റൂണിക്ക് അസൂയ ആണെന്ന് റൊണാൾഡോ, മെസ്സിക്ക് ഒഴികെ ബാക്കി എല്ലാവർക്കും റൊണാൾഡോയോട് അസൂയ കാണും എന്ന് റൂണിയുടെ തിരിച്ചടി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുൻ സഹ താരങ്ങളായ വെയിൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. വെയിൻ റൂണി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിനെ വിമർശിച്ചത് മുതൽ ആയിരുന്നു വാക്ക് പോര് ആരംഭിച്ചത്. റൊണാൾഡോ പഴയ റൊണാൾഡോ അല്ല എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങളെ ആണ് കൊണ്ടുവരേണ്ടത് എന്നും റൂണി രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു.

ഇതിന് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ റൂണിയോട് അദ്ദേഹത്തിന് അസൂയ ആണെന്ന് മറുപടി നൽകുകയുണ്ടായി. ഇന്നലെ റൊണാൾഡോയുടെ പ്രതികരണത്തെ കുറിച്ച് റൂണിയോട് ആരാഞ്ഞു. റൊണാൾഡോയോട് അസൂയ ഉണ്ടാകും എന്നും ലയണൽ മെസ്സി ഒഴിയികെ ബാക്കി എല്ലാ ഫുട്ബോൾ താരങ്ങൾക്കും റൊണാൾഡോയോട് അസൂയ ഉണ്ടാവും എന്നും റൂണി തിരിച്ചടിച്ചു. മുമ്പും മെസ്സി റൊണാൾഡോയെക്കാൾ മികച്ച താരമാണ് എന്ന് റൂണി പറഞ്ഞിരുന്നു.

Photo:Getty Images

റൊണാൾഡോയുടെ സിക്സ് പാക്കും അദ്ദേഹത്തിന്റെ റെക്കോർഡുകളും കിരീടങ്ങളും ആർക്കും അസൂയ ഉണ്ടാക്കാം എന്നും റൂണി പറഞ്ഞു.

റിഷഭ് പന്തിന് 12 ലക്ഷം പിഴ

ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് പിഴ. ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് പന്ത് നടപടി നേരിടുന്നത്. 12 ലക്ഷം രൂപ പന്ത് പിഴ ആയി അടക്കണം. ഇനി സ്ലോ ഓവർ റേറ്റ് ആവർത്തിച്ചാൽ ഇതിനേക്കാൾ വലിയ പിഴയും നടപടിയും താരം നേരിടേണ്ടി വരും.

ഇന്നലെ ലഖ്നൗവിന് എതിരായ മത്സരത്തിൽ പന്തും ടീമും പരാജയപ്പെട്ടിരുന്നു. അവസാന ഓവറിൽ ആയിരുന്നു ഡെൽഹി കളി കൈവിട്ടത്. ഈ സീസണിൽ ഓവർ റേറ്റിന് പിഴ കിട്ടുന്ന ആദ്യ ക്യാപ്റ്റൻ ആണ് പന്ത്‌

ഇറ്റലിയുടെ നിരാശ മറക്കാൻ ഏറെ സമയം എടുക്കും എന്ന് ജോർഗീഞ്ഞോ

ഇറ്റലിക്ക് ഒപ്പം ലോകകപ്പ് യോഗ്യത നേടാൻ ആവാത്തതിന്റെ വേദന മാറിയിട്ടില്ല എന്ന് ഇറ്റലിയുടെയും ചെൽസിയുടെ മധ്യനിര താരമായ ജോർഗീഞ്ഞോ. ഇറ്റലി പ്ലേ ഓഫിൽ മാസിഡോണിയയോട് പരാജയപ്പെട്ടതോടെ ആയിരുന്നു അവരുടെ പ്ലേ ഓഫ് ഓഫ് പ്രതീക്ഷ അവസാനിച്ചത്‌

