എഎഫ്സി കപ്പ്; സമനില വഴങ്ങി മോഹൻ ബഗാൻ

എഎഫ്സി കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ബഷുന്ധര കിങ്സിനോട് സമനില വഴങ്ങി മോഹൻ ബഗാൻ. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഏഴ് പോയിന്റുമായി ബഗാൻ തന്നെയാണ് ഒന്നാമത്. ഒഡീഷയെ മറികടന്ന് ബഷുന്ധര രണ്ടാം സ്ഥാനത്തേക്ക് കയറി.

ബഗാന് തന്നെ ആയിരുന്നു തുടക്കത്തിൽ മുൻതൂക്കം. വിവാദമായ തീരുമാനത്തിൽ ലിസ്റ്റൻ കോളാസോയുടെ ഗോൾ റഫറി ഓഫ്സൈഡ് വിധിച്ചത് ആതിഥേയർക്ക് തിരിച്ചടി ആയി. 29ആം മിനിറ്റിൽ ബഗാൻ ലീഡ് എടുത്തു. വലത് വിങ്ങിൽ നിന്നും ഹ്യൂഗോ ബൊമസ് ബോക്സിലേക്ക് നൽകിയ പന്ത് കമ്മിൻസ് പോസിറ്റിന് മുന്നിൽ പെട്രാറ്റോസിന് മറിച്ചു നൽകിയപ്പോൾ താരം ഫസ്റ്റ് ടൈം ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. 33 ആം ക്യാപ്റ്റൻ റൊബീഞ്ഞോയുടെ തകർപ്പൻ ത്രൂ ബോൾ പിടിച്ചെടുത്തു കുതിച്ച് ഡോറി ബോക്സിനുള്ളിൽ നിന്നും ലക്ഷ്യം കണ്ട് ബഷുന്ധരകിങ്സിന് സമനില നൽകി. പിറകെ റൊബീഞ്ഞോയുടെ ലോങ് റേഞ്ചർ പോസിറ്റിലിടിച്ചു തെറിച്ചു. ഇടവേളക്ക് മുൻപായി ആശിഷ് റായ്ക്ക് കിട്ടിയ അവസരം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

രണ്ടാം പകുതിയിൽ ബഷുന്ധര കൂടുതൽ ഒത്തിണക്കം കാണിച്ചു. ഇതോടെ താളം കണ്ടെത്താൻ ബഗാൻ ബുദ്ധിമുട്ടി. പ്രതിരോധത്തെ മറികടന്ന് ഡോരി തൊടുത്ത ഷോട്ട് ബഗാൻ കീപ്പർ വിശാൽ ഖേയ്തിനേയും കീഴടക്കി എങ്കിലും പൊസിറ്റിലിടിച്ചു മടങ്ങി. 54ആം മിനിറ്റിൽ ബഗാൻ ലീഡ് തിരിച്ചു പിടിച്ചു. ബഷുന്ധര താരങ്ങളുടെ പിഴവിൽ നിന്നും എതിർ ബോക്സിന് പുറത്തു നിന്നും നേടിയ പന്ത് പെട്രാറ്റോസ് ബോസ്‌കിലേക്ക് നീട്ടി നൽകിയപ്പോൾ അവസരം കാത്തിരുന്ന ആശിഷ് റായ് മികച്ചൊരു ഫിനിഷിങിലൂടെ പന്ത് വലയിൽ എത്തിച്ചു. 70ആം മിനിറ്റിൽ ബഗാൻ വീണ്ടും ഗോൾ വഴങ്ങി. ആശിഷ് റായുടെ ഫൗൾ പെനാൽറ്റിയിലേക്ക് വഴി തുറക്കുകയായിരുന്നു. കിക്ക് എടുത്ത റോബിഞ്ഞോ അനായാസം ലക്ഷ്യം കണ്ടു. പിന്നീടും ഇരു ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും വിജയ ഗോൾ മാത്രം അകന്ന് നിന്നു. ഇതോടെ ബഗാൻ ഗ്രൂപ്പിലെ ആദ്യ സമനില വഴങ്ങി.

എഎഫ്സി കപ്പ്; ആറു ഗോളുമായി ആദ്യ ജയം കുറിച്ച് ഒഡീഷ എഫ്സി

എഎഫ്സി കപ്പിൽ ആദ്യ ജയം കുറിച്ച് ഒഡീഷ എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ മാൽദീവ്സ് ടീം മാസിയയെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഐഎസ്‌എൽ ക്ലബ്ബ് കീഴടക്കിയത്. ഇതോടെ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനും അവർക്കായി. രണ്ടിൽ രണ്ടു വിജയവുമായി മോഹൻ ബഗാൻ ആണ് ഗ്രൂപ്പിൽ ഒന്നാമത്. വമ്പൻ ജയം ഗോൾ വ്യത്യസത്തിലും കാര്യമായ നേട്ടം കുറിക്കാൻ ഒഡീഷയെ സഹായിച്ചു. ഇന്ന് കുറിച്ച ആറു ഗോളുകളും ആറു വ്യത്യസ്ത താരങ്ങൾ ആണ് നേടിയത് എന്ന പ്രത്യേകതയും ഉണ്ട്.

ഒഡീഷയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ മൗറീസിയോ എതിർ ഗോളിയെ പരീക്ഷിച്ചു. മൂന്നാം മിനിറ്റിൽ ഒഡീഷ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ ബോളിൽ പുടിയ ആണ് വല കുലുക്കിയത്. 12ആം മിനിറ്റിൽ തന്നെ മാസിയ മറ്റൊരു കോർണറിൽ നിന്നും സമനില ഗോളും കണ്ടെത്തി. ജോസിച്ച് ആണ് വല കുലുക്കിയത്. എന്നാൽ വെറും മൂന്ന് മിനിറ്റിനു ശേഷം ഒഡീഷ ലീഡ് തിരിച്ചു പിടിച്ചു. മൈതാന മധ്യത്തിന് അടുത്തു നിന്നായി അഹ്മദ് ജാഹു ഉയർത്തി നൽകിയ മികച്ചൊരു ഫ്രീകിക്കിൽ അതിമനോഹരമായ ഒരു ഹെഡർ ഉതിർത്ത് കാർലോസ് ഡെൽഗാഡോയാണ് വല കുലുക്കിയത്. 19ആം മിനിറ്റിൽ ഡെൽഗാഡോ ബോക്സിനുള്ളിൽ ഉയർത്തി നൽകിയ പന്തിൽ ഹെഡർ ഉതിർത്ത് മുർത്തദ ഫാൾ ഗോൾ കണ്ടെത്തുയത്തിയതോടെ മത്സരം ഒഡീഷയുടെ വഴിക്കെന്ന് ഉറപ്പിച്ചു. തുടക്കത്തിൽ 20 മിനിറ്റിൽ നാലു ഗോളുകൾ പിറന്നെങ്കിലും ആദ്യ പകുതിയിൽ പിന്നീട് സ്‌കോർ ചലിച്ചില്ല.

രണ്ടാം പകുതിയിലും ഒഡീഷ ആധിപത്യം തുടർന്നു. 58ആം മിനിറ്റിൽ അമേയ് റനവാഡേ ടീമിന്റെ നാലാം ഗോൾ കുറിച്ചു. നാല് മിനിറ്റിനു ശേഷം ഐസക്കും സ്‌കോർ ഷീറ്റിൽ ഇടം പിടിച്ചു. പിന്നീട് പന്ത് നിയന്ത്രണത്തിലാക്കി മത്സര ഗതി നിയന്ത്രണത്തിൽ വെക്കാനാണ് പലപ്പോഴും ഒഡീഷ ശ്രമിച്ചത്. ഐസക്, അമേയ് തുടങ്ങിവരെ കോച്ച് തിരിച്ചു വിളിക്കുകയും ചെയ്തു. പകരക്കാരനായി എത്തിയ സാഹിൽ ഇഞ്ചുറി ടൈമിൽ പട്ടിക പൂർത്തിയാക്കി. കൗണ്ടർ നീക്കത്തിലൂടെ എത്തിയ പന്തുമായി ബോക്സിനുളിൽ കയറിയ താരം അനായാസം കീപ്പറേയും മറികടന്നു ലക്ഷ്യം കണ്ടു. ഇതോടെ ഒഡീഷ, ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചു.

