റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം റൗണ്ട് ഈ ആഴ്ച്ച തുടങ്ങും

ഐ ടി  ജീവനക്കാരുടെ ക്ഷേമ  സംഘടന ആയ പ്രതിധ്വനിയും റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ  ഐ ടി കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന ” റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ അഞ്ചാം എഡിഷനിലെ ഒന്നാം റൌണ്ട് ലീഗ് മത്സരങ്ങൾ അവസാനിച്ചു. 63 ടീമുകൾ 21 ഗ്രൂപ്പുകളിലായി മത്സരിച്ച ആദ്യ റൗണ്ടിൽ നിന്ന് 34 ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറി. പ്രമുഖ ടീമുകളായ നിസ്സാൻ ഡിജിറ്റൽ (Nissan Digital), ടാറ്റാ എൽഎക്‌സി (Tataelxsi), ടിസിഎസ് (TCS), ക്വസ്റ്റ് ഗ്ലോബൽ (Quest Global), സൺടെക് (Suntec), കെയർസ്റ്റാക്ക് (Carestack), ഇൻഫോബ്ലോക്സ് (Infoblox), ക്യൂബേർസ്ട് (QBurst), പോളസ് (Polus), എച് & ആർ ബ്ലോക്ക് (H & R Block), ആർ ആർ ഡോൺലി (RR Donneley) എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

ഈ ആഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിജയിക്കുന്ന 17 ടീമുകൾ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. ചാമ്പ്യൻസ് ലീഗ് മാതൃകയിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ടത്തിൽ 32 ടീമുകൾ 8 ഗ്രൂപ്പുകളിൽ ആയി മത്സരിച്ചു പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളിലേക്കു മുന്നേറും. ഒക്ടോബർ 3 ന് വൈകുന്നേരം 4 മണിക്കാണ് ടൂർണമെന്റ് ഫൈനൽ. 

ഒക്ടോബർ 3 വരെ നടക്കുന്ന ടൂർണമെന്റിൽ 70 ഐ ടി  കമ്പനികളിൽ നിന്നുള്ള 78 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. ജൂലൈ 25, ബുധനാഴ്ച്ച വൈകുന്നേരം5 മണിക്ക് ഐ ടി ജീവനക്കാരും തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ  മാധ്യമ പ്രവർത്തകരും തമ്മിലുള്ള ഉത്‌ഘാടനപ്രദർശന മത്സരത്തോടെയാണ് ടൂര്ണമെന്റ്റ് ആരംഭിച്ചത്.

 ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന്  പ്ലയർ ഓഫ്  ദി മാച്ച് പുരസ്ക്കാരം നൽകുന്നു. റാവിസ് (Raviz) നൽകുന്ന സമ്മാനത്തോടൊപ്പം സഞ്ചിബാഗ്‌സ് (Sanchi Bags), ഹൈവ് (Hyve), മൈഹോംലികേക്ക് (My Homely Cakes) എന്നിവർ സമ്മാനങ്ങളും ലഭിക്കുന്നതാണ്. 

മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിട്ടുണ്ട്. 

റാവിസ് (Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി നടത്തുന്ന ലക്കി ഡിപ് വിജയിക്കു ലഭിക്കുന്ന സമ്മാനം.

 
കൂടുതൽ വിവരങ്ങൾക്കായി 
 
ജനറൽ കൺവീനർ –  ഹാഗിന് ഹരിദാസ് -(9562613583) ,
റിനു എലിസബത്ത് – 94001  76721 (വനിതകൾ)  

അലയൻസ് അറീനയിലെ ബയേൺ സ്റ്റോർ ഉദ്ഘാടനം ചെയ്ത് കൗട്ടിനോ

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഹോം സ്റ്റേഡിയമായ അലയൻസ് അറീനയിൽ പുതിയ സ്റ്റോർ തുറന്നു. ബവേറിയയിലേക്ക് ട്രാൻസ്ഫർ ജാലകത്തിലെത്തിയ ബ്രസീലിയൻ സൂപ്പർ താരം കൗട്ടിനോയാണ് സ്റ്റോറിന്റെ ഉദ്ഘാടനം നടത്തിയത്. കൗട്ടിനോയുടേതടക്കമുള്ള ബയേണിന്റെ പുതിയ സീസണിലെ പുതിയ കിറ്റുകളടക്കം ലഭ്യമാണ് പുതിയ ബയേൺ സ്റ്റോറിൽ.