ഇതുവരെ ആ വേദന മാറിയിട്ടില്ല. ഇത് മാട്ടാൻ കുറച്ച് സമയമെടുക്കും. നമ്മെയെല്ലാം അത്രയധികം അത് വേദനിപ്പിക്കുന്നു. ജോർഗീഞ്ഞോ പറയുന്നു. തോറ്റതിന്റെ വേദനയെക്കാൾ നമ്മൾ മുന്നോട്ട് പോയില്ലല്ലോ എന്ന ഖേദമാണ് ഉള്ളിൽ ഉള്ളത്. അദ്ദേഹം പറഞ്ഞു. ഈ വേദന ഒരു പ്രചോദനമായി ഉപയോഗിക്കണം എന്നും ഭാവിയിൽ രാജ്യത്തെ മുന്നോട്ട് നയിക്കണം എന്നും ജൊർഗീഞ്ഞോ പറഞ്ഞു.

മുംബൈ സിറ്റിക്ക് ഇന്ന് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന മുംബൈ സിറ്റി ഇന്ന് സൗദി അറേബ്യൻ ക്ലബായ അൽ ഷബാബിനെ നേരിടും. സൗദി അറേബ്യയിലെ റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ഏപ്രിൽ 8 വെള്ളിയാഴ്ച രാത്രി 10.45നാകും മത്സരം. ഐ എസ് എല്ലിലെ നിരാശ മറക്കാൻ പറ്റുന്ന ഒരു പ്രകടനം ആകും മുംബൈ സിറ്റി ഇന്ന് ലക്ഷ്യമിടുന്നത്.

മാർച്ച് പകുതി മുതൽ അബുദാബിയിൽ പരിശീലനത്തിൽ ആയിരുന്ന മുംബൈ സിറ്റി പൂർണ്ണ സജ്ജരാണ്. അവർക്ക് ഒപ്പം മധ്യനിര താരം പരിശീലകൻ റൗളീംഗ് ബോർജസ് ഉണ്ടെങ്കിലും താരം കളിക്കില്ല എന്ന് മുംബൈ പരിശീലകൻ അറിയിച്ചിട്ടുണ്ട്.

ഒരുക്കങ്ങളുടെ ഭാഗമായി യുഎഇയിൽ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ മുംബൈ സിറ്റി,ൽ അൽ ഐൻ എഫ്‌സിയെയും അൽ ഹിലാൽ യുണൈറ്റഡൽഡിനെയും പരാജയപ്പെടുത്തിയിരുന്നു‌. ഇന്നത്തെ മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

പത്തു പേരുമായി കളിച്ച യൂറോപ്പ ലീഗിൽ വെസ്റ്റ് ഹാമിന് സമനില

വെസ്റ്റ് ഹാം ഈ സീസണിലെ അവരുടെ മികച്ച ഫോം യൂറോപ്പ ലീഗിലും തുടരുന്നു. ഇന്ന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദത്തിൽ ഫ്രഞ്ച് ക്ലബായ ലിയോണെ നേരിട്ട വെസ്റ്റ് ഹാം 1-1 എന്ന സമനിലയാണ് നേടുയത്‌‌. രണ്ടാം പകുതി മുഴുവൻ പത്തു പേരുമായി കളിച്ചായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ലണ്ടണിൽ നടന്ന മത്സരത്തിൽ കളി ഗോൾ രഹിതമായി നിൽക്കെ 45ആം മിനുട്ടിൽ ക്രിസ്വെൽ ആണ് ചുവപ്പ് കണ്ടത്‌‌.

എങ്കിലും പതറാതെ കളിച്ച വെസ്റ്റ് ഹാം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് എടുത്തു. ജെറാഡ് ബോവനായിരുന്നു ആ ഗോൾ നേടിയത്. ഇതിന് 66ആം മിനുട്ടിൽ എൻഡൊമ്മ്ബലെയിലൂടെ സമനില തിരികെ ലഭിച്ചു. ഇനി അടുത്ത ആഴ്ച ആകും രണ്ടാം പാദം ആരംഭിക്കുന്നത്‌