ഗാൾട്ടിയർ ഖത്തറിലേക്ക്; അൽ ദുഹയിൽ പരിശീലകനാവും

മുൻ പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ കോച്ചിങ്ങിലേക്ക് തിരിച്ചെത്തുന്നു. ഖത്തർ ക്ലബ്ബ് അൽ ദുഹയ്ൽ ആണ് ഫ്രഞ്ച് പരിശീലകനെ എത്തിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഖത്തറിലേക്ക് തിരിക്കുന്ന അദ്ദേഹം ഔദ്യോഗികമായി കരാറിൽ ഒപ്പിടും. രണ്ടു വർഷത്തെ കരാർ ആണ് ഗാൾട്ടിയറിന് അൽ ദുഹയ്ൽ നൽകുക എന്ന് ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ലീഗ് 1 കിരീടം നേടിയിട്ടും ഗാൾട്ടിയറിനെ പിഎസ്ജി പുറത്താക്കുകയായിരുന്നു. പിന്നീട് മുൻപ് നടത്തിയ വംശീയ പരാമാർശങ്ങൾ കാരണം നിയമ നടപടിയും നേരിട്ടു കൊണ്ടിരിക്കുകയാണ് 57കാരൻ. അത് കൊണ്ട് തന്നെ ഒളിമ്പിക് മാഴ്സെ അടുത്തിടെ പരിശീലക സ്ഥാനം മുന്നോട്ടു വെച്ചപ്പോൾ അദ്ദേഹം തള്ളിക്കളഞ്ഞതായി ലെ എക്വിപ്പെ, ലെ പാരീസിയൻ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ തൽക്കാലം ഫ്രാൻസിൽ നിന്നും വിട്ടു നിൽക്കാൻ തന്നെ ആയിരുന്നു ഗാൾട്ടിയറുടെ തീരുമാനം എന്നാണ് കരുതേണ്ടത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഏറ്റ തോൽവിയുടെ പിറകെയാണ് അൽ ദുഹയ്ൽ പരിശീലകനായ ഹെർനാൻ ക്രേസ്പോയെ പുറത്താക്കുന്നത്. അടുത്തിടെ ഫിലിപ്പേ കൗട്ടിഞ്ഞോയേയും അവർ ടീമിലേക്ക് എത്തിച്ചിരുന്നു.

എഎഫ്സി കപ്പ്; ഇഞ്ചുറി ടൈം വിന്നറുമായി കമ്മിൻസ്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് മോഹൻ ബഗാൻ

സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സഹലിന്റെ അസിസ്റ്റിൽ നിന്നും ജെസൻ കമ്മിങ്‌സ് വല കുലുക്കിയപ്പോൾ, എഎഫ്സി കപ്പിൽ തുടർ ജയവുമായി മോഹൻ ബഗാന്റെ കുതിപ്പ്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ മാസിയക്കെതിരെ ജയം കുറിച്ചത്. ടീമിന്റെ രണ്ടു ഗോളുകളും കമ്മിങ്‌സ് സ്വന്തം പേരിൽ കുറിച്ചു. നേരത്തെ പെനാൽറ്റി നഷ്ടപ്പെടുത്തി മത്സരം പൂർണമായും വരുതിയിൽ ആക്കാനുള്ള അവസരം നഷ്ടമാക്കിയതിന് അവസാന നിമിഷം പ്രായകശ്ചിത്തം ചെയ്യാൻ സാധിച്ചത് കമ്മിൻസിനും ആശ്വാസമായി. ഇതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ.

തുടക്കത്തിൽ ഇരു ടീമുകൾക്കും കാര്യമായ അവസരം ലഭിക്കാതെയാണ് മത്സരം മുന്നേറിയത്. 28ആം മിനിറ്റിൽ ഹ്യൂഗോ ബോമസിന്റെ തകർപ്പൻ ഒരു പാസിൽ കമ്മിങ്‌സ് ഷോട്ട് ഉതിർത്തത് പോസ്റ്റിൽ തട്ടി വലയിലേക്ക് തന്നെ കയറിയപ്പോൾ ബഗാൻ മത്സരത്തിൽ ലീഡ് എടുത്തു. പെട്രാടോസിന്റെ കോർണറിൽ നിന്നും ഹാമിലിന്റെ ശ്രമം പുറത്തേക്ക് പോയി. 40ആം മിനിറ്റിൽ സാദിഖുവിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. എന്നാൽ ലീഡ് ഉയത്താനുള്ള അവസരം ബഗാൻ കളഞ്ഞു കുളിക്കുന്നതാണ് കണ്ടത്. കിക്ക് എടുത്ത കമ്മിങ്‌സ് പാസ് എന്നവണ്ണം പന്ത് നീക്കി ഇട്ടപ്പോൾ, ബോക്സിലേക്ക് ഓടിയെത്തിയ പെട്രാടോസിന് പക്ഷെ ലക്ഷ്യം കാണാൻ ആയില്ല. 44ആം മിനിറ്റിൽ വാദ ഗോൾ കണ്ടെത്തുക കൂടി ചെയ്തതോടെ മാസിയ ആദ്യ പകുതിയിൽ തന്നെ സ്‌കോർ നില തുല്യമാക്കി.