8.5 മില്ല്യൺ നൽകിയാണ് ബാഴ്സയിൽ നിന്നും ബയേൺ കൗട്ടിനോയെ ടീമിലെത്തിച്ചത്. അർജൻ റോബന്റെ 10 നമ്പറാണ് ബയേണിൽ കൗട്ടീനോ അണിയുന്നത്. ഒരു വർഷത്തെ ലോണിലാണ് ജർമ്മനിയിലേക്ക് കൗട്ടിനോ വന്നത്. ഈ സീസൺ കഴിഞ്ഞാൽ 120 മില്യൺ നൽകി കൗട്ടീനോയെ സ്ഥിര കരാറിൽ ബയേണ് സ്വന്തമാക്കാനും സാധിക്കും.

പൊരുതി ജയിച്ച് അയാക്സ് ചാമ്പ്യൻസ് ലീഗിലേക്ക്

കഴിഞ്ഞ സീസണിൽ വമ്പൻമാരെ അട്ടിമറിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതിയ അയാക്സ് ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തി. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിൽ സൈപ്രസ് ക്ലബ്ബായ എപോയൽ നികോസിയയെ പരാജയപ്പെടുത്തിയാണ് അയാക്സ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ കടന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അയാക്സിന്റെ ജയം.

എഡ്സൺ അൽവാരെസ്, ദുസൻ താഡിച് എന്നിവരാണ് അയാക്സിനായി ഗോളടിച്ചത്. പ്ലേ ഓഫിന്റെ ആദ്യ പാദ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു പിരിഞ്ഞത്. അതുകൊണ്ട് തന്നെ രണ്ടാം പാദ മത്സരം ഏറെ പ്രാധാന്യമർഹിച്ചിരുന്നു. ഒരു എവേ ഗോൾ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ അയാക്സിന് തിരിച്ചടിയാകുമായിരുന്നു. എന്നാൽ കളിയുടെ ഓരോ പകുതിയിലും ഗോളടിച്ച് അയാക്സ് മത്സരം വരുതിയിലാക്കി.

“നെയ്മറും റൊണാൾഡോയുമല്ല ലാ ലീഗയുടെ പ്രതീകം ലയണൽ മെസ്സി”

സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും ക്രിസ്റ്റ്യാനോ റൊണാൾഡോയുമല്ല ബാഴ്സലോണയുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ലാ ലീഗയുടെ പ്രതീകമെന്ന് ലാ ലീഗ പ്രസിഡന്റ് ഹാവിയർ തേബാസ്. ലാ ലീഗയെ ലോക ഫുട്ബോൾ മാർക്കറ്റിൽ ഏറ്റവും മൂല്യമുള്ളതാക്കി മാറ്റുന്നത് ലയണൽ മെസ്സിയാണെന്നും അദ്ദേഹം പറഞ്ഞു.

ലാ ലീഗയുടെ പാരമ്പര്യം പേറുന്ന താരമാണ് മെസ്സിയെന്നും നെയ്മറും റൊണാൾഡോയും അങ്ങനെയല്ലെന്നും ഹാവിയർ പറഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ബാഴ്സയുടേയും ലയണൽ മെസ്സിയുടേയും കളിക്കായി കാത്തിരിക്കുന്നുണ്ട്. പിഎസ്ജി താരമായ നെയ്മർ ലാ ലീഗയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് പൊസിറ്റീവായ അഭിപ്രായമാണ് ലാ ലീഗ പ്രസിഡന്റിനുള്ളത്. നെയ്മറിനെ ആവേശത്തോടെ ബാഴ്സ ആരാധകരും ലാ ലീഗ ആരാധകരും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഴ്സലോണ വിട്ട് ഡച്ച് ലീഗിലേക്ക് പറന്ന് യുവതാരം

ബാഴ്സലോണയുടെ യുവ മധ്യനിരതാരം ഒരിയോൾ ബസ്ക്വെറ്റ്സ് ഡച്ച് ലീഗിലേക്ക്. 20 കാരനായ താരം ഒരു സീസണിലെ ലോണിലാണ് ഡച്ച് ക്ലബ്ബായ എഫ്സി റ്റ്വെന്റെയിലേക്ക് പറന്നത്. രണ്ട് തവണ മാത്രമാണ് ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി ഒരിയോൾ കളിച്ചത്.

ബാഴ്സലോണ ബി ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഈ സ്പാനിഷ് യുവതാരം. സ്പാനിഷ് യൂത്ത് ടീമുകൾക്ക് വേണ്ടിയും ഈ യുവതാരം ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ട്രെയിനിംഗിനിടെയേറ്റ പരിക്കാണ് ബാഴ്സ സീനിയർ ടീമിലേക്കുള്ള താരത്തിന്റെ അവസരങ്ങൾ കുറച്ചത്.