ബാഴ്സലോണക്ക് ജർമ്മനിയിൽ സമനില

യൂറോപ്പ ലീഗിന്റെ ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയും ഫ്രാങ്ക്ഫർടും 1-1ന്റെ സമനിലയിൽ പിരിഞ്ഞു.സമീപകാലത്തായി ബാഴ്സലോണ നല്ല പ്രകടനങ്ങളാണ് കാഴ്ചവെച്ച് പോന്നിരുന്നത് എങ്കിലും ഇന്ന് ജർമ്മനിയിൽ ബാഴ്സലോണക്ക് അത്ര നല്ല രാത്രി ആയിരുന്നില്ല. തുടക്കം മുതൽ പാസിംഗ് പോലും പതിവ് താളത്തിൽ എത്താതിരുന്ന ബാഴ്സലോണയെ ആണ് ഇന്ന് കണ്ടത്. ഫ്രാങ്ക്ഫർട് ആകട്ടെ ഇടവിട്ട് ഇടവിട്ട് അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. അവർക്ക് ഫിനിഷിങിൽ നിലവാരം പുലർത്താനാവാതിരുന്നത് ബാഴ്സക്ക് ആദ്യ പകുതിയിൽ രക്ഷയായി.

ആദ്യ പകുതിയിൽ ബുസ്കറ്റ്സിന്റെ ഒരു ടാക്കിൽ ഫ്രാങ്ക്ഫർടിന് അനുകൂലമായ പെനാൾട്ടി ആയി മാറിയിരുന്നു. എന്നാൽ വി എ ആർ പരിശോധനയിൽ ആ പെനാൾട്ടി തെറ്റായ തീരുമാനമാണെന്ന് വിധി ഉണ്ടായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു ഫ്രാങ്ക്ഫർടിന്റെ ഗോൾ വന്നത്. ഒരു സെറ്റ് പീസ് ഡിഫൻഡ് ചെയ്യാനായി ബാഴ്സലോണ ഡിഫൻസ് മുഴുവൻ പെനാൾട്ടി ബോക്സിൽ ഉണ്ടായിരിക്കെ ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ അൻസ്നഗർ ക്നൗഫ് ആണ് ടെർ സ്റ്റേഗനെ വീഴ്ത്തിയത്.

ഈ ഗോളിന് ശേഷവും ഫ്രാങ്ക്ഫർട് ഗോളവസരങ്ങൾ സൃഷ്ടിക്കുന്നത് തുടർന്നു. എന്നാൽ ഡെംബലെയെയും ഡിയോങ്ങിനെയും സബ്ബായി എത്തിച്ച ബാഴ്സലോണ നീക്കം വിജയിച്ചു. ഇരുവരും ചേർന്ന് നടത്തിയ അറ്റാക്കിന് ഒടുവിൽ ഫെറാൻ ടോറസിലൂടെ ബാഴ്സലോണ സമനില നേടി. 66ആം മിനുട്ടിൽ സ്കോർ 1-1.

പിന്നീട് 78ആം മിനുട്ടിൽ ഫ്രാങ്ക്വർട് താരം ടുറ്റ ചുവപ്പ് കണ്ട് പുറത്ത് പോയി. എങ്കിലും കളി സമനിലയിൽ തന്നെ നിർത്താൻ അവർക്ക് ആയി.

രണ്ടാം പാദ ക്വാർട്ടർ അടുത്ത ആഴ്ച ബാഴ്സലോണയിൽ വെച്ച് നടക്കും.

യൂറോപ്പ ലീഗ്, അറ്റലാന്റ ലൈപ്സിഗ് പോരാട്ടം സമനിലയിൽ

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലൈപ്സിഗും അറ്റലാന്റയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ചാണ് പിരിഞ്ഞത്. ജർമ്മനിയിൽ നടന്ന മത്സരത്തിൽ 17ആം മിനുട്ടിൽ മുരിയൽ ലീഡ് നൽകി. ഈ ഗോളിന് മറുപടി നൽകാൻ ലൈപ്സിഗ് കഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ലഭിച്ച ഒരു പെനാൾട്ടി ആണ് ലൈപ്സിഗിന് രക്ഷയായത്‌.