രണ്ടാം പകുതിയിൽ ബഗാന് പല അവസരങ്ങളും ലഭിച്ചു. ലിസ്റ്റന്റെ ശ്രമം കീപ്പർ തടഞ്ഞു. സാദിഖുവിന്റെ ബോക്സിന് പുറത്തു നിന്നുള്ള ശ്രമത്തിലും കീപ്പർ വിലങ്ങു തടിയായി. സഹലിന്റെ ക്രോസിൽ നിന്നും ഹാമിലിന്റെ ഹെഡർ ബാറിന് മുകളിലൂടെ കടന്ന് പോയി. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഗോൾ എത്തി. ത്രോയിലൂടെ എത്തിയ ബോൾ ഇടത് ഭാഗത്ത് നിന്നും സഹൽ ബോക്സിനുള്ളിലേക്ക് കമ്മിങ്‌സിന് കണക്കാക്കി നൽകിയപ്പോൾ താരം നിമിഷനോടിയിൽ ഷോട്ട് ഉതിർത്തു. തടയാൻ എത്തിയ കീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് ഗോൾ വര കടന്നപ്പോൾ മോഹൻ ബഗാൻ അർഹിച്ച ജയം അവസാന നിമിഷം എങ്കിലും സ്വന്തമാക്കാൻ സാധിച്ചു.

എഎഫ്‌സി കപ്പ്; വീണ്ടും തോൽവി പിണഞ്ഞ് ഒഡീഷ എഫ്സി

എഎഫ്സി കപ്പ് രണ്ടാം മത്സരത്തിനിറങ്ങിയ ഒഡീഷ എഫ്സിക്ക് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ബഷുന്ധര കിങ്‌സുമായി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഐഎസ്എൽ ക്ലബ്ബ് അടിയറവ് പറഞ്ഞത്. ജെറി, ഡീഗോ മൗറീസിയോ എന്നിവരാണ് ഒഡീഷക്ക് വേണ്ടി വല കുലുക്കിയത്. ഗ്രൂപ്പിലെ അവരുടെ രണ്ടാം മത്സരം ആയിരുന്നു ഇത്. നേരത്തെ മോഹൻ ബഗാനുമായും തോൽവി നേരിട്ടിരുന്നു. ബംഗ്ലാ ക്ലബ്ബ് ആയ ബഷുന്ധരക്ക് ആവട്ടെ, തങ്ങളുടെ ആദ്യ വിജയവും കുറിക്കാൻ ആയി. ഗ്രൂപ്പിൽ നിലവിൽ പോയിന്റ് ഒന്നും കണ്ടെത്താതെ അവസാന സ്ഥാനത്താണ് ഒഡീഷ.

ഒഡീഷ ആയിരുന്നു മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. 19ആം മിനിറ്റിൽ തന്നെ ജെറിയുടെ പാസിൽ നിന്നും ഡീഗോ മൗറീസിയോ ലക്ഷ്യം കണ്ടു. 39ആം മിനിറ്റിൽ റോബ്സന്റെ പാസിൽ ഹെഡർ ഉതിർത്ത് കൊണ്ട് മിഗ്വെൽ ഫെരെര സ്‌കോർ നില തുല്യമാക്കി. ഇടവേളക്ക് തൊട്ടു മുൻപ് റാക്കിബിന്റെ പാസിൽ പറന്ന് ഹെഡർ ഉതിർത്ത് കൊണ്ട് ഡോറിൾട്ടൻ നസിമേന്റോ ബഷുന്ധര കിങ്സിനെ ആദ്യമായി മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഇതോടെ പ്രതിരോധാത്മകമായി തുടങ്ങി മത്സരത്തിൽ നേടിയെടുത്ത മുൻതൂക്കം ഒഡീഷ കളഞ്ഞു കുളിച്ചു.

രണ്ടാം പകുതി തുടങ്ങി അധികം വൈകും മുൻപ് ബംഗ്ലാ ക്ലബ്ബ് വീണ്ടും വല കുലുക്കി. 55ആം മിനിറ്റിൽ നാസിമെന്റോ ഒരിക്കൽ കൂടി വല കുലുക്കുകയായിരുന്നു. റോബ്സൻ തന്നെ ഈ ഗോളിനും ചരട് വലിച്ചു. അഹ്മദ് ജാഹോയുടെ ഫ്രീകിക്കിൽ റോയ് കൃഷ്ണയുടെ ഹെഡർ പോസ്റ്റിലിടിച്ചു മടങ്ങി. 66ആം മിനിറ്റിൽ ജെറിയിലൂടെ ഗോൾ കണ്ടെത്തിയ ഒഡീഷ, മത്സരത്തിൽ പ്രതീക്ഷകൾ നിലനിർത്തി. വീണ്ടും ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ മാത്രം ആയില്ല.ഇതോടെ ഒഡീഷ മറ്റൊരു തോൽവി കൂടി വഴങ്ങി.

