ജോയൽ മാറ്റിപ് : ലിവർപൂളിന്റെ അതികായകനായ പോരാളി

ജോയൽ മാറ്റിപ് ലിവർപൂളിൽ വന്നപ്പോൾ ലിവർപൂൾ പ്രതിരോധനിരയുടെ അവസ്ഥ പരിതാപകരമായിരുന്നു. എന്നാൽ ഇന്ന് കഥ അതല്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിയിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധനിര ലിവർപൂളിന്റെ ആണെന്ന് നിസ്സംശയം പറയാം. അതിൽ പ്രധാന പങ്ക് വഹിച്ചത് വാൻ ഡൈകും അലിസ്സണും ആണെങ്കിലും മാറ്റിപ്പിന്റെ പങ്ക് നമ്മൾക്ക് തള്ളി കളയുവാൻ സാധിക്കില്ല

വാൻ ഡൈകിന്റെ അസാധാരണ മികവ് കാരണം പലപ്പോഴും മാറ്റിപ്പിന്റെ പ്രേകടനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ വാൻഡൈക് നിറം മങ്ങുമ്പോൾ പോലും മാറ്റിപ് തൻ്റെ പങ്കാളിയുടെ രക്ഷക്ക് എത്തിയിട്ടുണ്ട് . ഉദാഹരണത്തിന് ആർസണലിനു എതിരെയുള്ള കളിയിൽ ഒബാമയങ് ലിവർപൂളിന്റെ പ്രതിരോധനിര ഭേദിച്ച് ഷൂട്ട് ചെയ്യാൻ പോയപ്പോൾ മാറ്റിപ്പാണ് ഓടി വന്നു ഒബാമയങ്ങിനെ ടാക്കിൾ ചെയ്തത്. ഇത് പല സന്ദർഭങ്ങളിൽ ഒന്ന് മാത്രമാണ് .

മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ തയ്യാറെടുക്കുന്ന ലിവർപൂളിന് മാറ്റിപ്പിന്റെ സാന്നിദ്ധ്യം നിർണായകമാണ്. ഈ സീസണിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ തന്റെ പങ്കാളിയായ വാൻ ഡൈകിനേക്കാൾ മികച്ച പ്രകടനമാണ് മാറ്റിപ് കാഴ്ച വെക്കുന്നത്. അത് കൊണ്ടു തന്നെയാവണം ലിവർപൂൾ മാറ്റിപ്പിനു പുതിയ ഒരു കരാർ നൽകിയത്.

ഒരു കാര്യം ഉറപ്പാണ്. ജോ ഗോമെസിനു ലിവർപൂൾ ലൈനെപ്പിലേക്കുള്ള തിരിച്ചുവരവ് ദുഷ്കരം തന്നെ. ഈ ഫോമിൽ മാറ്റിപ് മുന്നേറുകയാണെങ്കിൽ വരും വർസ്ഗങ്ങളിലെ ലിവർപൂളിന്റെ പ്രതിരോധം ഈ കാമറൂൺ വംശജന്റെയും വാൻ ഡൈകിന്റെയും കൈയിൽ സുരക്ഷിതം.

അലയൻസ് അറീനയിൽ ആറടിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ആതിഥേയരായ ബയേൺ മ്യൂണിക്ക് മെയിൻസിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ബയേൺ പിന്നീട് വമ്പൻ തിരിച്ച് വരവ് നടത്തുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ നാല് ഗോളുകളും ബയേൺ അടിച്ച് കൂട്ടി.

ആദ്യ ഹോം മാച്ചിൽ ഒരു ഗോളും അസിസ്റ്റും ബയേണിന്റെ ജേഴ്സിയിൽ നേടാൻ പെരിസിചിനായി. ബയേണിന് വേണ്ടി പവാർദ്,അലാബ,പെരിസിച്,കോമൻ,ലെവൻഡോസ്കി,അൽഫോൺസോ ഡേവിസ് എന്നിവരാണ് ഗോളടിച്ചത്. മെയിൻസിന്റെ ആശ്വാസ ഗോൾ ബൊയിടിയസ് നേടി. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ബയേൺ നേരിടേണ്ടത് ആർബി ലെപ്സിഗിനെയാണ്. ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്നും 7 പോയന്റാണ് ബയേൺ മ്യൂണിക്കിനുള്ളത്.