ഒളിംപിക്സിൽ കളിക്കണം, ജർമ്മൻ ദേശീയ ടീമിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് പൊഡോൾസ്കി

ഒളിമ്പിക്സിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുൻ ലോക ചാമ്പ്യനായ ലൂക്കാസ് പൊഡോൾസ്കി. 2014ൽ ജർമ്മനിയോടൊപ്പം ലോകകപ്പുയർത്തിയ പൊഡോൾസ്കി 2017 ൽ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു.

എന്നാൽ ഒളിമ്പിക്സിൽ കളിക്കുക ഏത് കായികതാരത്തെ സംബന്ധിച്ചടുത്തോളവും വളരെ സ്പെഷൽ ആണെന്നും അധികൃതർക്ക് താത്പര്യമുണ്ടെങ്കിൽ താൻ ദേശീയ ടീമിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും പൊഡോൾകി പറഞ്ഞു. ജർമ്മനിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ ഗോൾ അടിച്ചത് പൊഡോൾസ്കിയാണ്. നിലവിൽ ജാപ്പനീസ് ടീമായ വെസെൽ കോബിന്റെ താരമാണ് പൊഡോൾസ്കി. എഫ്സി കൊളോണിലൂടെ കളിയാരംഭിച്ച പൊഡോൾസ്കി പിന്നീട് ബയേൺ മ്യൂണിക്ക്,ഇന്റർ,ആഴ്സണൽ,ഗലറ്റസരായ്, എന്നീ ടീമുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക കൊൽക്കത്തയല്ല കോഴിക്കോട് -ഐ എം വിജയൻ

ഇന്ത്യൻ ഫുട്ബോളിന്റെ‌ മെക്ക കൊൽക്കത്ത അല്ല കോഴിക്കോടാണെന്ന് പറഞ്ഞ് ഇന്ത്യൻ ഇതിഹാസ താരം ഐ എം വിജയൻ. ഡ്യൂറണ്ട് കപ്പുയർത്തി കേരള ഫുട്ബൈന്റെ അഭിമാനമായി മാറിയ ഗോകുലം കേരള എഫ്സി ടീമിനെ സന്ദർശിച്ച ശേഷമാണ് ഐ എം വിജയൻ കോഴിക്കോട്ടെ ഫുട്ബോൾ ആരാധകരെ കുറിച്ച് മനസ് തുറന്നത്.

22 വർഷത്തിന് ശേഷം കേരളത്തിലേക്ക് ഡ്യുറണ്ട് കപ്പ് എത്തിച്ച ഗോകുലത്തിനെ അഭിനന്ദിച്ച ഐ എം വിജയൻ, 1997ലും 2019 ലും ബംഗാൾ ടീമുകളെ പരാജയപ്പെടുത്തിയാണ് കേരള ക്ലബ്ബുകൾ കിരീടമുയർത്തിയതെന്നും ഓർമ്മിപ്പിച്ചു. കൊൽക്കത്തയിൽ ചെന്ന് ഇന്ത്യൻ ഫുട്ബോളിലെ തന്നെ വൻ ശക്തികളായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനേയും ഗോകുലം പരാജയപ്പെടുത്തിയത് ഒരു നാഴികകല്ലാണെന്നും സൂചിപ്പിച്ചു. ഗോകുലം കേരള എഫ്സിയുടെ നായകനായ മാർക്കസ് ജോസഫിനെ അഭിനന്ദിക്കാനും ഐ എം വിജയൻ മറന്നില്ല.

ഗോകുലത്തിന്റെ മത്സരങ്ങൾ താൻ കണ്ടിരുന്നെന്നും ഒരു സ്ട്രൈക്കർ എന്നതിലുപരി ഗോകുലത്തിനെ മുന്നോട് നയിച്ച ചാലകശക്തിയായിരുന്നു മാർക്കസ് ജോസഫ് എന്നും ഐ എം വിജയൻ കൂട്ടിച്ചേർത്തു. ഫുട്ബോളിനെ സ്നേഹിക്കുന്ന കോഴിക്കോട്ടെ ആരാധകരെക്കുറിച്ചും ഐ എം വിജയൻ മനസ് തുറന്നു. ഐ ലീഗിൽ ഗോകുലത്തിന്റെ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർ തന്നെയാണ് അതിന് നേർ സാക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കിയത് ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയാണെന്നും അതേ സമയം ഐ ലീഗ് ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ ഏറെയാണെന്നും ഐ എസ് എല്ലിനെ കുറിച്ചുള്ള മറുപടിയായി ഐ എം വിജയൻ പറഞ്ഞു.

ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിന് അരുൺ ജെയ്റ്റ്‌ലിയുടെ പേര് നൽകാൻ ഒരുങ്ങി അധികൃതർ

ഡൽഹിയിലെ വിഖ്യാതമായ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റാൻ ഒരുങ്ങി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ. കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച മുൻ സാമ്പത്തികകാര്യമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയുടെ പേരാണ് സ്റ്റേഡിയത്തിനു പുതുതായി നൽകാനായി തീരുമാനിച്ചിരിക്കുന്നത്. മികച്ച ഒരു ക്രിക്കറ്റ് ആരാധകൻ കൂടിയായിരുന്ന അരുൺ ജെയ്റ്റ്‌ലി ക്രിക്കറ്റിനെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടായിരുന്നു, ഒട്ടനവധി താരങ്ങളും അരുൺ ജെയ്റ്റ്‌ലിയുടെ സൗഹൃദവലയത്തിലും ഉണ്ടായിരുന്നു.

മുൻ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായിരുന്നു അരുൺ ജെയ്റ്റ്‌ലി. ദീർഘകാലം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയിൽ ഇരുന്ന ജെയ്റ്റ്‌ലി ഡൽഹി ക്രിക്കറ്റിന്റെ വളർച്ചക്കും വലിയ സംഭാവനകൾ നൽകി. ചരിത്രപ്രസിദ്ധമായ ഒട്ടനവധി മത്സരങ്ങൾ നടന്ന ഫിറോസ് ഷാ കോട്ട്ലയുടെ പേരു മാറ്റത്തിലൂടെ അരുൺ ജെയ്റ്റ്‌ലിയുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിക്കുക എന്നതാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ ലക്ഷ്യം.

100 മില്ല്യണും രണ്ട് താരങ്ങളും, നെയ്മറിനെ ബാഴ്സക്ക് നൽകാൻ പിഎസ്ജി തയ്യാർ

ബ്രസിലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനെ ബാഴ്സലോണയിലേക്കൊരു വഴി തെളിയുന്നു. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി 100 മില്ല്യണും രണ്ട് താരങ്ങൾക്കും പകരമായി നെയ്മറിനെ ക്യാമ്പ് നൗവിലേക്ക് അയക്കുമെന്നാണ് പുതുതായി ലഭിക്കുന്ന റിപ്പോർട്ടുകൾ. ബാഴ്സയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബെലെ, നെൽസൺ സെമെടോ എന്നീ താരങ്ങളെയാണ് പിഎസ്ജി ആവശ്യപ്പെടുന്നത്.

2017 ലാണ് റെക്കോർഡ് തുകയ്ക്ക് നെയ്മർ പിഎസ്ജിയിലേക്കെത്തിയത്. 222 മില്ല്യൺ യൂറോ മുടക്കി നെയ്മറിനെ എത്തിച്ചെങ്കിലും യൂറോപ്പിൽ തീളങ്ങാൻ പിഎസ്ജിക്ക് കഴിഞ്ഞില്ല. അതേ സമയം 100 മില്ല്യണിലേറെ നൽകിയാണ് ഡെംബെലെയെ ബാഴ്സ ഡോർട്ട്മുണ്ടിൽ നിന്നും വാങ്ങിയത്. യുവേഫ നേഷൻസ് ലീഗ് ജേതാവായ നെൽസൺ സെമെടോ 2017ലാണ് ബെൻഫികയിൽ നിന്നും സ്പെയിനിലെത്തുന്നത്. ഇരു താരങ്ങൾക്കും 100മില്ല്യണും പകരമായി നെയ്മറിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുമോ എന്ന് കാത്തിരുന്നു കാണാം.

ആദ്യം ബെറ്റിസിനെ കളിയാക്കി ട്വീറ്റ്, പിന്നീട് മാപ്പ് പറഞ്ഞ് ബാഴ്സലോണ

ട്വീറ്റ് ഇട്ട പുലിവാല് പിടിച്ച് ബാഴ്സലോണ. റയൽ ബെറ്റിസിനെതിരായ മത്സരശേഷം ബാഴ്സലോണ ഇട്ട റ്റ്വീറ്റാണ് അവർക്ക് വിനയായത്. 5-2 ന്റെ തോൽവിയാണ് ബെറ്റിസ് ഏറ്റുവാങ്ങിയത്. വിദാൽ,ജോർദി ആൽബ,ചാൾസ് പെരെസ് എന്നിവർക്ക് പുറമേ അരങ്ങേറ്റത്തിൽ ഗ്രീസ്മാൻ ഗോളടിക്കുകയും കൂടെ ചെയ്തപ്പോൾ ബെറ്റിസിന്റെ പതനം പൂർത്തിയായി.