ഏഷ്യൻ ഗെയിംസ് ഫുട്ബോൾ; ഛേത്രിയുടെ ഗോളിൽ ആദ്യ ജയം നേടി ഇന്ത്യ

ക്യാപ്റ്റൻ സുനിൽ ഛേത്രി വലയിൽ എത്തിച്ച ഏക ഗോളിന്റെ മികവിൽ ബംഗ്ലാദേശിനെ കീഴടക്കി ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ ആദ്യ ജയം കുറിച്ച് ഇന്ത്യ. ഭൂരിഭാഗം സമയവും ഗോൾ രഹിതമായിരുന്ന മത്സരത്തിൽ മുഴുവൻ സമയത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കേ ലഭിച്ച പെനാൽറ്റി ഇന്ത്യൻ നായകൻ വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എയിൽ നിർണായകമായ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ സാധിച്ച ഇന്ത്യ, നോക്ക്ഔട്ട് പ്രതീക്ഷകളും നിലനിർത്തി.

തുടക്കം മുതൽ ഇന്ത്യ ആക്രമണം നടത്തി. രാഹുലിന്റെ ക്രോസിൽ ഛേത്രിയുടെ ഹെഡർ ലക്ഷ്യം കണ്ടില്ല. മികച്ചൊരു നീക്കത്തിലൂടെ ബ്രൈസ് മിറാണ്ട, രോഹിതിന് ഒരുക്കിയ അവസരവും പാഴായി. ഇഞ്ചുറി ടൈമിൽ ഇന്ത്യക്ക് ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ ലഭിച്ചു. ബ്രൈസ് മിറാണ്ടയുടെ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ബംഗ്ലാദേശ് പ്രതിരോധത്തിന് പിഴച്ചപ്പോൾ ഛേത്രിയുടെ ഷോട്ട് എതിർ താരങ്ങളിൽ തട്ടി തെറിച്ചു. പിറകെ റാബിയുടെ ഷോട്ടും തടയപ്പെട്ടു. ഉടൻ തന്നെ റാബി ഉയർത്തി നൽകിയ ക്രോസിൽ രാഹുൽ കെപിയുടെ ഹേഡർ കീപ്പർ സേവ് ചെയ്‌തു. ഇന്ത്യ ലീഡ് നേടിയെന്ന് തോന്നിച്ച നിമിഷങ്ങൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ സാമുവൽ ഖ്‌യെൻഷിയുടെ തകർപ്പൻ ഒരു ഫ്രീകിക്ക് പോസ്റ്റിൽ കൊണ്ടു മടങ്ങി. ബംഗ്ലാദേശ് താരം മുജീബ്റഹ്മാൻറെ ശ്രമം ധീരജ്‌ മുന്നിലേക്ക് കയറി തടുത്തു. ഒടുവിൽ ഇന്ത്യ കാത്തിരുന്ന ഗോൾ എത്തി. ക്രോസ് നിയന്ത്രിച്ചു ബോക്സിലേക്ക് കടന്ന ബ്രൈസ് മിറാണ്ടയെ എതിർ താരം വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്ക് എടുത്ത ഛേത്രിയെ തടയാൻ കീപ്പർ ഡൈവ് ചെയ്‌തെങ്കിലും പന്ത് കൃത്യമായി വലയിൽ പതിക്കുക തന്നെ ചെയ്തു. 85ആം മിനിറ്റിലാണ് ഗോൾ പിറന്നത്. അവസാന നിമിഷങ്ങളിൽ ബംഗ്ലാദേശിന്റെ സമനില ഗോളിനായുള്ള ശ്രമങ്ങളും വിഫലമായതോടെ ഇന്ത്യ നിർണായക ജയം കരസ്ഥമാക്കി.

സൂപ്പർ ജയം; എഎഫ്സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി മോഹൻ ബഗാൻ

എഎഫ്സി കപ്പ് പ്ലേ ഓഫ് ഘട്ടവും താണ്ടി മോഹൻ ബഗാന്റെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ടീമായ ധാക അബഹാനിയെ കീഴടക്കിയാണ് ബഗാൻ ഭൂഖണ്ഡത്തിന്റെ പോരാട്ടത്തിലേക്ക് പേരെഴുതി ചേർത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഐഎസ്എൽ ടീമിന്റെ വിജയം. ജയ്സൻ കമ്മിങ്സ്, സാദിഖൂ എന്നിവർ ബഗാന് വേണ്ടി വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. ധാക്ക ടീമിന് വേണ്ടി കോർണിലിയസ് സ്റ്റുവർട് വല കുലുക്കി.

