പ്രീ സീസണിൽ ഗോൾഫ് കളിച്ച് ബെയ്ൽ‍, പരിഹാസവുമായി സിദാൻ

റയൽ മാഡ്രിഡിലെ കലഹം വീണ്ടും പത്രതലക്കെട്ടുകളിൽ ഇടം നേടുന്നു. പരിശീലകൻ സിനദിൻ സിദാനും സൂപ്പർ താരം ഗാരെത് ബെയ്ലും തമ്മിലുള്ള പടലപ്പിണക്കം പരസ്യമായ രഹസ്യമാണ്. അടുത്ത സീസണിലേക്കുള്ള റയൽ സ്ക്വാഡിൽ വെൽഷ് താരം ഉണ്ടാവില്ലെന്നതുറപ്പാണ്. ചൈനീസ് സൂപ്പർ ലീഗിലേക്കൊരു നീക്കം ബെയ്ല് നടത്തിയെങ്കിലും അവസാന നിമിഷം കരാർ നടക്കാതെ പോവുകയായിരു‌ന്നു.

അതേ സമയം സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ അനുസരിച്ച് ഔഡി കപ്പിലെ റയൽ – ടോട്ടെൻഹാം മത്സരം നടക്കുന്നതിനിടയിൽ ഗാരെത് ബെയ്ല് ഗോൾഫ് കളിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് പരിഹാസപൂർവ്വമായിരുന്നു സിദാന്റെ മറുപടി. ഗോൾഫ് ഗ്രൗണ്ടിൽ ചിലപ്പോൾ ബെയ്ല് പരിശീലനം നടത്തിക്കാണുമെന്നാണ് സിദാന്റെ പരിഹാസം. റയൽ മാഡ്രിഡുമായുള്ള കരാർ മൂന്ന് വർഷം കൂടെ ബാക്കിയുണ്ട് ബെയ്ലിന്. കഴിഞ്ഞ സീസണിൽ 14 ഗോളുകളും 6 അസിസ്റ്റുമാണ് ബെയ്ല് റയലിന് വേണ്ടി നേടിയത്.

കരൈക്കുടി കാളൈകളെ വീഴ്ത്തി ടുട്ടി പാട്രിയറ്റ്സ്

തമിഴ്നാട് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ടുട്ടി പാട്രിയറ്റ്സ്. ക്യാപ്റ്റൻ സുബ്രഹ്മണ്യ ശിവയുടെ(87) വെടിക്കെട്ട് ഇന്നിംഗ്സാണ് ടുട്ടി പാട്രിയറ്റ്സിന് ജയം നൽകിയത്. 57 റൺസിന്റെ ജയമാണ് ടുട്ടി പാട്രിയറ്റ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടുട്ടി പാട്രിയറ്റ്സിന് 4 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടാൻ കഴിഞ്ഞു.

നിധീഷ് രാജഗോപാൽ 34 റൺസ് എടുത്ത് സുബ്രഹ്മണ്യ ശിവക്ക് പിന്തുണ നൽകി. വെങ്കിടേഷ് 30 റൺസും നേടി. മുകുംതൻ, കൃഷ്ണകുമാർ, രാജ്കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം കാരൈക്കുടി കാളൈകൾക്ക് വേണ്ടി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കാളൈകൾക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സൂര്യപ്രകാശ് (31)അശ്വിൻ കുമാർ(30) ശ്രീനിവാസൻ (27) മാത്രമാണ് കാളൈകളുടെ നിരയിൽ നിന്നും പൊരുതി നോക്കിയുള്ളു. തമിൾകുമാരൻ,സെന്തിൽനാഥൻ,വെങ്കിടേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗണേഷ് മൂർത്തിയും ഡേവിഡ്സണ്ണും ഓരോ വിക്കറ്റും വീഴ്ത്തി.