ബയേൺ മ്യൂണിക്ക് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ നേതൃമാറ്റം. ബയേൺ പ്രസിഡന്റ് ഊലി ഹോനസ് സ്ഥാനമൊഴിഞ്ഞു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്ന് മുൻപ് തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തനിക്ക് പകരക്കാരനായി ഹോനസ് മുൻ അഡിഡാസ് മേധാവിയായ ഹെർബർട്ട് ഹെയ്നറിനെയാണ് നിർദ്ദേശിച്ചിരുന്നത്. ബയേൺ ബോർഡും ഹെയ്നറിനെ തിരഞ്ഞെടുത്തു.

ബയേൺ CEO ആയി ജർമ്മൻ ലെജന്റ് ഒളിവർ കാനും ബയേൺ ബോർഡിലേക്കെത്തും. കാൾ ഹെയിൻസ് റെമെനിഗയ്ക്ക് പകരക്കാരനായാണ് അദ്ദേഹം ടീമിലെത്തുക. ബയേണിനെ യൂറോപ്പിലെ വമ്പൻ ശക്തികളായി വളർത്തിക്കൊണ്ടുവന്നതിൽ ഹോനസിന്റെ പങ്ക് വലുതാണ്. 9 വർഷത്തോളം ബയേണിന്റെ താരമായിരുന്ന ഹോനസ് ലോകകപ്പ് ഉയർത്തിയ ജർമ്മൻ ടീമിലും അംഗമായിരുന്നു. 1979 നു ശേഷം റിട്ടയർമെന്റിന് ശേഷം ബയേണിന്റെ ജനറൽ മാനേജറായും പിന്നീട് പ്രസിഡന്റായും ചുമതലയേറ്റു.

ബാഴ്സലോണ മരണ ഗ്രൂപ്പിൽ, ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ടീമുകൾ വിയർക്കും

2019-20 ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിലെ ഡ്രോയിൽ നാല് സ്പാനിഷ് ടീമുകളാണ് ഉൾപ്പെട്ടത്. റയൽ മാഡ്രിഡ്, അത്ലെറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, വലൻസിയ എന്നീ ടീമുകളെ അവരുടെ എതിരാളികളെ അറിഞ്ഞു.

ഗ്രൂപ്പ് എയിലാണ് റയൽ മാഡ്രിഡിന്റെ സ്ഥാനം. പിഎസ്ജി, ബ്രൂഗ്സ്,ഗലറ്റസരായ് എന്നീ ടീമുകളോടൊപ്പമാണ് സിനദിൻ സിദാന്റെ റയലും. അടുത്ത ഘട്ടത്തിലേക്ക് റയലും പിഎസ്ജിയും കടക്കുമെന്നുറപ്പാണ്. കഴിഞ്ഞ 6 ചാമ്പ്യൻസ് ലീഗ് ടൂർണമെന്റുകളിൽ 4 എണ്ണവും നേടിയത് റയൽ മാഡ്രിഡാണ്.

അതേ സമയം ബാഴ്സലോണ ഗ്രൂപ്പ് എഫിലാണ്. ബൊറുസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ,സ്ലാബിയ പ്രാഗ് എന്നിവരാണ് ഗ്രൂപ്പ് എഫിലെ ബാഴ്സയുടെ എതിരാളികൾ. 8 ലാ‌ ലീഗ കിരീടങ്ങൾ സമീപകാലത്ത് നേടിയ ബാഴ്സലോണ 2015 നു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയിട്ടില്ല. ഡിയോഗോ സിമിയോണിയും അത്ലെറ്റിക്കോ മാഡ്രിഡും വീണ്ടും യുവന്റസിനോടേറ്റു മുട്ടും.

കഴിഞ്ഞ സീസണിൽ നോക്കൗട്ട് സ്റ്റേജിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് യുവന്റസ് അത്ലെറ്റിക്കോയെ പരാജയപ്പെടുത്തിയത്. ജർമ്മൻ ടീമായ ബയേർ ലെവർകൂസനും ലോക്കോമോട്ടീവ് മോസ്കോയുമാണ് ഗ്രൂപ്പ് ഡിയിലെ മറ്റു എതിരാളികൾ. ഗ്രൂപ്പ് എച്ചിൽ യൂറോപ്പ ചാമ്പ്യന്മാരായ ചെൽസിക്കും കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ അയാക്സിനും ഫ്രഞ്ച് ടീമായ ലില്ലെയ്ക്കും ഒപ്പമാണ് വലൻസിയ. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ തോൽവി മറക്കാനുതകുന്ന പ്രകടനമാവും വലൻസിയ ലക്ഷ്യം വെക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ ബയേണിന് വെല്ലുവിളിയുയർത്തി ടോട്ടെൻഹാം