ആൻഡ്രെ സില്വ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു എങ്കിലും സപകോസ്റ്റയുടെ ഒരു സെൽഫ് ഗോൾ ലൈപ്സിഗിന് സമനില നൽകി. ഈ ഗോളിന് ശേഷം ഇരു ടീമുകളും അവസാന നിമിഷം വരെ വിജയ ഗോളിനായി പൊരുതി എങ്കിലും ഫലം ഉണ്ടായില്ല. അവസാനം ഒരു ഗോൾ ലൈൻ ക്ലിയറൻസ് വേണ്ടി വന്നു അറ്റകാന്റയ്ക്ക് കളി സമനിലയിൽ തന്നെ നിർത്താൻ. രണ്ടാം പാദം അടുത്ത ആഴ്ച ഇറ്റലിയിൽ വെച്ച് നടക്കും.

പോർച്ചുഗീസ് അത്ഭുതതാരം ഫാബിയോ കർവാലോ ലിവർപൂളിൽ എത്തും

പോർച്ചുഗീസ് യുവതാരം ഫാബിയോ കർവാലോയെ ലിവർപൂൾ സൈൻ ചെയ്യും. ലിവർപൂളും ഫാബിയോയുടെ ടീമായ ഫുൾഹാമും തമ്മിൽ ഇത് സംബന്ധിച്ച് ധാരണ ആയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യുവതാരം 2027വരെയുള്ള കരാർ ലിവർപൂളിൽ ഒപ്പുവെക്കും. 19കാരനായ താരത്തിനായി നേരത്തെ തന്നെ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നു.

വിങ്ങറും അറ്റാക്കിംഗ് മിഡ്ഫീൽഡറുമായ കാർവാലോയുമായ കാർവാലോ ഇതിനകം തന്നെ പോർച്ചുഗലിന്റെ അണ്ടർ 21 ടീമിനായി കളിച്ചിട്ടുണ്ട്. താരത്തെ മെഡിക്കൽ പൂർത്തിയായതായും 5 മില്യൺ പൗണ്ട് ആയിരിക്കും ട്രാൻസ്ഫർ തുകയെന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്തു. അടുത്ത പ്രീസീസൺ മുതൽ താരം ലിവർപൂളിന്റെ സീനിയർ ടീമിനൊപ്പം ഉണ്ടാകും. ബെൻഫികയുടെ അക്കാദമിയിലൂടെ വളർന്ന് വന്ന താരമാണ് ഫാബിയോ.

രാംകോ കേരള പ്രീമിയർ ലീഗ്: സെമിഫൈനല്‍ പോരാട്ടം നാളെ

ബാസ്‌കോ കെഎസ്ഇബിക്കെതിരെ

ഗോൾഡൻ ത്രെഡ്‌സ് സാറ്റ് തിരൂരിനെ നേരിടും

കൊച്ചി: രാംകോ കേരള പ്രീമീയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ (വെള്ളിയാഴ്ച) നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യസെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബാസ്‌കോ ഒതുക്കുങ്ങല്‍, ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പായ കെഎസ്ഇബിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബി ഗ്രൂപ്പ് ജേതാക്കളായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ സാറ്റ് തിരൂരിനെ നേരിടും. ഇരുമത്സരങ്ങളും വൈകിട്ട് 3.30ന് തുടങ്ങും. സ്‌പോര്‍ട്‌സ് കാസ്റ്റ് ഇന്ത്യ യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രക്ഷണം ചെയ്യും. ഏപ്രില്‍ 10ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

ബാസ്‌കോയുടെയും കെഎസ്ഇബിയുടെയും തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണിത്. സാറ്റ് തിരൂര്‍ ഇത് മൂന്നാം തവണയാണ് അവസാന നാലിലെത്തുന്നത്. 2020ലാണ് അവസാനം സെമികളിച്ചത്. 2014ന് ശേഷം ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി കെപിഎല്‍ സെമിഫൈനലില്‍ യോഗ്യത നേടുന്നത് ഇതാദ്യമാണ്. നാലു ടീമുകളില്‍ കെഎസ്ഇബി മാത്രമാണ് നേരത്തെ കെപിഎല്‍ കിരീടം (2017) ചൂടിയത്. നിലവിലെ റണ്ണേഴ്‌സ് അപ്പ് കൂടിയാണ് അവര്‍. ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സിക്ക് ഇത്തവണ സെമിയിലെത്താനായില്ല.