ബ്ലാക്ക് ഫീനിക്സ് 2.0 , തേർഡ് കിറ്റുമായി പാർമ

ഇറ്റാലിയൻ ഫുട്ബോളിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ പാർമ മൂന്നാം കിറ്റ് പുറത്തിറക്കി. വമ്പിച്ച കട ബാധ്യതയിൽ നിന്നും ഉയർത്തെഴുന്നേറ്റ പാർമ ഇതിനെ സൂചിപ്പിക്കാൻ കിറ്റിൽ ഫീനിക്സിനെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 2015 ലാണ് ബാങ്ക്റാപ്‌സിയെ തുടർന്ന് ക്ലബ് തകർന്നത്.

പിന്നീട് സീരി ഡിയിൽ നിന്നും ആരംഭിച്ച പാർമ തുടർച്ചയായ മൂന്നു പ്രമോഷനുകളുമായി ചരിത്രമെഴുതിയാണ് ഇത്തവണ സീരി എ യിൽ എത്തുന്നത്. ബ്ലാക്ക് ഫീനിക്സ് 2.0 എന്നാണ് കിറ്റ് പാർട്ട്ണേഴ്സായ എരിയ കിറ്റിനെ വിശേഷിപ്പിച്ചത്. ഫീനിക്സ് ഈസ് ദ് ന്യൂ ബ്ലാക്ക് എന്ന ഹാഷ്ടാഗിലാണ് കിറ്റ് പാർമ പുറത്തിറക്കിയിരിക്കുന്നത്.

പോർച്ചുഗീസ് യുവതാരത്തെ ടീമിലെത്തിച്ച് മിലാൻ

പോർച്ചുഗീസ് യുവതാരം റഫയേൽ ലിയോയെ സ്വന്തമാക്കി മിലാൻ. 5 വർഷത്തെ കരാറിലാണ് പോർച്ചുഗീസ് താരം സാൻ സൈറോയിലേക്കെത്തുന്നത്. 30 മില്ല്യൺ നൽകിയാണ് റോസനേരികൾ പോർച്ചുഗീസ് U21 അറ്റാക്കറെ ലില്ലെയിൽ നിന്നും സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിലേക്ക് പറന്ന ഇറ്റാലിയൻ യുവതാരം പാട്രിക് കുട്രോണിന് പകരക്കാരനായാണ് റഫയേലിനെ മിലാൻ എത്തിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിലെ മൂന്നാം മിലാൻ സൈനിംഗാണ് താരം. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ എട്ടു ഗോളുകൾ ആണ് യുവതാരത്തിന്റെ സമ്പാദ്യം.

ദബാംഗ് ഡൽഹിയുടെ വിജയക്കുതിപ്പവസാനിപ്പിച്ച് ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ്

പ്രോ കബഡി ലീഗിൽ ദബാംഗ് ഡെൽഹിയുടെ അപരാജിതക്കുതിപ്പവസാനിപ്പിച്ച് ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ്. ഗുജറാത്ത് 31-26 എന്ന സ്കോറിനാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്.

നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആദ്യ പരാജയമാണ് ഡൽഹി ഏറ്റ് വാങ്ങിയത്. ജിബി മോർ, രോഹിത്ത് ഗൂലിയ എന്നിവരുടെ ഓൾ റൗണ്ടർ പ്രകടനമാണ് ഗുജറാത്തിന് ജയം നൽകിയത്. 10 റെയിഡ് പോയന്റുമായി നവീൻ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ഡൽഹിക്ക് തോല്വിയായിരുന്നു ഫലം. ഇനി ജയ്പൂർ പിങ്ക് പാന്തേഴ്സിനോടാണ് ഡൽഹിയുടെ മത്സരം. നാളെ യൂ മുംബയാണ് ഗുജറാത്തിന്റെ എതിരാളികൾ.

