IPL പ്ലേ ഓഫ് ഉറപ്പിക്കാനാകാതെ ടീമുകൾ

IPL സീസൺ 2022ന്റെ ആദ്യ റൗണ്ടിലെ 70 കളികളിൽ 48 എണ്ണം കഴിഞ്ഞിട്ടും പ്ലേ ഓഫ് ലൈൻഅപ്പ് ഇത് വരെ വ്യക്തമായിട്ടില്ല. അടുത്ത റൗണ്ടുകൾ കൊൽക്കത്തയിലും അഹമ്മദാബാദിലും വച്ചാകും നടക്കുക എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ക്വാളിഫയർ മേയ് 24നും, എലിമിനേറ്റർ 25നും ഈഡൻ ഗാർഡൻസിൽ വച്ച് നടക്കും. രണ്ടാം ക്വാളിഫയർ 27നും, ഫൈനൽസ് 29നും അഹമ്മദാബാദിൽ വച്ച് നടക്കും.

ആകെ ഉറപ്പിക്കാവുന്നതു മുംബൈ ഇന്ത്യൻസിന്റെ കാര്യമാണ്. അവർക്ക് ഈ റൗണ്ട് കഴിഞ്ഞാൽ ഇവിടെ കാര്യമില്ല. പക്ഷെ ബാക്കിയുള്ള ടീമുകളുടെ കാര്യം അങ്ങനെയല്ല. കണക്കിലെ കളികൾ വച്ച് നോക്കിയാൽ അവരിൽ ആർക്കു വേണമെങ്കിലും അടുത്ത റൗണ്ടിൽ കടക്കാം. ചിലർക്ക് എളുപ്പമാണ്, മറ്റ് ചിലർക്ക് കടുപ്പവും. പക്ഷെ ആരെയും തള്ളി കളയാൻ ഈ സമയം സാധിക്കില്ല. ടീം മാനേജ്മെന്റുകൾ ഇപ്പോൾ കാൽക്കുലേറ്റർ പോക്കറ്റിൽ ഇട്ടാണ് നടപ്പു. സ്വന്തം ടീമുകളുടെ വിജയപരാജയങ്ങൾ മാത്രമല്ല, മറ്റു ടീമുകളുടെ ഇനിയുള്ള പ്രകടനങ്ങളും തങ്ങളെ ബാധിക്കും എന്ന് അവർക്ക് അറിയാം.
20220504 063621
ഇപ്പോൾ ആദ്യ സ്ഥാനത്തു നിൽക്കുന്ന ഹാര്ദിക്ക് പാണ്ട്യയുടെ ഗുജറാത്തിനു പോലും ഇനിയും ഒന്നോ രണ്ടോ വിജയങ്ങൾ നേടാതെ പറ്റില്ല. അതെ സമയം ഇനിയുള്ള കളികൾ നഷ്ടപ്പെട്ടാൽ പിന്നെ പറയുകയും വേണ്ട. മറ്റുള്ള എല്ലാ ടീമുകൾക്കും ഇനിയുള്ള മിക്ക കളികളും ജയിച്ചേ മതിയാകൂ. എന്നാലും പിന്നെയും റൺ റേറ്റിന്റെ പുറത്താകും തീരുമാനങ്ങൾ.

അത് കൊണ്ട് തന്നെ, ടീമുകൾ എല്ലാം തന്നെ ജയത്തിൽ കുറഞ്ഞ ഒന്നും ഇനിയുള്ള ദിവസങ്ങളിൽ ഉറ്റുനോക്കുന്നില്ല. വരും ദിവസങ്ങളിൽ ഓരോരോ ടീമുകളായി കൊഴിഞ്ഞു പോകുന്ന കാഴ്ചയാകും കാണുക. ഒരു മാസത്തിലേറെയായി ബയോബബിളിൽ കഴിയുന്ന കളിക്കാരെ ഇനിയും 20 ദിവസത്തേക്ക് കൂടി മാനസികമായും ശാരീരികമായും തളരാതെ പിടിച്ചു നിറുത്തുക എന്നതാകും മാനേജ്മെന്റുകളെ സംബന്ധിച്ചു ഏറ്റവും വലിയ വെല്ലുവിളി. വരും ദിവസങ്ങളിൽ പിച്ചിൽ ഇറങ്ങുമ്പോൾ കളിയിൽ ഫോക്കസ് ചെയ്തു പിടിച്ചു നിൽക്കാൻ സാധിക്കുന്ന ടീമുകൾക്കാവും കൽക്കത്തക്കും അഹമ്മദാബാദിനും പറക്കാൻ ഭാഗ്യമുണ്ടാവുക.

തൃശൂർ ടെന്നീസ് റാങ്കിങ് ചാംപ്യൻഷിപ് ഉടൻ തുടങ്ങുന്നു

തൃശൂർ ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ പെപ്പെർഫ്രൈ.കോം സ്പോൺസർ ചെയ്യുന്ന ജില്ലാ ടെന്നീസ് ചാംപ്യൻഷിപ് മേയ് 5 മുതൽ നടക്കുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള തൃശൂർ ജില്ലാ റാങ്കിങ് ടൂർണമെന്റായ ഈ ചാംപ്യൻഷിപ് ഇവന്റ് തൃശൂർ ടെന്നീസ് ട്രസ്റ്റ് കോർട്ടുകളിൽ വച്ചാണ് നടക്കുന്നത്.