ലീഗിലെ 10 മത്സരങ്ങളില്‍ ഏഴും ജയിച്ച ബാസ്‌കോ ഇതുവരെ സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് കളികള്‍ സമനിലയിലായി. 24 പോയിന്റുമായാണ് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. സാറ്റ് തിരൂരും 7 മത്സരങ്ങള്‍ ജയിച്ചു. ഒരെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടെണ്ണം തോറ്റു. 23 പോയിന്റാണ് ലീഗ് ഘട്ടത്തില്‍ നേടിയത്. ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ ടീം ബി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയാണ്. എട്ടിലും ജയിച്ചു, രണ്ടെണ്ണത്തില്‍ തോല്‍വി, 24 പോയിന്റ്. ഏഴ് മത്സരങ്ങള്‍ ജയിച്ച കെഎസ്ഇബി 2 സമനിലയും ഒരു തോല്‍വിയും അറിഞ്ഞു. 23 പോയിന്റോടെ ബി ഗ്രൂപ്പില്‍ രണ്ടാമതായി.

ഗ്രൂപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതും, വഴങ്ങിയതും കെഎസ്ഇബിയാണ്. 29 ഗോളുകള്‍ എതിര്‍വലയിലാക്കി, 11 എണ്ണം തിരികെ വാങ്ങി. ഗോള്‍ഡന്‍ ത്രെഡ്‌സും 11 ഗോള്‍ വഴങ്ങി. 21 ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ചു, നാലുഗോളുകള്‍ മാത്രം വഴങ്ങിയ ബാസ്‌കോയും സാറ്റുമാണ് ഈ കണക്കില്‍ മുന്നില്‍. ബാസ്‌കോ 24ഉം, സാറ്റ് 22ഉം ഗോളുകള്‍ സ്വന്തമാക്കി.

കേരള പ്രീമിയർ ലീഗ്; വയനാട് യുണൈറ്റഡിന്റെ സീസണ് വിജയത്തോടെ അവസാനം, ഐഫ റിലഗേറ്റ് ആയി

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ വയനാട് യുണൈറ്റഡിന് വിജയം. വയനാടിന്റെ സീസണിലെ അവസാന മത്സരമായിരുന്നു ഇത്. ഇന്ന് ഐഫയെ നേരിട്ട വയനാട് യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. 6ആം മിനുട്ടിൽ റിജോൺ ജീസ് ആണ് വയനാടിന് ലീഡ് നൽകിയത്. ഈ ഗോളിന് 49ആം മിനുട്ടിൽ മുഹമ്മദ് നബീലിലൂടെ ഐഫ തിരിച്ചടിച്ചു.

പിന്നീട് 63ആം മിനുട്ടിലും 67ആം മിനുട്ടിലും വലകുലുക്കി കൊണ്ട് അബ്ദുൽ അസീസ് വയനാട് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. ലീഗിലെ വയനാട് യുണൈറ്റഡിന്റെ മൂന്നാം വിജയം ആണിത്. 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് വയനാട് ഉള്ളത്. ഈ പരാജയത്തോടെ ഐഫ റിലഗേഷൻ ഉറപ്പിച്ചു‌. 10 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി അവസാന സ്ഥാനത്താണ് ഐഫ.

രാംകോ കേരള പ്രീമിയർ ലീഗ്: എം.എ അക്കാദമിക്ക് ആശ്വാസജയം

അവസാന മത്സരത്തില്‍ ലിഫയെ 4-1ന് തോല്‍പ്പിച്ചു

കൊച്ചി: രാംകോ കേരള പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനക്കാരില്‍ നിന്ന് ഒരുപടി കൂടി കയറി ഫിനിഷ് ചെയ്ത് എം.എ ഫുട്‌ബോള്‍ അക്കാദമി. വ്യാഴാഴ്ച പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ലിഫയെ 4-1ന് തോല്‍പ്പിച്ചാണ് ടീം അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കിയത്. ലീഗിലെ രണ്ടാം ജയത്തോടെ ഇതുവരെ 11 സ്ഥാനത്തായിരുന്ന എംഎ അക്കാദമി 7 പോയിന്റുമായി പത്താമതായി ഫിനിഷ് ചെയ്തു. പത്തില്‍ ഒരു മത്സരം മാത്രം ജയിക്കാനായ ലിഫ നാലു പോയിന്റുമായി 11ാം സ്ഥാനത്തേക്ക് വീണു. ഗ്രൂപ്പില്‍ നിന്ന് എംഎയും, കേരള ബ്ലാസ്റ്റേഴ്‌സും നേരത്തെ തരംതാഴ്ത്തപ്പെട്ടിരുന്നു. കോര്‍പറേറ്റ് എന്‍ട്രി ആയതിനാല്‍ ലിഫയ്ക്ക് രണ്ടു വര്‍ഷത്തേക്ക് തരംതാഴ്ത്തല്‍ നടപടി നേരിടേണ്ടിവരില്ല.

