയപ്പെട്ടത്. മറ്റൊരു ടീമിനോടും ആഴ്‌സണൽ എമിറേറ്റ്സിൽ ഇത്രയധികം തവണ തോൽവി അറിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ എമിറേറ്റ്സിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും ആഴ്‌സണൽ ഇതേ സ്കോറിന് യുനൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു.

രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിന് രക്ഷയില്ല, ഇന്ത്യ എ ടീമിന് മികച്ച വിജയം

ഇന്ത്യ എ – ഇംഗ്ലണ്ട് ലയൺസ് രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ഗ്രീൻഫീൽഡിൽ നടന്ന മത്സരത്തിൽ 138 റൺസിനാണ് ഇന്ത്യൻ ടീം വിജയം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഉയർത്തിയ 303 എന്ന സ്കോറിന് മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ലയൺസ് വെറും 165 റൺസിന്‌ ഓൾ ഔട്ടാവുകയായിരുന്നു. വിജയത്തോടെ ഇന്ത്യ 2-0നു പരമ്പരയിൽ മുന്നിൽ എത്തി.

ഇന്ത്യയുടെ 303 എന്ന സ്‌കോർ പിന്തുടർന്ന ഇംഗ്ലണ്ടിനെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പിടിച്ചു കെട്ടുകയായിരുന്നു. 25 റണ്സിനിടെ തന്നെ ആദ്യ വിക്കറ്റു നഷ്ടമായ ഇംഗ്ലണ്ട് പിന്നീട് തകർച്ചയിൽ നിന്നും കരകയിറിയില്ല. അലക്സ് ഡേവിസിനും സാക് ചാപ്പലിനും മാത്രമേ ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി മായങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്‌സർ പട്ടേലും ശാർദൂലും രണ്ടു വിക്കറ്റുകൾ വീതം നേടി.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തിൽ 303 റണ്‍സ് എന്ന വലിയ സ്കോര്‍ നേടുകയായിരുന്നു. ഹനുമ വിഹാരി 92 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെയുടെ സംഭാവന 91 റണ്‍സായിരുന്നു. ഇരുവരും പുറത്തായ ശേഷം ശ്രേയസ്സ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 47 പന്തില്‍ നിന്ന് അയ്യര്‍ 65 റണ്‍സ് നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ലൂയിസ് ഗ്രിഗറിയും സാക് ചാപ്പലും രണ്ടു വിക്കറ്റുകൾ വീതം വീഴിത്തിയിരുന്നു.

രഞ്ജി സ്വപ്നം പൊലിഞ്ഞു, വിദര്‍ഭക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ്‌ കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലില്‍ പ്രവേശിക്കാനുള്ള കേരളത്തിന്‍റെ സ്വപ്നം പൊലിഞ്ഞു. ഇന്ത്യൻ താരം ഉമേഷ് യാദവിന്‌ മുന്നിൽ ഫൈനൽ സ്വപ്നം അടിയറവ് പറഞ്ഞ കേരളം ഇന്നിങ്സിനും പതിനൊന്ന് റൺസിനുമാണ് സെമി ഫൈനലിൽ വിദര്ഭയോട് പരാജയം ഏറ്റുവാങ്ങിയത്. ബാറ്റ്‌സ്മാന്മാർ പ്രതീക്ഷക്കൊത്തു ഉയരാത്തതാണ് കേരളത്തിന് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്ങ്സില്‍ കേരളം 91 റണ്‍സിനു പുറത്തായി.

കേരള പേസർമാർ വിദർഭയെ 208 റൺസിന്‌ എറിഞ്ഞിട്ടിരുന്നു എങ്കിലും നിർണാകമായ 102 റൺസിന്റെ ലീഡ് നേടാൻ അവർക്കായിരുന്നു. മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന വിദര്‍ഭയെ സന്ദീപ് വാര്യരുടെ ബൗളിങ്ങാണ് തടഞ്ഞത്. സന്ദീപ് അഞ്ചു വിദർഭ വിക്കറ്റുകൾ ആണ് നേടിയത്. ബേസിൽ തമ്പി മൂന്നു വിക്കറ്റുകൾ നേടി.

രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളം ഒരു ഘട്ടത്തിൽ 59 റൺസിന്‌ 1 വിക്കറ്റ് എന്ന നിലയിൽ ആയിരുന്നു. തുടർന്നായിരുന്നു കേരളം കൂട്ടത്തകർച്ച നേരിട്ടത്. പിന്നീട് വെറും 32 റണ്സിനിടെ ഒൻപത് വിക്കറ്റുകൾ വലിച്ചെറിഞ്ഞു ഇന്നിംഗ്സ് പരാജയം ചോദിച്ചു വാങ്ങി. 32 റൺസെടുത്ത അരുൺ കാർത്തിക് ആയിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറർ. ഇരു ഇന്നിങ്‌സുകളിലുമായി 12 വിക്കറ്റുകൾ ആണ് ഉമേഷ് യാദവ് നേടിയത്.

എമിറേറ്റ്സിൽ ഇന്ന് ഒലെ ഗണ്ണർ സോൾഷ്യേറിനു ഗണ്ണേഴ്‌സ് ടെസ്റ്റ്

എഫ്എ കപ്പിന്റെ നാലാം റൌണ്ട് മത്സരത്തിൽ ഇന്ന് ശക്തരുടെ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച പുലർച്ചെ ആഴ്‌സണലിനെ നേരിടും. ആഴ്‌സനലിന്റെ സ്വന്തം തട്ടകമായ എമിറേറ്റ്സിൽ ആണ് മത്സരം നടക്കുക. ഇന്ത്യൻ സമയം പുലർച്ചെ 01.25നു ആണ് കിക്കോഫ്.

കഴിഞ്ഞ മാസം ഓൾഡ് ട്രാഫോഡിൽ നടന്ന ആവേശകരമായ മാഞ്ചസ്റ്റർ യുണൈറ്റഡ് – ആഴ്‌സണൽ പോരാട്ടം 2-2 എന്ന സ്‌കോറിൽ അവസാനിച്ചിരുന്നു. അന്നത്തെ സാഹചര്യങ്ങൾ അല്ല ഇന്ന് ഇരു ടീമുകൾക്കും ഉള്ളത് എന്നത് മത്സരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ജോസേ മൗറീൻഹോക്ക് പകരം ഒലെ വന്നതോടെ മാഞ്ചസ്റ്ററിന്റെ പ്രകടനത്തിൽ തന്നെ കാര്യമായ മാറ്റങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ ഏഴു വിജയങ്ങളാണ് ഒലെക്ക് കീഴിൽ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്. പക്ഷെ ഓൾഡ് ട്രാഫോഡിലെ പോരാട്ടത്തിന് ശേഷം നാല് മത്സരങ്ങൾ പരാജയപ്പെട്ട ആഴ്‌സണൽ പ്രീമിയർ ലീഗ് ടേബിളിൽ പോയിന്റ് പട്ടികയിൽ യുണൈറ്റഡിന്റെ ഒപ്പമാവുകയും ചെയ്തു.

ഡിഹെയ ഇല്ലാതെയാണ് യുണൈറ്റഡ് എമിറെറ്റസിൽ എത്തുന്നത്, റോമെറോ ആയിരിക്കും വല കാക്കുക. പരിക്കിൽ നിന്നും മുക്തനായ അലക്സിസ് സാഞ്ചസും ഇന്ന് കളിയ്ക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ രാഷ്‌ഫോർഡും ഇന്ന് കളിക്കുന്ന കാര്യം സംശയത്തിൽ. ലുകാകു ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. പരിക്ക് മൂലം ബെല്ലറിനും പുറത്തു പോയത് ആഴ്സണലിന്‌ തിരിച്ചടിയാണ്. അതെ സമയം ഹെൻറിക് മിഖിതാര്യാൻ പരിക്ക് മാറി തിരിച്ചെത്തിയത് ആഴ്സണലിന്‌ ആശ്വാസമാകും.