ചാമ്പ്യൻഷിപ്പിന്റെ ബ്രോഷ്വർ പ്രകാശനം ബഹുമാനപ്പെട്ട തൃശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർവ്വഹിച്ചു. തദവസരത്തിൽ ജില്ലാ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി അഡ്വ.എം.എച്ച് മുഹമ്മദ് ബഷീർ, ട്രഷറർ ടി.എസ്. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

ക്യാപ്റ്റൻ ധോണിയുടെ തിരിച്ചു വരവ്: ആഘോഷിക്കാറായോ?

ഇന്നലെ ചെന്നൈ ഫാൻസിന് ആഘോഷ രാവായിരുന്നു. ഒന്നു, തല തലപ്പത്തേക്ക് തിരിച്ചു വന്ന്. രണ്ടു, ചെന്നൈ സണ് റൈസേർസ് ഹൈദരാബാദിന് മേൽ ആധികാരികമായ വിജയം നേടി. നല്ല കാര്യം, ലോക ക്രിക്കറ്റിൽ തന്നെ മികച്ച ക്യാപ്റ്റന്മാരുടെ നിരയിൽ മുൻപന്തിയിൽ ഉള്ളയാളാണ് ചെന്നൈയുടെ തല ധോണി.

പക്ഷെ, ധോണി തിരിച്ചു ക്യാപ്റ്റൻ ആയി വന്നത് കൊണ്ട് മാത്രം ചെന്നൈ ജയിക്കുമോ? അങ്ങനൊരു കാരണം നമുക്ക് പറയാൻ പറ്റില്ല. ഏറ്റവും കുറഞ്ഞത് കഴിഞ്ഞ സീസണ് ഓർത്തു നോക്കണം. ഇന്നത്തെ വിജയം ധോണിയുടെ ക്യാപ്റ്റൻസിയുടെ ഗുണം കൊണ്ടാണ് എന്നു ആരും പറയില്ല.

ഋതുരാജ് ഗെയ്‌ക്വാദിന്റെ മിന്നും പ്രകടനമാണ് ചെന്നൈക്ക് ഈ വിജയം നേടി കൊടുത്തത്. ഒപ്പം ഒന്നാം വിക്കറ്റിൽ കോണ്വേയോടൊപ്പം ഉയർത്തിയ കൂട്ടുകെട്ടും. ചെന്നൈയുടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ അവർ നേടിയത്.

രണ്ടാമത് ബാറ്റ് ചെയ്ത ഹൈദരാബാദ്‌ ഒരവസരത്തിൽ ചെന്നൈയുടെ സ്കോറായ 203 അനായാസം മറികടക്കും എന്ന് തോന്നിയിരുന്നു. എങ്കിലും പവർപ്ലെയിൽ അടുത്തടുത്ത ബോളുകളിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ മുകേഷ് ചൗദരിയാണ് ചെന്നൈക്ക് രക്ഷകനായത്.

ചെന്നൈ ഒട്ടനവധി അവസരങ്ങൾ പാഴാക്കി. ക്യാച്ചുകൾ കൈവിട്ടു, ഫീല്ഡിങ് മോശമായിരുന്നു, പല അവസരങ്ങളിലും ക്യാപ്റ്റൻ കൂൾ എന്ന് വിളിക്കുന്ന ധോണി പോലും ക്ഷോഭിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ധോണിയുടെ തിരിച്ചു വരവിൽ ടീമിന് കാര്യമായ ഗുണം ഒന്നും ഉണ്ടായതായി കാണാൻ കഴിഞ്ഞില്ല. ധോണിയുടെ ബാറ്റിങ്ങിലും പ്രതീക്ഷിക്കാവുന്ന ഒന്നും ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടു പോകാൻ സാധിച്ചു എന്നു പറയാൻ കഴിയുന്ന ഒന്നും ഫീൽഡിൽ കണ്ടില്ല. ഒരു കളി കൊണ്ടു ഒരു പ്രകടനത്തെ അളക്കുന്നത് ശരിയല്ലാത്തത് കൊണ്ട് നമുക്ക് കാത്തിരിക്കാം, ഇനിയുള്ള കളികളിൽ തലയുടെ വിളയാട്ടം ചെന്നൈയുടെ തലവര മാറ്റുമോ എന്ന്.

കുട്ടികൾക്കുള്ള ടെന്നീസ് ക്യാമ്പ് അടുത്ത മാസം തുടങ്ങുന്നു

സ്പോർട്സ് കേരള ഫൗണ്ടേഷൻ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി മേയ് 11 മുതൽ 31 വരെ ടെന്നീസ് സമ്മർ ക്യാമ്പ് നടത്തുന്നു. തിരുവനന്തപുരം, കുമരപുരത്തുള്ള രാമനാഥൻ കൃഷ്ണൻ ടെന്നീസ് കോംപ്ലെക്സിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്.

രാവിലെയും വൈകിട്ടും പ്രത്യേകം ബാച്ചുകൾ ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ കോച്ചുകൾ നയിക്കുന്ന ക്യാമ്പിൽ ടെന്നീസ് കളിയുടെ കോച്ചിങ് കൂടാതെ കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് അനുയോജ്യമായ വ്യായാമ മുറകളും പരിചയപ്പെടുത്തും. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

ക്ലാസ്സിക് കോഹ്ലി ഓണ് ദി സ്റ്റേജ്!

2022 ഐപിഎൽ തുടങ്ങിയതിനു ശേഷം ആദ്യമായി ആരാധകർക്ക് കോഹ്ലിയുടെ തനതായ കളി ഇന്ന് കാണാൻ സാധിച്ചു. ഗുജറാത്തിന് എതിരെ ഓപ്പൺ ചെയ്യാൻ ഇറങ്ങിയ കോഹ്ലി, ആദ്യ ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ 2 ബൗണ്ടറി അടക്കം 9 റൺസ് അടിച്ചപ്പോൾ തന്നെ ഇന്നത്തെ കളി പാറും എന്നു എല്ലാവർക്കും ഒരു തോന്നൽ ഉണ്ടായി.

ആർസിബിയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ആ തോന്നൽ ശരിയായി എന്ന് 100% മനസ്സിലായി. ബൗണ്ടറി മാത്രമല്ല, കോഹ്ലി ആദ്യമേ തന്നെ സിംഗിൾസും എടുത്ത് സ്കോർ ബോർഡ് നീക്കി കൊണ്ടിരുന്നു. മുംബൈ ബ്രാബോണ് സ്റ്റേഡിയത്തിൽ ചുട്ടു പൊള്ളുന്ന വെയിലിൽ സിംഗിൾസ് രണ്ടാക്കാൻ വേണ്ടി കോഹ്ലി കാണിച്ച ആത്മാർത്ഥത നമ്മൾ പണ്ട് കണ്ട പോലെ തന്നെ. പത്താമത്തെ ഓവറിൽ ഫെർഗുസണ് എതിരെ നേടിയ സിക്സ് മനോഹരമായിരുന്നു. ആദ്യമേ ഫാഫ് ഔട്ടായതിനാൽ, കൂടെ കളിച്ച പടിദാർ കോഹ്ലിയുടെ ഈ ഫോമിനൊപ്പം ഉണർന്നു കളിച്ചു. അത് കോഹ്ലിക്ക് വലിയ ആശ്വാസമായി.

കോഹ്ലിയുടെ 2022 ഐപിഎല്ലിലെ ആദ്യ ഹാഫ് സെഞ്ചുറി ആർസിബി മാത്രമല്ല ആഘോഷിച്ചത്, കളി കണ്ടിരുന്ന എല്ലാ ഇന്ത്യക്കാരും അനുഷ്‌കയോടപ്പം കൂടി. വിരാടിന്റെ മുഖത്തും ആശ്വാസം തെളിഞ്ഞു കാണാമായിരുന്നു. 50 എടുത്ത ശേഷം ആകാശത്തേക്ക് നോക്കി കോഹ്ലി പറഞ്ഞിട്ടുണ്ടാകും, നന്ദി എന്നെ തിരികെ കൊണ്ടു വന്നതിനു. വർഷാവസാനം നടക്കുന്ന T20 വേൾഡ് കപ്പിൽ ഇന്ത്യയുടെ സാധ്യതകൾക്ക് ഈ മനുഷ്യന്റെ ഫോം വലിയൊരു ഘടകമാണ്, അത് അദ്ദേഹത്തിനും അറിയാം. 58 (53) ഒരു നല്ല തിരിച്ചു വരവാണ്. ഇനിയുള്ള കളികളിൽ വിരാട് ഇതിലും മെച്ചപ്പെട്ട സ്കോറുകൾ കണ്ടെത്തും എന്ന് നമുക്ക് പ്രാർത്ഥിക്കാം.

നിറം മങ്ങുന്ന ഐപിഎൽ

ഐപിഎൽ 2022 സീസണ് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ സംഘാടകരും സ്പോണ്സർമാരും മാർക്കറ്റിംഗ് കമ്പനികളും അങ്കലാപ്പിലാണ്, കാഴ്ചക്കാർ കുറയുന്നത്രേ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇക്കൊല്ലം ആദ്യ ആഴ്ചയിൽ 20%ന് അടുത്തു ടിവി കാഴ്ചക്കാരിൽ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടാമത്തെ ആഴ്ചയിൽ ഇത് കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അമ്പരപ്പിക്കുന്ന കുറവാണ് വ്യൂവർഷിപ്പിൽ വന്നിരിക്കുന്നത്.

ഓടിടി സംപ്രേഷണം ഒരു കാരണമാണെങ്കിലും, 10 സെക്കന്റ് പരസ്യത്തിന് കഴിഞ്ഞ വർഷം 14 ലക്ഷം ഉണ്ടായത് ഇക്കൊല്ലം 16 ആക്കിയതിനെ ന്യായീകരിക്കാൻ IPL ബുദ്ധിമുട്ടുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ലോക്ക്ഡൗണ് ഇളവുകൾ കൂടിയതും, ആളുകൾ തിരികെ ഓഫിസുകളിലേക്ക് പോയി തുടങ്ങിയതും മറ്റൊരു കാരണമായി കാണുന്നവരുണ്ട്. പക്ഷെ 30 ശതമാനത്തോളം കാഴ്ചക്കാരിൽ ഇടിവുണ്ടാകുന്നത് IPL ബ്രാണ്ടിനെ വലിയ രീതിയിൽ ബാധിക്കും എന്നു തന്നെയാണ് മാർക്കറ്റിംഗ് വിദഗ്ധർ പറയുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് മാമാങ്കത്തിന് കാണികളിൽ ഇത്ര വലിയ ഇടിവ് സംഭവിക്കാൻ കാരണം ക്രിക്കറ്റ് തന്നെയാണെന്നു സ്പോർട്സ് വിദഗ്ധർ ചൂണ്ടി കാട്ടുന്നുണ്ട്. പരമ്പരാഗത ശക്തികളായ ചെന്നൈ, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത ടീമുകളുടെ ഒരേ സമയത്തുള്ള ദയനീയ പ്രകടനമാണ് അവർ കാരണമായി കാണുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ടീമുകളാണ് ഇവയെല്ലാം. കൂനിന്മേൽ കുരു എന്ന പോലെ, ഇന്ത്യൻ ക്രിക്കറ്റിലെ സൂര്യ ചന്ദ്രന്മാരായ രോഹിത്, കോഹ്ലി എന്നിവരുടെ മോശം ഫോമും കാണികളെ നിരാശപ്പെടുത്തി. അത്യധികം ഫാൻ ഫോളോവിങ് ഉള്ള ധോണി, ജഡേജ എന്നിവർക്കും ഇതേ വരെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