അവസാന മത്സരത്തിന്റെ 26ാം മിനിറ്റില്‍ തന്നെ നവീന്‍ രഘുവിലൂടെ എം.എ ലീഡെടുത്തു. എന്നാല്‍ നാലു മിനിറ്റിനകം ബെബിറ്റോയിലൂടെ ലിഫ തിരിച്ചടിച്ചു. തുല്യരായി ഇരുടീമുകളും ആദ്യപകുതി പൂര്‍ത്തിയാക്കി. രണ്ടാം പകുതിയില്‍ എംഎയുടെ മുന്നേറ്റങ്ങളെ ചെറുക്കാന്‍ ലിഫയ്ക്കായില്ല. 66ാം മിനിറ്റില്‍ അസ്‌ലം അലിയിലൂടെ വീണ്ടും മുന്നിലെത്തിയ എം.എ അക്കാദമി, പകരക്കാരനായി എത്തിയ എം.എം വൈശാഖിന്റെ ഇരട്ടഗോളിലൂടെ (86, 90) സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. ലിഫയുടെ മുന്നേറ്റങ്ങളെ സമര്‍ഥമായി തടഞ്ഞ പ്രതിരോധ താരം കെ.മുഹമ്മദ് ഫൈസലാണ് കളിയിലെ താരം.

കായിക മന്ത്രി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു

മഞ്ചേരി; സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് സ്റ്റേഡിയത്തിലെത്തിയ മന്ത്രി സ്റ്റേഡിയത്തിലെ പ്രവര്‍ത്തികള്‍ പരിശോധിച്ചു. സന്ദര്‍ശന സമയത്ത് എ.ഐ.എഫ്.എഫ് കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വറിനോട് ചാമ്പ്യന്‍ഷിപ്പിന്റെ വേദികളുടെ പ്രവര്‍ത്തികളെ കുറിച്ച് മന്ത്രി ചോദിച്ചു. സ്‌റ്റേഡിയത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തികളില്‍ തൃപ്തി അറിയിച്ച രാഹുല്‍ പരേശ്വര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കൂട്ടിചേര്‍ത്തു. താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഒരുക്കിയ അക്കൊമൊഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയും പരിശോധിച്ചെന്നും താന്‍ പൂര്‍ണതൃപ്തനാണെന്നും രാഹുല്‍ അറിയിച്ചു.

അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയമാണ് പയ്യനാട്. സന്തോഷ് ട്രോഫിക്ക് ശേഷവും അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ ഇവിടെ വച്ച് സംഘടിപ്പിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

മത്സരം കാണനെത്തുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് പ്രത്യേക യാത്ര സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. രാത്രി മത്സരം നടക്കുന്നത്‌കൊണ്ട് മത്സരശേഷം ആരാധകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചെത്താന്‍ വേണ്ടിയാണ് സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍, വണ്ടൂര്‍, തിരൂര്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, ഡി.വൈ.എസ്.പി. ബിജു കെ.എം.,കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധികളായ കെ.പി. അനില്‍, പി. ജനാര്‍ദനന്‍, എക്‌സിക്യൂറ്റീവ് അംഗങ്ങളായ കെ. അബ്ദുല്‍ നാസര്‍, ഹൃഷിക്കേഷ് കുമാര്‍ മറ്റു ജനപ്രതിനിധികള്‍, സംഘാടക സമിതി അംഗങ്ങള്‍, കായിക പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version