താരതമ്യേന ഭേദപ്പെട്ട ഗ്രൂപ്പിലാണ് ടോട്ടെൻഹാം ഹോട്ട്സ്പർസും ബയേൺ മ്യൂണിക്കും എത്തിപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ബയേണും ടോട്ടെൻഹാമും റെഡ് സ്റ്റാർ ബെൽഗ്രേഡും ഒളിമ്പ്യാക്കോസുമാണുള്ളത്. റെഡ് സ്റ്റാറും ഒളിമ്പ്യാക്കോസും ഉള്ളതിനാൽ ഗ്രൂപ്പ് സ്റ്റേജ് കടക്കാൻ ഇരു ടീമുകൾക്കും ആകുമെങ്കിലും കരുത്തരാരെന്ന ചോദ്യം മാത്രമാണ് ബാക്കി. റെഡ് സ്റ്റാർ ബെൽഗ്രേഡുമായി സെപ്റ്റംബർ 19 നാണ് ബയേൺ മ്യൂണിക്കിന്റെ ആദ്യ മത്സരം.

ഒക്ടോബർ രണ്ടിന് ടോട്ടെൻഹാം ബയേൺ പോരാട്ടം നടക്കും. ബെൽഗ്രേഡിലെ എവേ മാച്ചുകൾ എല്ലാ യൂറോപ്യൻ ടീമുകൾക്കും വെല്ലുവിളിയാണ്. ഗാലറിയെ തീ ജ്വാലയാക്കി മാറ്റുന്ന ഫുട്ബോൾ ആവേശം ബെൽഗ്രേഡിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കനാകും ടോട്ടെൻഹാം ഹോട്ട്സ്പർസ് ശ്രമിക്കുക.

ലയണൽ മെസ്സിയെന്ന എതിരാളിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ.
യുവേഫ‌ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡ്രോയുടെ ഇടയിൽ ഫുട്ബോൾ ലോകത്തെ കൗതുകം കൊള്ളിച്ച ഒരു കാര്യം നടന്നു. അവതാരിക ലയണൽ മെസ്സിക്ക് അടുത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയോട് മെസ്സിയെക്കുറിച്ച് ആരാഞ്ഞു. മറുപടിയായി ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ വാക്കുകളാണ് കാണികൾ കേട്ടത്. 15 വർഷത്തോളമായി ഇതേ വേദി മെസ്സിയും റൊണാൾഡോയും പങ്കിടാൻ തുടങ്ങിയിട്ട്. ഇത്തരത്തിലൊരു റൈവലറി ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിരുന്നോ എന്ന് പോലും സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

സ്പെയിനിൽ ഫുട്ബോൾ കളിക്കുന്നതിനെക്കുറിച്ചും റൊണാൾഡോ വാചാലനായി. ലാ ലീഗയെ താൻ മിസ്സ് ചെയ്യുന്നുണ്ടെന്നും മെസ്സിക്ക് എതിരാളിയായി താനുണ്ടായത് ഇരു താരങ്ങളുടെ കരിയറിലും നേട്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്നും റൊണാൾഡോ പറഞ്ഞു. കഴിഞ്ഞ സീസണിലാണ് റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് റൊണാൾഡോ ചുവട് മാറ്റിയത്. കഴിഞ്ഞ സീസണിൽ ഇറ്റലിയിൽ റൊണാൾഡോയും സ്പെയിനിൽ മെസ്സിയും കിരീടമുയർത്തിയിരുന്നു.

മേതർ പ്രസിഡന്റ് സ്ഥാനത്തേക്കില്ല, കെ എഫ് എ ഇലക്ഷൻ ആഗസ്റ്റ് 31 ന് നടക്കും

കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 31നു നടക്കും. രണ്ട് ദശാബ്ദക്കാലത്തോളം കേരള ഫുട്ബോളിന്റെ അമരക്കാരനായ കെ.എം.ഐ മേതർ ഇത്തവണ മത്സരത്തിനില്ല. നിയമാവലി അനുസരിച്ച് 70ൽ അധികം പ്രായമുള്ളവർക്ക് മത്സരിക്കാൻ സാധിക്കാത്തതിനാൽ മേതർ പിന്മാറുകയായൊരുന്നു.