എത്രയൊക്കെ കണ്ണഞ്ചിക്കുന്ന വർണ്ണക്കടലാസുകൾ കൊണ്ടു ലോകത്തിലെ ഏറ്റവും വലിയ ടൂര്ണമെന്റിനെ പൊതിഞ്ഞാലും, അവസാനം പിച്ചിലെ പ്രകടനങ്ങൾക്കാണ് കളിയെ സ്നേഹിക്കുന്നവർ പ്രാധാന്യം നൽകുക എന്ന് ഇനിയെങ്കിലും കളിയെ കച്ചവടം ചെയ്യാൻ തുനിഞ്ഞിറങ്ങിയവർ തിരിച്ചറിയുക. പുതിയ താരോദയങ്ങൾക്ക് വഴിയൊരുക്കുക, കാത്തിരിക്കുക.

ഖത്തർ ലോകകപ്പ് കാണാൻ ഗഫൂർ കാ ദോസ്ത് ആയാൽ പോരാ!

ഇത് വരെ നടന്ന ലോകകപ്പുകളിൽ വച്ച് ഏറ്റവും അത്ഭുതകരവും അമ്പരിപ്പിക്കുന്നതുമായ വേൾഡ് കപ്പ് നടത്താൻ ഒരുങ്ങുകുകയാണ് ഖത്തർ. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഇത്തവണ ഈ ഫുട്ബോൾ മാമാങ്കം നടക്കുക. അറബ് രാജ്യങ്ങളിൽ വച്ച് നടക്കുന്ന ആദ്യ ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് എന്നത് കൂടാതെ, ആദ്യമായി വിന്റർ സീസണിൽ നടക്കുന്ന വേൾഡ് കപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്.

2 ലക്ഷം തദ്ദേശീയർ മാത്രം ഉള്ള ഒരു രാജ്യത്തിന് ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ഉത്സവം നടത്താൻ സാധിക്കുമോ എന്ന സംശയം ആദ്യമേ മുതൽ ഉണ്ടായിരിന്നു. എന്നാൽ അതെല്ലാം തെറ്റാണെന്നു തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് ഖത്തർ സർക്കാരിന്റെയും ജനതയുടെയും ഭാഗത്തു നിന്ന് ഉണ്ടായതു. സ്റ്റേഡിയങ്ങൾ, യാത്ര- താമസ സൗകര്യങ്ങൾ എല്ലാം തയ്യാറാണ്. ടീമുകളും കാണികളും എത്തിയാൽ മതി.

വേൾഡ് കപ്പിനുള്ള രണ്ടാം ഘട്ട ടിക്കറ്റ് ലോട്ടറി ഏപ്രിൽ 28ന് അവസാനിച്ചപ്പോൾ കാണികളുടെ ഭാഗത്തു നിന്ന് കളി കാണാൻ സാധാരണയിൽ കവിഞ്ഞുള്ള താൽപ്പര്യമാണ് പ്രകടമായിട്ടുള്ളത്. വേൾഡ് കപ്പിൽ നടക്കുന്ന 64 കളികളുടെയും ടിക്കറ്റുകൾക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇപ്പോൾ താൽപ്പര്യം പ്രകടിപ്പിച്ചു റെജിസ്റ്റർ ചെയ്തവർക്ക് മെയ് 31ന് മുൻപ് അറിയാം, ടിക്കറ്റ് ലഭിച്ചോ ഇല്ലയോ എന്ന്. അത് കഴിഞ്ഞു ടിക്കറ്റുകൾ ബാക്കിയുണ്ടെങ്കിൽ ഓണ്ലൈനിലായി ഫസ്റ്റ് കം ഫസ്റ്റ് ബേസിൽ വാങ്ങാൻ കിട്ടും.

സാധാരണ വേൾഡ് കപ്പുകൾക്കു അതാതു രാജ്യങ്ങളിൽ ചെന്ന് സ്റ്റേഡിയങ്ങൾക്കു മുന്നിൽ കൈ കൊണ്ട് എഴുതിയ പ്ലക്കാർഡ് പിടിച്ചു ടിക്കറ്റ് തേടുന്നവരെ കാണാറുണ്ട്, ഖത്തറിൽ അത് നടക്കില്ല. സംഘാടകർ നേരത്തെ തന്നെ അറിയിച്ചിരിക്കുന്നത്, വേൾഡ് കപ്പ് ടിക്കറ്റ് ഉള്ളവർക്ക് മാത്രമേ വേൾഡ് കപ്പ് സമയത്തു ഖത്തറിലേക്ക് യാത്ര ചെയ്യാൻ വിസ അനുവദിക്കൂ എന്നാണ്. ആദ്യം ടിക്കറ്റ് എടുക്കുക, അത് കഴിഞ്ഞു ഫിഫ ഫാൻ ഐഡിയും ഖത്തർ സർക്കാർ നൽകുന്ന ഹായ കാർഡും ഓൺലൈനായി തന്നെ എടുക്കുക. ഇവ ഉപയോഗിച്ച് ഫ്ലൈറ്റ് ടിക്കറ്റും, താമസ സൗകര്യവും ഉറപ്പിക്കുക, എന്നിട്ടു വിസയ്ക്കായി അപ്ലൈ ചെയ്യുക. കളി കാണാൻ സ്റ്റേഡിയത്തിൽ എത്തുമ്പോഴും ഹായ കാർഡ് ടിക്കറ്റിനു ഒപ്പം കാണിക്കേണ്ടി വരും. മാത്രമല്ല അത് ഉപയോഗിച്ച് മെട്രോയിലും, ബസ്സിലും സൗജന്യമായി യാത്ര ചെയ്യുകയും ആവാം.