മത്സരശേഷം പുതിയ സൈനിംഗായ ജൂനിയർ ഫിർപോ അഞ്ച് വിരലും ഉയർത്തി കൈപ്പത്തി കാണിക്കുന്ന ചിത്രം ബാഴ്സ ട്വിറ്ററിൽ പങ്കുവെച്ചു. ഇതേ തുടർന്ന് ബെറ്റിസ് ആരാധകരിൽ നിന്നും ഫുട്ബോൾ ലോകത്ത് നിന്നും രൂക്ഷമായ വിമർശനമാണ് ഉയർന്നത്. 5 ഗോളുകൾ വഴങ്ങിയെന്ന പേരിൽ ബാഴ്സ ബെറ്റിസിനെ കളിയാക്കിയത് തെറ്റെന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ. 5 ഗോൾ വരെ മുൻപ് വഴങ്ങിയിട്ടുള്ള ബാഴ്സക്ക് കളിയാക്കാൻ എന്ത് അവകാശമെന്നും ബെറ്റിസ് ആരാധകർ ചോദിച്ചു. ട്വീറ്റ് പിൻവലിച്ചില്ലെങ്കിലും ബെറ്റിസ് ആരാധകരോട് മാപ്പ് പറഞ്ഞ് ബാഴ്സ രംഗത്ത് വന്നു.

ബാഴ്സലോണക്ക് വേണ്ടി 500 മത്സരങ്ങൾ തികച്ച് പിക്ക്വെ

ബാഴ്സയുടെ സൂപ്പർ താരം ജെറാഡ് പിക്ക്വെ ക്ലബ്ബിനായി 500 മത്സരങ്ങൾ തികച്ചു. ലയണൽ മെസ്സിക്ക് പകരം ബാഴ്സലോണയെ റയൽ ബെറ്റിസിനെതിരെ നയിച്ച പിക്ക്വെ ഈ സുവർണ നേട്ടവും സ്വന്തം പേരിലാക്കുകയായിരുന്നു. ബാഴ്സക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരങ്ങളിൽ എട്ടാമതാണ് പിക്ക്വെ.

ലാ‌ മാസിയ അക്കാഡമി പ്രൊഡക്റ്റായ പിക്ക്വെ 2004 ബാഴ്സ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയി. തിരികെ 2008 ൽ എത്തിയ പിക്ക്വെ ബാഴ്സയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയായിരുന്നു. ബാഴ്സലോണക്കൊപ്പം 8 ലാ ലീഗ കിരീടങ്ങളും 6 കോപ്പ ഡെൽ റേ കിരീടങ്ങളും 3, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും പിക്ക്വെ ഉയർത്തിയിട്ടുണ്ട്. 2018-19ൽ 35 ലാ ലിഗ മത്സരങ്ങളിൽ പിക്ക്വെ സ്റ്റാർട്ടെയ്തിട്ടുണ്ട്.

ഇനി ബയേണ് വേണ്ടി കാത്തിരിപ്പില്ല, വെർണർ 2023 വരെ ലെപ്സിഗിൽ

ഇനി ബയേണ് മ്യൂണിക്കിന് വേണ്ടി കാത്തിരിപ്പില്ല. ജർമ്മൻ യുവതാരം തീമോ വെർണർ 2023 വരെ ലെപ്സിഗിൽ തുടരാൻ തീരുമാനിച്ചു. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ലെപ്സിഗിൽ നിന്നും വെർണറെ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഒഫീഷ്യൽ ബിഡിനായി ബയേൺ തയ്യാറായിരുന്നില്ല. സ്റ്റട്ട്ഗാർട്ടിൽ നിന്നും 2016ലാണ് ലെപ്സിഗിലേക്ക് വെർണർ വന്നത്.

ആദ്യ സീസണിൽ തന്നെ 31 മത്സരങ്ങളിൽ 21 ഗോളുകൾ അടിച്ച വെർണർ ആദ്യ സീസണിൽ ലെപ്സിഗിനെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ സഹായിച്ചു. 116 മത്സരങ്ങളിൽ 62 ഗോളുകൾ വെർണർ അടിച്ചിട്ടുണ്ട്. ജർമ്മനിയോടോപ്പം കോൺഫെഡറേഷൻ കപ്പ് നേടിയുട്ടുണ്ട് വെർണർ. റഷ്യൻ ലോകകപ്പിൽ ജർമ്മനിക്ക് വേണ്ടിയും വെർണർ കളിച്ചിട്ടുണ്ട്.

Exit mobile version