എങ്കിലും കെഎഫ്എയുടെ ഓണററി പ്രസിഡന്റായി അദ്ദേഹം തുടരും. കേരള ഫുട്ബോളിന്റെ തലപ്പത്തേക്ക് പുതിയൊരാൾ കടന്നുവരാനുള്ള വഴിയാണൊരുങ്ങുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എ. പ്രദീപ് കുമാർ എംഎൽഎയും ടോം ജോസുമാണുള്ളത്. സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്ല. നിലവിലെ സെക്രട്ടറി അനിൽകുമാർ തന്നെ തുടരും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെപി സണ്ണി, ഗോപാലകൃഷ്ണൻ, രഞ്ജ് കെ ജേക്കബ്,എം എം പൗലോസ്, അബ്ദുൾ കരീം, മോഹനൻ എം വി, വിജയകുമാർ എന്നിവരാണ് മത്സരിക്കുന്നത്. ജോയന്റ് സെക്രട്ടറിമാരുടെ സ്ഥാനത്തേക്ക് അച്ചു, റഫീക്ക്, ഗീവർഗ്ഗീസ് എന്നിവരും മത്സരിക്കുന്നു.

പിഎസ്ജിയും റയൽ മാഡ്രിഡും ലിവർപൂളും നാപോളിയും നേർക്ക് നേർ, ആവേശമുണർത്തുന്ന ചാമ്പ്യൻസ് ലീഗ് ഡ്രോ

യൂറോപ്പ്യൻ ഫുട്ബോളിന്റെ ആരവമുയർന്നു. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ ആവേശപ്പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ പിഎസ്ജിയും റയൽ മാഡ്രിഡും ക്ലബ്ബ് ബ്രൂഗ്സും തുർക്കിയിലെ ഗലറ്റസരായും ഏറ്റുമുട്ടും.

ഗ്രൂപ്പ് ബിയിൽ ജർമ്മൻ ചാമ്പ്യന്മാരായ ബയേണും കഴിഞ്ഞ സീസണിലെ  ഫൈനലിസ്റ്റുകളായ ടോട്ടെൻഹാം ഹോട്ട്സ്പർസും ഒളിമ്പ്യാക്കോസും റെഡ് സ്റ്റാർ ബെൽഗ്രേഡുമാണുള്ളത്.

താരതമ്യേന എളുപ്പമാണ് ഗ്രൂപ്പ് സി. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ഷാക്തറും അറ്റലാന്റയും ഡൈനാമോ സാഗരെബുമാണ്.

ഗ്രൂപ്പ് ഡിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവന്റസും അത്ലെറ്റിക്കോ മാഡ്രിഡിനെ വീണ്ടും കണ്ട് മുട്ടുന്നത്. കഴിഞ്ഞ സീസണിൽ ഒരു ഐതിഹാസിക മത്സരം ചാമ്പ്യൻസ് ലീഗിന് ഇരു ടീമുകളും സമ്മാനിച്ചിരുന്നു. ജർമ്മൻ ടീമായ ബയേർ ലെവർകൂസനും ലോക്കോമോട്ടിവ് മോസ്കോയും ഗ്രൂപ്പ് ഡിയിൽ തന്നെയാണ്. ഗ്രൂപ്പ് ഈയിൽ ചാമ്പ്യന്മാരായ ലിവർപൂളും നാപോളിയും ആസ്ട്രിയൻ ക്ലബ്ബായ സാൽസ്ബർഗും ജെങ്കുമാണുള്ളത്.

ഗ്രൂപ്പ് എഫിൽ കരുത്തരായ ബാഴ്സലോണ ഏറ്റുമുട്ടേണ്ടത് ബൊറുസിയ ഡോർട്ട്മുണ്ടിനോടും ഇന്റർ മിലാനോടും സ്ലാവിയ പ്രാഗിനോടുമാണ്. ഗ്രൂപ്പ് ജിയിൽ ബെൻഫിക്കയ്ക്ക് എതിരാളികൾ സെനിറ്റ് എഫ്സിയും ലിയോണും ലെപ്സിഗുമാണ്.

ഗ്രൂപ്പ് എച്ചിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ചെൽസി കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിലെ കറുത്ത കുതിരകളായ അയാക്സിനെയും വലൻസിയയേയും ലില്ലെയേയും നേരിടും. യൂറോപ്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന തകർപ്പൻ ഡ്രോ തന്നെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

 

ഇന്ത്യക്ക് തിരിച്ചടി, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് അമർജിത്തില്ല

ലോകകപ്പ് യോഗ്യത മത്സരത്തിനായിറങ്ങുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഇന്ത്യയുടെ യുവതാരം അമർജീത്തിന് പരിക്ക്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ അമർജീത്തിന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകും. ഒമാനെതിരെയും ഖത്തറിനെതിരെയുമാണ് ഇന്ത്യയുടെ ആദ്യ രണ്ട് ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