അത് കൊണ്ട് ഖത്തറിൽ മച്ചാനുണ്ട്, മാമയുണ്ട് എന്നും പറഞ്ഞു കളി കാണാൻ പോകാമെന്നു കരുതേണ്ട. പഴയ ഗഫൂർ കാ ദോസ്തിന്റെ സ്ഥിതിയാകും!

ഉമ്രാൻ നീ സൂപ്പർമാൻ

ഇന്ത്യൻ ടീമിലേക്ക് ഈ IPL സീസൺ നൽകുന്ന മിന്നും താരമാണ് ഉമ്രാൻ മാലിക്. ഇന്നത്തെ ബോളിങ് ഫിഗേർസ് തന്നെ നോക്കൂ, 4-0-25-5. തനിക്ക് അനുവദിച്ചിട്ടുള്ള 24 ബോളും 150കിമി സ്പീഡിൽ ഒരേ പോലെ എറിയുക എന്നത് ഒരു നിസ്സാര കാര്യമല്ല. ഇന്ന് ഇൻ ഫോം ബാറ്റ്‌സ്മാനായ സാഹയെ പുറത്താക്കിയ യോർക്കർ 153കിമി വേഗതയുള്ളതായിരിന്നു. ഇന്നത്തെ വിക്കറ്റുകൾ മാത്രമല്ല, ഇതിനു മുൻപുള്ള കളികളിൽ ഉമ്രാൻ എടുത്ത വിക്കറ്റുകളും മനോഹരങ്ങളായിരിന്നു. ഇത് വരെ എട്ട് കളികളിൽ നിന്നായി ഈ 22കാരൻ 15 വിക്കറ്റുകൾ ഈ സീസണിൽ എടുത്തു കഴിഞ്ഞു. ഇനിയും 6 കളികൾ പ്ലേ ഓഫിന് മുൻപ് ഉണ്ട്. ഹൈദരാബാദിന്റെ ഫോം വച്ച് നോക്കിയാൽ പ്ളേ ഓഫ് ഉറപ്പാണ്.

ഉമ്രാന്റെ ബോളുകൾക്കു സ്പീഡ് മാത്രമല്ല, കൃത്യതയുമുണ്ട്. യോർക്കർ, ബൗൺസർ എല്ലാം തന്നെ ഉദ്ദേശിച്ചയിടത്തു തന്നെ പിച്ച് ചെയ്യിക്കാൻ സാധിക്കുന്നു എന്നതാണ് ഈ പേസറുടെ മഹത്വം. എറിയുന്ന പിച്ചുകൾ ഏതെന്നു കൂടി നമ്മൾ ചിന്തിക്കണം. മുംബയിലെ ബാറ്റ്‌സ്‌മെൻ ഫ്രണ്ട്‌ലി പിച്ചുകളാണ് ഒക്കെയും. പല കളിക്കാരും ഉമ്രാന്റെ പന്തുകൾ കാണുന്നുണ്ടോ എന്ന് സംശയമുണ്ട്.

മറ്റൊന്ന്, ഉമ്രാന്റെ ടെമ്പറമെന്റ് ആണ്. സാധാരണ യുവ പേസർമാർ കുറച്ചു കളികളിൽ മെച്ചപ്പെട്ട ബോളിങ് കാഴ്ച വച്ച് കഴിയുമ്പോൾ അഗ്രഷൻ കൂടി കൂടി തന്റെയും ബോളിന്റെയും പുറത്തുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന കാഴ്ചയാണ് നമ്മൾ സാധാരണ കാണാറ്. എന്നാൽ ഇത് വരെയും ഒരു കളിയിൽ പോലും ഉമ്രാനെ നമ്മൾ അങ്ങനെ കണ്ടിട്ടില്ല. ഇതിലെ തമാശ എന്താണെന്നു വച്ചാൽ, മുൻകാല മുൻനിര ഫാസ്റ്റ് ബോളറും, അന്താരാഷ്ട്ര ക്രിക്കറ്റിലെ ആംഗ്രി മാനും ആയ, ഹൈദരാബാദിന്റെ ബോളിങ് കോച്ചായ ഡെയ്ൽ സ്റ്റെയ്ൻ ആണ് ഉമ്രാനെ ഈ നിലയിലേക്ക് പാകപ്പെടുത്തിയെടുത്ത് എന്നതാണ്.

ഇനിയും ഒരു മാസം കൂടി ഇതേ പോലെ ഈ യുവ കളിക്കാരനെക്കൊണ്ടു കളിപ്പിക്കാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മാന്യ കളിക്കാരനായ കെയിൻ വില്യംസണ് ആദ്യമായി IPL കപ്പ് ഹൈദരാബാദിലേക്ക് കൊണ്ട് പോകാം എന്നതിനേക്കാൾ ഇന്ത്യൻ ക്രിക്കറ്റിന് ഓസ്‌ട്രേലിയക്കു കൊണ്ട് പോകാൻ ഒരു ലോകനിലവാരത്തിലുള്ള ബോളറെ കിട്ടും എന്നതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം എന്ന് എന്ത് കൊണ്ടും വിശേഷിപ്പിക്കാവുന്ന ഉമ്രാനെ വേണ്ട രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് ഉപയോഗപ്പെടുത്തും എന്ന് നമുക്ക് വിശ്വസിക്കാം.