മത്സരത്തിൽ ആദ്യം ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും ശക്തമായ തിരിച്ചു വരവ് തന്നെയാണ് ബഗാൻ കുറിച്ചത്. 62% ശതമാനം പോസഷനും ഇരുപതോളം ഷോട്ടുകളുമായി എതിരാളികൾക്ക് മേൽ പൂർണമായി ആധിപത്യം നേടാൻ അവർക്കായി. ലിസ്റ്റൻ കോളാസോയും കമ്മിങ്സും ചേർന്ന നീക്കത്തിലൂടെ ബഗാനും കോർണിലിയസും അൻവർ അലിയും ചേർന്ന നീക്കത്തിലൂടെ അബഹാനിയും ആദ്യ മുന്നേറ്റങ്ങൾ നടത്തി. പതിനേഴാം മിനിറ്റിൽ ബംഗ്ലാദേശ് ടീം ലീഡ് നേടി. എതിർ താരത്തിന്റെ ഷോട്ട് തടയുന്നതിൽ കീപ്പർ വിശാൽ ഖേയ്ത്തിന് പിഴച്ചപ്പോൾ കൃത്യമായി ഇടപെട്ട കോർണിലിയസ് പന്ത് വലയിൽ എത്തിച്ചു. പിന്നീട് ബഗാൻ തുടർച്ചയായ അക്രമങ്ങൾ നടത്തി. ഹ്യൂഗോ ബോമസിനെ വീഴ്ത്തിയതിന് ബഗാൻ താരങ്ങളുടെ പെനാൽറ്റിക്ക് വേണ്ടിയുള്ള മുറവിളി റഫറി ചെവിക്കൊണ്ടില്ല. തുടർന്ന് സഹലിലൂടെ അർധാവസരങ്ങളും ഇന്ത്യൻ ടീമിന് ലഭിച്ചു. ഒരുവിൽ 35ആം മിനിറ്റിൽ കോളാസോയെ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത കമ്മിങ്സിന് ഒട്ടും പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിൽ നിന്നുള്ള എതിർ ടീമിന്റെ ശ്രമം വിശാൽ ഖേയ്ത് സേവ് ചെയ്തു.

രണ്ടാം പകുതിയിലും മോഹൻ ബഗാൻ ആക്രമണം തുടർന്നു. 58ആം മിനിറ്റിൽ അവർ ലീഡ് കരസ്ഥമാക്കി. പോസ്റ്റിലേക്കുള്ള ഹ്യൂഗോ ബോമസിന്റെ ശ്രമം എതിർ താരമായ മീലാദ് ഷെയ്ഖിൽ തട്ടി പോസ്റ്റിൽ തന്നെ അവസാനിച്ചു. രണ്ടു മിനിറ്റിനു ശേഷം കോർണറിൽ നിന്നും സാദിഖൂ കൂടി ലക്ഷ്യം കണ്ടതോടെ നിർണായകമായ രണ്ടു ഗോൾ ലീഡ് ബഗാൻ കരസ്ഥമാക്കി. ഇതോടെ മത്സരം പൂർണ്ണമായും അവരുടെ നിയന്ത്രണതത്തിലായി. ആഷിഖ് കുരുണിയനും മൻവീറിനും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

“ഹെഡ് മാസ്റ്റർ” ആയി അൻവർ അലി, എഎഫ്സി കപ്പ് രണ്ടാം പ്രിലിമിനറി റൗണ്ട് കടന്ന് മോഹൻ ബഗാൻ

സീസണിലെ ഏഷ്യൻ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച മോഹൻ ബഗാന് മികച്ച തുടക്കം. എഎഫ്സി കപ്പ് രണ്ടാം പ്രിലിമിനറി റൗണ്ടിൽ നേപ്പാൾ ക്ലബ്ബ് ആയ മച്ചിന്ദ്ര എഫ്സിയെ നേരിട്ട ബഗാൻ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം കരസ്ഥമാക്കിയത്. അൻവർ അലിയുടെ എണ്ണം പറഞ്ഞ രണ്ടു ഹെഡർ ഗോളുകളും ജേസൻ കമ്മിങ്സിന്റെ മറ്റൊരു ഗോളും ബഗാനെ വിജയം എളുപ്പമാക്കുകയായിരുന്നു സഹൽ അബ്ദുസമദ്, അനിരുദ്ധ് ഥാപ്പ തുടങ്ങിയവർ ബഗാൻ ജേഴ്സിയിൽ അണിനിരന്നിരുന്നു.