പരിശീലനത്തിനിടെ കൈകുഴ്യ്ക്കേറ്റ പരിക്കാണ് യുവതാരത്തിന് വിനയായത്. സെപ്റ്റംബർ 5 നു ഒമാനെതിരെ ഗുവാഹത്തിയിൽ ആണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരം. മുൻ ഇന്ത്യൻ അണ്ടർ 17 ക്യാപ്റ്റനായ അമർജീത്ത് സിംഗ് ഇന്റർകൊണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്റർകൊണ്ടിനെന്റൽ കപ്പിലെ തകർപ്പൻ പ്രകടനം അമർജീത്തിന് ഇന്ത്യൻ സ്ക്വാഡിൽ ഇടമുറപ്പിച്ചിരുന്നു. പരിക്കേറ്റ അമർജീത്തിന് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജർമ്മൻ ടീം പ്രഖ്യാപിച്ച് ജോവാക്കിം ലോ

നെതർലാന്റ്സിനും നോർത്തേൺ അയർലാണ്ടിനും എതിരായ ജർമ്മനിയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. സൂപ്പർ താരം എമ്രെ ചാൻ ദേശീയ ടീമിൽ തിരിച്ചെത്തി. പരിക്ക് കാരണം സാനെയും ഡ്രാക്സ്ലറും ടീമില്ല. ബുണ്ടസ് ലീഗ ടീമുകളിലെ താരങ്ങളാണ് ടീമിലധികവും.

ബയേൺ മ്യൂണിക്കിന്റെ അഞ്ച് താരങ്ങൾ ടീമിലുണ്ട്. നുയർ,സുലെ,ഗ്നാബ്രി,ഗോരെട്സ്ക,കിമ്മിഷ് എന്നിവരാണ് ടിമിലെത്തിയത്. ലോയുടെ ഫേവറൈറ്റുകളായ ടോണി ക്രൂസും മാർക്കോ റിയൂസും ടീമിലുണ്ട്. അണ്ടർ 21 ടീമിൽ നിന്നും ലൂക വാൾഡെഷ്മിഡിന് ദേശീയ ടീമിലേക്ക് ആദ്യ ക്ഷണം ലഭിച്ചിട്ടുണ്ട്. സാനെയുടെ പരിക്കാണ് താരത്തിന് വഴി തുറന്നത്.

യു എസ് ഓപ്പണിൽ 100 മത്സരങ്ങൾ തികച്ച് റോജർ ഫെഡറർ

യു എസ് ഓപ്പണിൽ 100‌മത്സരങ്ങൾ തികച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പൊരുതി ജയിച്ചാണ് ഫെഡറർ ഈ നേട്ടം സ്വന്തമാക്കിയത്.

19 ആം തവണയാണ് യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ റോജർ ഫെഡറർ കടക്കുന്നത്. ശക്തമായ മത്സരത്തിൽ ആദ്യ സെറ്റ് വഴങ്ങിയ ശേഷം പിറകിൽ നിന്നും തിരിച്ച് വന്നാണ് ഫെഡെറർ ജയിച്ചത്. ബോസ്നിയൻ താരം ദാമിയർ ദിമിഹൂറിനെതിരെയായിരുന്നു ഫെഡററുടെ ജയം.

സെവിയ്യയുടെ ബ്രസീലിയൻ ഫുൾബാക്കിനെ സ്വന്തമാക്കി അറ്റലാന്റ

സെവിയ്യയുടെ ബ്രസിലിയൻ പ്രതിരോധ താരത്തെ സ്വന്തമാക്കി അറ്റലാന്റ. ഒരു സീസണിലെ ലോണിലാണ് ബ്രസീലിയൻ പ്രതിരോധ താരം ഗ്വിൽഹെർമേ അരാനയെ അറ്റലാന്റ സ്വന്തമാക്കിയത്. സെവിയ്യ സ്ട്രൈക്കർ ലൂയിസ് മുരിയേലിനേയും അറ്റലാന്റ സ്വന്തമാക്കിയിരുന്നു‌.

ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിട്ടുണ്ട് അറ്റലാന്റ. 22 കാരനായ യുവതാരം കൊറിന്ത്യൻസിൽ നിന്നാണ് സെവിയ്യയിലേക്കെത്തുന്നത്. ലാ ലീഗയിൽ 18 മാസം കളിച്ചിട്ടും 12 മത്സരങ്ങൾ മാത്രമാണ് സെവിയ്യക്ക് വേണ്ടി അരാന കളിച്ചത്.

Exit mobile version