ക്യാപ്റ്റൻ സഞ്ജു സാംസൺ

ഇന്ന് 144 റൺസ് മാത്രം ഡിഫൻഡ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ ക്യാപ്റ്റൻ സഞ്ജു ടീമിനോട് പറഞ്ഞു, നമ്മൾ വെറും 10 വിക്കറ്റ് മാത്രം എടുത്താൽ മതി, അവർക്കാണെങ്കിൽ 145 റൺസ് വേണം. 19.3 ഓവറിൽ 115 റൺസ് എടുത്തു ആർസിബി ഓൾ ഔട്ട് ആയപ്പോൾ വിജയിച്ചത് രാജസ്ഥാൻ റോയൽസ് മാത്രമല്ല, സഞ്ജുവിന്റെ ക്യാപ്റ്റൻസി കൂടിയാണ്.

IPL 2022ലെ ഏതാണ്ട് 50% കളി കഴിഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസ് ആദ്യ നാലു ടീമുകളുടെ പട്ടികയിലുണ്ട്. കളിച്ച എട്ട് കളികളിൽ ആറെണ്ണം ജയിച്ചാണ് രാജസ്ഥാൻ ഈ നേട്ടം കൈവരിച്ചത്. ക്യാപ്റ്റൻ സഞ്ജുവിന് സന്തോഷിക്കാമെങ്കിലും റിലാക്സ് ചെയ്യാൻ സമയമായിട്ടില്ല. ഇനിയുമുണ്ട് ദൂരം ഏറെ താണ്ടുവാൻ.

സഞ്ജുവിന്റെ IPL ക്യാപ്റ്റന്സിയുടെ മൊത്തം പ്രകടനം എടുത്തു നോക്കിയാൽ, ക്യാപ്റ്റൻസി ഏറ്റെടുത്തു ആദ്യ കളിയിൽ തന്നെ സെഞ്ചുറി അടിച്ച ചരിത്രമാണ് നമ്മൾ ഓർക്കേണ്ടത്. പക്ഷെ ആകെ 5 കളികൾ മാത്രമാണ് കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ ജയിച്ചത്. അതെ സമയം ഇക്കൊല്ലം 6 കളികൾ ഇത് വരെ വിജയിച്ചിട്ടുണ്ട്. IPLൽ മൊത്തം 21 കളികളിൽ ടീമിനെ നയിച്ച സഞ്ജു, 11 കളികളിൽ വിജയം നേടി.

ഇക്കൊല്ലത്തെ രാജസ്ഥാൻ റോയൽസിന്റെ തേരോട്ടം ഓർമ്മപെടുത്തുന്നത് ആദ്യ സീസണിൽ വാർണിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ്. ഓരോ ബോൾ കഴിയുമ്പോഴും ഫീൽഡ് ഒന്നുകൂടി മുറുക്കി എതിരാളികളെ കുരുക്കാൻ കരുക്കൾ നീക്കുന്ന അതെ രീതിയാണ് സഞ്ജു ഇപ്പോൾ പിന്തുടരുന്നത്. കൂടാതെ, തന്റെ കൈയ്യിലുള്ള റിസോഴ്സസ് , അത് ബോളർ ആയിക്കൊള്ളട്ടെ, ഫീൽഡർ ആയിക്കൊള്ളട്ടെ, അവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ സഞ്ജു പഠിച്ചു കഴിഞ്ഞു. രാഹുൽ ദ്രാവിഡാണ് സഞ്ജുവിന്റെ ടെമ്പറമെന്റിൽ വലിയ മാറ്റം വരുത്തിയത്. കരിയറിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന അനാവശ്യ ചോര തിളപ്പ് മാറ്റി വച്ച് കൂൾ ഹെഡഡ് ആയി കളിക്കാൻ പഠിപ്പിച്ചത് രാഹുലാണ്‌.

ഇക്കൊല്ലം ടീമിനെ നയിക്കുന്ന സഞ്ജുവിന്റെ ഓരോ നീക്കങ്ങളിലും മുകളിൽ പറഞ്ഞ പോസിറ്റീവ് ഫാക്ടറുകൾ കാണാം. രാജസ്ഥാൻ റോയൽസിന്റെ ഇത് വരെയുള്ള കളികളിൽ ബട്ലരുടെയും, യുസിയുടെയും, പ്രസിദ്ധിന്റേയും, ഹിറ്റമേയറുടെയും, സെന്നിന്റെയും, അശ്വിന്റെയും മറ്റും പ്രകടനങ്ങൾ മികച്ചു നിൽക്കുന്നുണ്ടെങ്കിലും, ടീം എഫേർട്ട് ആണ് കളികൾ ജയിപ്പിച്ചത് എന്ന് നിസ്സംശയം പറയാം. അതിനു ഏറ്റവും അധികം ക്രെഡിറ്റ് കൊടുക്കേണ്ടത് സഞ്ജുവിന് തന്നെയാണ്. കോച്ച് സംഗക്കാര പല പ്രാവശ്യം പറഞ്ഞ പോലെ, സഞ്ജു ഒരു നാച്ചുറൽ ലീഡർ ആണ്. ടീമിനെ ക്യാപ്റ്റൻ എന്ന നിലക്ക് മുന്നോട്ടു നയിക്കുമ്പോഴും സഞ്ജു തന്റെ കീപ്പിങ്ങും ബാറ്റിങ്ങും വളരെ ഭംഗിയായി തന്നെ കളിക്കുന്നുണ്ട് എന്നതും ടീമിന് വലിയൊരു ആശ്വാസമാണ്. സ്വന്തം കളി മോശമാകുന്ന ഒരു ക്യാപ്റ്റനും ടീമിനെ നല്ല രീതിയിൽ നയിക്കാൻ സാധിക്കില്ല. കുറുമ്പും, കുസൃതിയും, കള്ളച്ചിരിയുമായി ഈ മലയാളി ക്യാപ്റ്റൻ ഇനിയും വളരെയധികം മുന്നോട്ടു പോകും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഉപ്പൂപ്പാടെ ആനയൊക്കെ എഴുന്നള്ളത്തിനു പോട്ടെ..