ബാഴ്സലോണ വിട്ട കെവിന്‍ പ്രിന്‍സ് ബോട്ടങ്ങ് ഫിയോരെന്റിനയിൽ

ബാഴ്സലോണ വിട്ട കെവിൻ പ്രിൻസ് ബോട്ടെങ്ങ് ഇറ്റലിയിൽ തിരിച്ചെത്തി. ഇറ്റാലിയൻ ക്ലബ്ബായ ഫിയോരെന്റീനയുമായി 2 വർഷത്തെ കരാറിലാണ് താരം സീരി എയിൽ തിരിച്ചെത്തിയത്. ഒരു മില്ല്യൺ യൂറോ ബോട്ടാങ്ങിന് നൽകിയാണ് താരത്തെ ഫിയോരെന്റീന ടീമിലെത്തിച്ചത്.

ജര്‍മ്മന്‍ ഇന്റര്‍നാഷണല്‍ ജെറോം ബോട്ടങ്ങിന്റെ സഹോദരനാണ് കെവിന്‍ പ്രിന്‍സ്. മുൻപ് എ സി മിലാന്‍, ടോട്ടന്‍ഹാം, ഡോര്‍ട്മുണ്ട് തുടങ്ങിയ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ 32 കാരനായ താരം 4 മത്സരങ്ങളിലാണ് ബാഴ്സക്ക് വേണ്ടി കളിച്ചത്. ലാ ലീഗയിൽ രണ്ടാം വരവായിരുന്നു ഇത്. ലാസ് പാൽമാസിലും 2016-17 സീസണിൽ ബോട്ടാങ്ങ് കളിച്ചുരുന്നു. ഇത് ബോട്ടാങ്ങിന്റെ കരിയറിലെ 10 ആം ക്ലബ്ബായിരുന്നു. സീസണിന്റെ ആദ്യ പകുതിയിൽ ഇറ്റലിയിൽ സാസുവോളയ്ക്ക് വേണ്ടി 15 മത്സരങ്ങളിൽ അഞ്ച് ഗോളുകളും നേടിയിരുന്നു.

യൂ മുംബയെ തകർത്ത് ആദ്യ ജയവുമായി യുപി യോദ്ധ

പ്രോ കബഡിയിൽ ആദ്യ ജയവുമായി യൂപി യോദ്ധ. കരുത്തരായ യൂ മുംബയെ ആണ് യുപി യോദ്ധ തകർത്തത്. 27-23 എന്ന സ്കോറിനാണ് യുപി യോദ്ധ ജയിച്ചത്. യൂ മുംബയെക്ക്തിരായ തുടർച്ചയായ മൂന്നാം ജയമാണ് യുപി യോദ്ധാസ് നേടിയത്. ഒരു ക്ലോസ് എങ്കൗണ്ടറിലായിരുന്നു യൂപിയുടെ ജയം.

ആദ്യ പകുതിയിൽ തന്നെ 14-12 യുപിയുടെ ആധിപത്യം മത്സരത്തിൽ പ്രകടമായിരുന്നു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് പ്രോ കബഡിയുടെ ഏഴാം സീസണിൽ ഒരു പരാജയം യൂ മുംബ ഏറ്റു വാങ്ങുന്നത്.

ഹരിയാന സ്റ്റീലേഴ്സിനെ പരാജയപ്പെടുത്തി ജയ്പൂർ പിങ്ക് പാന്തേഴ്സ്

പ്രോ കബഡി ലീഗിൽ ജയ്പൂർ പിങ്ക് പാന്തേഴ്സിന് ജയം. ആവേശോജ്ജ്വലമായ മത്സരത്തിൽ ഹരിയാന സ്റ്റീലേഴ്സിനെയാണ് പാന്തേഴ്സ് പരാജയപ്പെടുത്തിയത്. സ്കോർ 37-21. സ്കിപ്പർ ദീപക് ഹൂഡയുടെ മികച്ച പ്രകടനമാണ് ജയ്പൂർ ടീമിന് തുണയായത്. 14 പോയന്റാണ് താരം നേടിയത്.

സന്ദീപ് ദള്ളും (6) വിശാലും (4) താരത്തിന് മികച്ച പിന്തുണ നൽകി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 17-8 ന്റെ ലീഡ് നേടാൻ ജയ്പൂർ പിങ്ക് പാന്തേഴ്സിനായിരുന്നു. പിങ്ക് പാന്തേഴ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.

Exit mobile version