ആദ്യ മിനിറ്റിൽ തന്നെ ബഗാൻ മുന്നേറ്റത്തിൽ ഹ്യൂഗോ ബൊമസിന്റെ ക്രോസിൽ ആഷിഖ് കുരുണിയന്റെ ക്രോസ് എതിർ പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. സഹലിന്റെ മികച്ചൊരു ഷോട്ട് മച്ചിന്ദ്രാ കീപ്പർ സേവ് ചെയ്തു. ആദ്യ ഗോളിനായി 39ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഹ്യൂഗോ ബൊമസിന്റെ കോർണറിൽ തല വെച്ച് അൻവർ അലിയാണ് വല കുലുക്കിയത്. ആഷിഖിന്റെയും മൻവീറിന്റെയും ശ്രമങ്ങൾ തടഞ്ഞു കൊണ്ട് കീപ്പർ നേപ്പാൾ ക്ലബ്ബിന്റെ രക്ഷക്ക് എത്തിയെങ്കിലും ജേസൻ കമ്മിങ്സിലൂടെ ഐഎസ്എൽ ക്ലബ്ബ് ലീഡ് ഉയർത്തി. ക്ലബ്ബ് ജേഴ്‌സിയിൽ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. കൗണ്ടർ നീക്കത്തിൽ അപാരമായ വേഗത്തിൽ ബോളുമായി കുതിച്ച താരം, തടയാൻ എത്തിയ കീപ്പറേയും മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് പരിക്കേറ്റ ആഷിഖിന് കളം വിടേണ്ടി വന്നു. 77ആം മിനിറ്റിൽ മച്ചിന്ദ്ര എഫ്സി തിരിച്ചടിച്ചു. മെസോക്കെ ഓളുമോ ആണ് വല കുലുക്കിയത്. മുഴുവൻ സമയത്തിന് അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ ബഗാന്റെ ജയമുറപ്പിച്ച ഗോൾ എത്തി. പിച്ചിന്റെ ഇടത് ഭാഗത്ത് എതിർ ബോക്സിന് പുറത്തു നിന്നും എത്തിയ ദിമിത്രിയുടെ ഫ്രീകിക്കിൽ അതിമനോഹരമായ ഹെഡർ ഉതിർത്ത് അൻവർ അലി ഒരിക്കൽ കൂടി വല കുലുക്കുകയായിരുന്നു.

യുറോപ്യൻ സ്റ്റൈലിൽ മുഖം മിനുക്കി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ; പ്രൈസ് മണി വർധിക്കും, വനിതാ ചാമ്പ്യൻസ് ലീഗും

ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഫുട്ബോളിന് പുതിയ മുഖം നൽകാൻ എഎഫ്സിയുടെ പദ്ധതി. ഇന്ന് നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡെറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ ക്ലബ്ബ് ഫുട്ബോളിൽ വലിയ മാറ്റങ്ങൾക്ക് വഴി ഒരുക്കിയേക്കും. യുറോപ്യൻ ഫുട്ബോൾ മാതൃകയിൽ മൂന്ന് തലത്തിലുള്ള ടൂർണമെന്റുകൾക്കും വർധിപ്പിച്ച സമ്മാന വിഹിതത്തിനും പുറമെ വനിതാ ചാമ്പ്യൻസ് ലീഗിന്റെയും മാറ്റങ്ങൾക്ക് കമ്മിറ്റി അംഗീകാരം നൽകി. 2024-25 സീസൺ മുതലാവും പുതിയ മാറ്റങ്ങൾ പ്രാവർത്തികമാകുക.

ആകെ 76 ടീമുകൾ പങ്കെടുക്കുന്ന തരത്തിൽ ആണ് ക്ലബ്ബ് പോരാട്ടങ്ങൾ സജ്ജീകരിക്കുന്നത്. നിലവിലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് തന്നെ ആവും ഏറ്റവും ഒന്നാം നിര ക്ലബുകളുടെ പോരാട്ടം. ടൂർണമെന്റിന്റെ പുതിയ പേര് എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് (ACLE) എന്നായിരിക്കും. 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഇതിന് താഴെ 32 ടീമുകൾ പങ്കെടുക്കുന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 (ACL2), പിന്നീട് 20 ടീമുകൾ പങ്കെടുക്കുന്ന എഎഫ്സി ചലഞ്ച് ലീഗ് (ACGL). സമ്മാന തുകയിലുള്ള വർധനവാണ് മറ്റൊരു പ്രധാന തീരുമാനം. ACLE ജേതാക്കൾക്ക് നിലവിലുള്ള 4 മില്യൺ യുഎസ് ഡോളറിന് പകരം 12 മില്യൺ ഡോളർ കരസ്ഥമാക്കാം. റണ്ണെഴ്സ് അപ്പിന് 6 മില്യൺ യുഎസ് ഡോളറും നൽകും. ഇത് നിലവിൽ 2 മില്യൺ ഡോളർ ആണ്.