അതെ, തടി പിടിക്കാൻ മിടുക്കന്മാർ വേറെ വരട്ടെ. പറഞ്ഞു വരുന്നത് ഈ വർഷം ഓസ്‌ട്രേലിയയിൽ വച്ച് നടക്കുന്ന T20 ക്രിക്കറ്റ് വേൾഡ് കപ്പിനെ കുറിച്ചാണ്. ഇനി ഏതാണ്ട് അഞ്ചു മാസം മാത്രമുണ്ട്. ഇപ്പോഴത്തെ ഇന്ത്യൻ ടീം അതുപോലെ പോകില്ല എന്നാണെങ്കിലും ബിസിസിഐയ്യുടെ ഒരു രീതി വച്ച് വലിയ മാറ്റങ്ങൾ സാധാരണ വരുത്താറില്ല. അങ്ങനെയാണെങ്കിൽ വലിയ പ്രതീക്ഷയൊന്നും വേണ്ട. പോയി പങ്കെടുത്തു വരാം എന്ന് മാത്രം.

നമ്മുടെ ടീമിലെ പ്രമുഖ കളിക്കാർ ആരൊക്കെ എന്ന് നോക്കുക. വിരാട്, രോഹിത്, രാഹുൽ, പന്ത്, ഹാര്ദിക്ക്. ബാറ്റിംഗ് ഓർഡർ ആണ് പറഞ്ഞത്. ഈ ലൈനപ്പിൽ രാഹുലും ഹാർദിക്കും ഒഴിച്ചുള്ളവരുടെ ഇപ്പോഴത്തെ ഫോം നോക്കുക. അതെ, ഐപിഎൽ തന്നെ. ലോകത്തെ ഏറ്റവും മികച്ചതും കഴിവുകൾ കൊണ്ട് സമ്പന്നമായതും ആയ ലീഗാണിത് എന്നാണല്ലോ നമ്മുടെ ബോർഡിന്റെ അഭിപ്രായം.

ലോകോത്തര കളിക്കാരുടെ അഭാവത്തിലാണ് ഇത്തവണ കളി നടക്കുന്നത് എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. കളിക്കുന്ന ഗ്രൗണ്ടുകളോ, ബാറ്റ്‌സ്മാൻമാരുടെ ഈഗോ ഊതി വീർപ്പിക്കാൻ പറ്റിയതും. ഇതുമായി തട്ടിച്ചു നോക്കേണ്ടത് ബൗളർമാരുടെ പറുദീസയായ ഓസ്‌ട്രേലിയൻ പിച്ചുകളാണ്.

മുംബൈയിലെയും പുണെയിലെയും ഇത്തരം പിച്ചുകളിൽ, സാധാരണ നിലവാരത്തിലുള്ള ബോളർമാരെ പോലും നേരിട്ട് നിൽക്കാൻ ഫോമില്ലാത്ത കളിക്കാരെ ഓസ്ട്രേലിയയിലേക്കു അയക്കണമോ എന്ന് ബോർഡ് ശരിക്കും ചിന്തിക്കണം. ശരിയാണ്, ഇവരെല്ലാം നേരത്തെ കഴിവ് തെളിയിച്ചവരാണ്. പക്ഷെ ഇപ്പോഴത്തെ ഫോമാണ് പ്രശ്നം. പണ്ട് ധോണി ക്യാപ്റ്റൻ ആയ സമയത്തു സീനിയർ കളിക്കാരെ മാറ്റി ടീം ഉടച്ചു വർത്തപ്പോൾ മുൻനിരയിലേക്ക് വന്നവരാണ് ഇവരൊക്കെ. ഇപ്പോൾ ഫോം വീണ്ടെടുത്ത് തിരിച്ചു വരുന്നത് വരെ മാറി നിൽക്കണം. രാഹുൽ, ശിഖർ ധവാൻ, ഹാര്ദിക്ക്, ശ്രേയസ്, റായുഡു, സഞ്ജു, തിലക്, ദിനേശ് കാർത്തിക് തുടങ്ങിയവരെ പരിഗണിക്കണം.

ഇനി ബോളർമാരുടെ നിരയെടുത്താൽ ഭുവി, വാഷിംഗ്‌ടൺ, ചഹാർ, ഷാർഡുൾ, നടരാജൻ, ഷമി, ഭുമ്ര, സിറാജ് എന്നിവരാണ് ഇപ്പോഴുള്ളത്. പുറത്തു നിൽക്കുന്നവരോ, യുസി, കുൽദീപ്, ഉമേഷ്, ആവേഷ്, തുടങ്ങിയവരും. ഈ IPLന്റെ കണ്ടുപിടുത്തമായ ഉമ്രാനെ എങ്ങിനെ മറക്കും. ഓസ്‌ട്രേലിയൻ പിച്ചുകളിൽ തീ പാറുന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന ഒരു കളിക്കാരനാണ് ഉമ്രാൻ.