കെഎൽ രാഹുൽ ന്യൂസിലന്ഡിനെതിരെയുള്ള ടി20 കളിച്ചേക്കും

കോഫി വിത് കരൺ എന്ന പരിപാടിയിൽ സ്ത്രീ വിരുദ്ധ പരാമര്ശങ്ങൾ നടത്തിയതിനു ഹർദിക് പാണ്ഡ്യാ, കെഎൽ രാഹുൽ എന്നിവർക്കെതിരെയുള്ള ഏർപ്പെടുത്തിയ വിലക്ക് ബിസിസിഐ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു, തുടർന്ന് കഴിഞ്ഞ ദിവസം തന്നെ ന്യൂസിലാൻഡ് പര്യടനത്തിൽ പങ്കെടുക്കാൻ വേണ്ടി ഹർദിക് പാണ്ഡ്യാ ന്യൂസിലാൻഡിലേക്ക് തിരിക്കുകയും രാഹുല്‍ ഇന്ത്യ എ ടീമിനോടൊപ്പം ചേരുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച രാഹുലിന് ഇനി മുന്നില്‍ ഉള്ളത് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയാണ്. രാഹുലിനെ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്പെടുതും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അത് മുന്നില്‍ കണ്ടാണ്‌ തന്‍റെ ഫോം വീണ്ടെടുക്കാന്‍ വേണ്ടി ഇംഗ്ലണ്ട് ലയണ്‍സിന് എതിരായുള്ള ഇന്ത്യ എയുടെ പരമ്പരയില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പാണ്ഡ്യക്കും രാഹുലിനും പകരമായി സുബ്മാന്‍ ഗിലിനെയും വിജയ്‌ ശങ്കറിനെയും ആണ് ന്യൂസിലാൻഡ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്. ടി 20 പരമ്പരയിൽ വിശ്രമം അനുവദിച്ച കോഹ്‌ലിക്ക് പകരമായിട്ടായിരിക്കും രാഹുലിന് അവസരം ലഭിക്കുക.

മാസങ്ങൾക്ക് ശേഷം ഒരു അർദ്ധ സെഞ്ച്വറിയുമായി യുവരാജ് സിങ്

മോശം ഫോമുമായി വിഷമിക്കുന്ന മുൻ ഇന്ത്യൻ താരം യുവരാജ് സിങിനെ ഐപിഎൽ ലേലത്തിന്റെ അവസാന നിമിഷമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഈ രഞ്ജി സീസണിൽ പഞ്ചാബിന് വേണ്ടി കാര്യമായൊന്നും യുവരാജിന് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മോശം ഫോമുമായി വിഷമിക്കുന്ന യുവരാജ് മാസങ്ങൾക്ക് ശേഷം ഒരു അർദ്ധ സെഞ്ച്വറിയുമായി കളംനിറഞ്ഞിരിക്കുകയാണ്. ഇന്നലെ ഡിവൈ പാട്ടിൽ ടി20 ടൂര്ണമെന്റിൽ ആണ് യുവരാജിന്റെ തകർപ്പൻ പ്രകടനം നടന്നത്. കഴിഞ്ഞ ഒക്ടോബറിൽ പഞ്ചാബിന് വേണ്ടിയായിരുന്നു യുവരാജിന്റെ അവസാന അർദ്ധ സെഞ്ച്വറി പിറന്നത്.

എയർ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന യുവരാജ് വെറും 57 പന്തിൽ 80 റൺസ് ആണ് അടിച്ചു കൂട്ടിയത്. മുംബൈ കസ്റ്റംസിനെതിരെയായിരുന്നു യുവരാജിന്റെ തകർപ്പൻ പ്രകടനം. യുവരാജിന്റെ 80 റൺസോടെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് എയർ ഇന്ത്യ അടിച്ചെടുത്തത്. പക്ഷെ മുംബൈ കസ്റ്റംസ് എയർ ഇന്ത്യ ഉയർത്തിയ സ്‌കോർ അനായാസം മറികടന്നു. ഒരു ഓവർ ബൗൾ ചെയ്ത യുവരാജ് 12 റൺസ് വഴങ്ങിയിരുന്നു.

വംശീയാധിക്ഷേപം; സർഫറാസിന് മാപ്പ് നൽകിയെന്ന് ദക്ഷിണാഫ്രിക്കൻ ടീം

ഡർബനിൽ നടന്ന രണ്ടാമത്തെ ഏകദിന മത്സരത്തിനിടെ പാക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് വംശീയ അധിക്ഷേപം നടത്തിയതിനെ താനും തന്റെ ടീമും ക്ഷമിച്ചു എന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. “അദ്ദേഹത്തോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു, കാരണം സർഫറാസ് ഞങ്ങളോട് മാപ്പ് പറഞ്ഞു” – ഇന്നലെ പരിശീലനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡു പ്ലെസിസ്.

“അദ്ദേഹം ക്ഷമാപണം നടത്തുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു, പക്ഷെ കാര്യങ്ങൾ ഞങ്ങളുടെ കൈയ്യിലല്ല, ഐ സി സി അതിനെ കുറിച്ച് നടപടികൾ എടുത്തു വരികയാണ്” – ഡു പ്ലെസിസ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ആൻഡൈൽ ഫെൽക്വായെ വംശീയമായി സർഫറാസ് കളിയാക്കിയിരുന്നു. ഇതിനെതിരെ മാച്ച് കമ്മീഷണർ രഞ്ജൻ മദുഗുലെ ഐസിസിക്ക് റിപ്പോർട് നൽകിയിരുന്നു. മത്സരത്തിന് ശേഷം സർഫറാസ് ട്വിറ്ററിൽ ക്ഷമാപണവും നടത്തിയിരുന്നു.

ഇറ്റാലിയൻ താരത്തെ സ്വന്തമാക്കി മാർസെ

ഇറ്റാലിയൻ സ്ട്രൈക്കർ മരിയോ ബലോട്ടെല്ലി ആറു മാസത്തെ കരാറിൽ മാർസയിൽ ചേർന്നു. ഫ്രഞ്ച് ക്ലബ് തന്നെയായ നീസിൽ നിന്നുമാണ് ബലോട്ടെല്ലി മാർസെയിൽ എത്തിയത്. ബലോട്ടെല്ലി മാർസയിൽ ചേർന്ന കാര്യം ക്ലബ് സ്ഥിരികരിച്ചു. കഴിഞ്ഞ ദിവസം നീസ് ബലോട്ടെല്ലിയുമായുള്ള കരാർ റദ്ദാക്കിയിരുന്നു.

ബലോട്ടെല്ലി കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും നീസിനായി കളിച്ചിട്ടില്ല. നീസ് മാനേജർ പാട്രിക് വീയേരയുടെ ക്രിസ്മസ് അവധിക്ക് പരിശീലനം ലഭിച്ചപ്പോൾ ബലോട്ടെല്ലിയോട് ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ബലോട്ടെല്ലി ടീം വിടാൻ തീരുമനിച്ചത്.

സ്പോർട്സ് ഹബിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്ക് വിജയം

ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. തിരുവനന്തപുരത്തെ സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിൽ 3 വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 286 എന്ന സ്‌കോർ 7 വിക്കറ്റ് നഷ്ടത്തിൽ 49.1 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. അവസാന നിമിഷം ആഞ്ഞടിച്ച വിക്കറ്റ് കീപ്പർ ഇഷാൻ (57) ആണ് ഇന്ത്യയുടെ വിജയശില്പി.

ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയൺസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് ആയിരുന്നു എടുത്തത്. സാം ബില്ലിംഗ്സ് നേടിയ സെഞ്ച്വറിയുടെ (108) ബലത്തിൽ ആണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിൽ എത്തിയത്. ഇന്ത്യക്ക് വേണ്ടി സിദ്ധാർഥ് കൗൾ മൂന്നും മായങ്ക്, അക്‌സർ പട്ടേൽ എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ കരുതലോടെയാണ് തുടങ്ങിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെയും അൻമോൽപ്രിത് സിങ്ങും ചേർന്ന് 66 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കി. അൻമോൽപ്രിത് 33 റൺസ് എടുത്തു പുറത്തായി. തുടർന്ന് ശ്രെയസ് അയ്യരുമായി (45) മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ രഹാനെ അർദ്ധ സെഞ്ച്വറി തികച് പുറത്തായി. തുടർച്ചയായി മൂന്നു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി, ശ്രെയസ്, രഹാനെ, വിഹാരി എന്നിവരെ നിശ്ചിത ഇടവേളകളിൽ വീഴ്ത്തി ഇംഗ്ലണ്ട് പിടിമുറുക്കി ഇന്ത്യയുടെ സ്കോറിങ് പതുക്കെയാക്കി.

തുടർന്ന് ഇഷാൻ ആയിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഒരറ്റത്തു വിക്കറ്റുകൾ വീണു കൊണ്ടിരുന്നു എങ്കിലും പിടിച്ചു നിന്ന ഇഷാൻ, ശര്‍ദുലിനെ കൂട്ടുപിടിച് അവസാനം ആഞ്ഞടിച്ചു ഇന്ത്യയെ വിജയ തീരത്തെത്തിച്ചു.

Exit mobile version