ജൂണിൽ നടക്കാൻ പോകുന്ന സൗത്ത് ആഫ്രിക്കയുടെ ഇന്ത്യ പര്യടന സമയത്തു പുതിയ കളിക്കാരെ വച്ച് പരീക്ഷിക്കണം. അവസാനം കേട്ടത് അഞ്ചു T20 മാച്ചുകളാണ് ഇരു ടീമുകളും കളിക്കുക എന്നാണ്. അങ്ങനെയെങ്കിൽ ഇത് ഇന്ത്യൻ ബോർഡിന് നല്ല ഒരു അവസരമാണ്, കഥകൾ മാറ്റി വച്ച് കളിക്കാരെ തിരഞ്ഞെടുക്കാൻ.

IPL ലീഗിന്റെ മൊത്തത്തിൽ ഉള്ള ഗ്രെയ്‌ഡ്‌ കുറഞ്ഞിട്ടുണ്ട് എന്ന് മുൻകാല കളിക്കാരും, ക്രിക്കറ്റ് വിദഗ്ധരും ഒരു പോലെ പറയുന്നുണ്ട്. ആദ്യ സീസണുകളിലെ പോലെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര കളിക്കാരെ ആകർഷിക്കാൻ സാധിക്കുന്നില്ല. കൊറോണയും, ബയോബബിളും ഒരു കാരണമായിരിക്കാം, പക്ഷെ പല ദേശീയ ബോർഡുകളും, ഒന്നുകിൽ IPL അല്ലെങ്കിൽ ദേശീയ ടീം എന്ന് കളിക്കാർക്ക് താക്കീതു കൊടുത്തു തുടങ്ങിയിട്ടുണ്ട്. കാശിന്റെ മഞ്ഞളിപ്പിൽ ഗാംഗുലിയും കൂട്ടരും ഇത് കാണുന്നുണ്ടാകില്ല, പക്ഷെ ഇതാണ് സത്യം. ലോക ക്രിക്കറ്റ് നിലവാരം എടുത്തു നോക്കിയാൽ കഴിഞ്ഞ രണ്ടു മൂന്നു സീസണുകളിൽ IPL നിലവാരം വളരെ വളരെ പുറകിലാണ്. ഈ കളി കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ വിജയക്കൊടി പാറിക്കും എന്നൊന്നും കരുതേണ്ട. ഇതിനും നമ്മൾ ഒരു പരിഹാരം കാണേണ്ടിയിരിക്കുന്നു.

അത് കൊണ്ട് ഉപ്പൂപ്പാന്റെ ആനകൾ പരസ്യത്തിൽ അഭിനയിച്ചു കാശുണ്ടാക്കട്ടെ, ഓസ്‌ട്രേലിയയിൽ കളിക്കാൻ പുത്തൻ തലമുറ പോകട്ടെ.

ക്വയിലോൺ, ഗെയിം ഓൺ!

ക്വയിലോൺ ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് ടെന്നീസ് കോച്ചിങ് തുടങ്ങി. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വിദഗ്ദ്ദ കോച്ചുകളുടെ മേൽനോട്ടത്തിലാണ് കോച്ചിങ് നടക്കുന്നത്. കൂടാതെ പരിചയ സമ്പന്നരായ കളിക്കാരും പങ്കടുക്കുന്നുണ്ട്.

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം കോംപ്ലെക്സിൽ ഉള്ള ടെന്നീസ് കോർട്ടിൽ വച്ചാണ് കോച്ചിങ്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 9447073874 / 9847074044

തിരിച്ചു പോക്കില്ലാതെ മുംബൈ

ഈ സീസണിലെ എട്ടാമത്തെ തോൽവിയോട് കൂടി മുംബൈ ടീമിന് ഇനി ഒരു തിരിച്ചു പോക്കുണ്ടാകില്ല എന്ന കാര്യം ഉറപ്പായി. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള ആറ് കളികൾ ജയിച്ചത് കൊണ്ടാകില്ല. ഇനിയെങ്കിലും ടീം മാനേജമെന്റ് വികാരങ്ങൾക്ക് അടിപ്പെടാതെ ഉറച്ച തീരുമാനങ്ങൾ എടുക്കണം. ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്തണം.

തോൽവിയുടെ ഉത്തരവാദിത്വം രോഹിതിന്റെ തലയിൽ കെട്ടിവയ്ക്കാൻ പറ്റില്ല. കളിക്കാരുടെ ലേലത്തിൽ പങ്കെടുത്തു തീരുമാനങ്ങൾ എടുത്തവരാണ് പഴി കേൾക്കേണ്ടത്. ആ കൂട്ടത്തിൽ അംബാനി കുടുംബവും ഉണ്ടെന്നുള്ളത് കൊണ്ടാകും ഇത് വരെ ഗാവസ്‌കർ പോലുള്ള ക്രിക്കറ്റ് കമന്റേറ്റർസ് ഒന്നും പറയാത്തത്.

അഞ്ചു കളി തോറ്റു നിൽക്കുന്ന സമയത്തു ഈ ലേഖകൻ പറഞ്ഞതാണ്, താരങ്ങളല്ല കളി ജയിപ്പിക്കുക, ടീം ആണെന്ന്. ഇപ്പഴും ഒരു ടീം ആയി കളിക്കാൻ മുംബൈക്ക് സാധിച്ചില്ല. മുൻകാല വ്യക്തിഗത പ്രകടനങ്ങളിൽ മുഴുകി ഒരിക്കലും ടീം തിരഞ്ഞെടുക്കരുത്. ഓരോ കളിക്കാരനും ആ ടീമിലുള്ള സ്ഥാനം വേണം ടീമിൽ ചേരാനുള്ള ഘടകം. ഇനി ചെയ്യാവുന്നത് ശക്തമായ തീരുമാങ്ങൾ എടുത്തു പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ എന്ന ചീത്ത പേര് മാറ്റാൻ ശ്രമിക്കുകയാണ്.

Exit mobile version