എഎഫ്സി വനിതാ ചാമ്പ്യൻസ് ലീഗ് ആണ് മറ്റൊരു പ്രഖ്യാപനം. നിലവിൽ രണ്ടു സീസണുകളിൽ ആയി എഎഫ്‌സി വുമൺസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് നടന്ന് വരുന്നുണ്ട്. ഇത് പരിഷ്കരിച്ചാണ് പുതിയ രൂപത്തിലേക്ക് മാറുക. ആദ്യ തവണ ഇൻവിറ്റെഷൻ മോഡലിൽ ആവും ടൂർണമെന്റ് നടക്കുക. പ്രതിഭാധനരായ വനിതാ താരങ്ങളുടെ വളർച്ചയിൽ വലിയൊരു ചുവട് വെപ്പായിരിക്കും വനിതാ ചാമ്പ്യൻസ് ലീഗ് എന്ന് എഎഫ്സി പ്രസിഡന്റ് സൂചിപ്പിച്ചു. പ്രൈസ് മണി അടക്കമുള്ള പുതിയ രീതികൾ ഏഷ്യൻ ക്ലബ്ബ് പോരാട്ടങ്ങളുടെ വളർച്ചയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ ടി കെ മോഹൻ ബഗാന് നിരാശയുടെ തുടർച്ച, സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ട് എ എഫ് സി കപ്പിൽ നിന്ന് പുറത്ത്

ഈ ആഴ്ച എ ടി കെ മോഹൻ ബഗാന് നല്ല ആഴ്ച അല്ല. അവർ ഡൂറണ്ട് കപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ ഇപ്പോൾ എ എഫ് സി കപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്‌ . ഇന്ന് കൊൽക്കത്തയിൽ നടന്ന ഇന്റർ സോൺ സെമി ഫൈനലിൽ കോലാലമ്പൂർ സിറ്റി ആണ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കോലാലമ്പൂർ സിറ്റിയുടെ വിജയം.

ആദ്യ പകുതിയിൽ നല്ല ആധിപത്യം പുകർത്തിയിട്ടും ഗോളടിക്കാത്തത് മോഹൻ ബഗാന് വലിയ തിരിച്ചടിയായി. രണ്ടാം പകുതിയിൽ അറുപതാം മിനുട്ടിൽ ജോസെയിലൂടെ സന്ദർശകർ ലീഡ് എടുത്തു. ഈ ഗോളിന് മറുപടി നൽകാനുള്ള മോഹൻ ബഗാന്റെ ശ്രമം 90ആം മിനുട്ടിൽ ഫലം കണ്ടു. യുവതാരം ഫരീദ് അലിയിലൂടെ സമനില വന്നു.

പക്ഷെ ആ സമനില ആശ്വാസമായില്ല. ഇതിന് തൊട്ടു പിറകെ രണ്ട് ഗോളുകൾ അടിച്ച് കോലാലമ്പൂർ സിറ്റി 3-1ന് വിജയം ഉറപ്പിച്ചു. ഐമനും മൊരാലസും ആയിരുന്നു ഈ ഗോളുകൾ നേടിയത്. മോഹൻ ബഗാൻ ഇത് തുടർച്ചയായി രണ്ടാം വർഷമാണ് ഇന്റർ സോൺ സെമി ഫൈനലിൽ പുറത്താകുന്നത്.

മോഹൻ ബഗാൻ ഇന്ന് എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ ഇറങ്ങും

എ ടി കെ മോഹൻ ബഗാൻ ഇന്ന് എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ കോലാലംപൂർ സിറ്റിക്ക് എതിരെ ഇറങ്ങും. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 7 മണിക്ക് ആണ് ആരംഭിക്കുക‌. കളി തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാം. ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവിടം വഴി ഓൺലൈൻ ആയും മത്സരം കാണാം.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ 6 പോയിന്റുമായി മോഹൻ ബഗാൻ ഒന്നാമത് ഫിനിഷ് ചെയ്തിരുന്നു. ഗോകുലത്തോട് ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റിരുന്നു എങ്കിലും ബഷുന്ധര കിംഗ്സിനെയും മാസിയയെയും തോൽപ്പിച്ച് ആണ് മോഹൻ ബഗാൻ ഇന്റർ സോൺ സെമിയിലേക്ക് എത്തിയത്.

ഡൂറണ്ട് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ മോഹൻ ബഗാൻ ഇന്റർസോൺ ഫൈനലിൽ എത്തി ആ നിരാശ തീർക്കാം എന്നാണ് കരുതുന്നത്.

അൽ ശബാബിനെതിരെ മുംബൈ സിറ്റിക്ക് വലിയ പരാജയം

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് അവർ ഓർക്കാൻ ഇഷ്ടപ്പെടാത്ത രാത്രിയായി ഇന്നത്തെ രാത്രി മാറി. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരത്തിൽ സൗദി അറേബ്യൻ ശക്തികളായ അൽ ശബാബിൽ നിന്ന് വലിയ പരാജയം തന്നെ മുംബൈ സിറ്റി ഇന്ന് വഴങ്ങി. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു അവരുടെ വിജയം.

ഹതൻ ബെഹെബ്രി ഇന്ന് മുംബൈ സിറ്റിക്ക് എതിരെ ഹാട്രിക്ക് നേടി. 19, 64, 66 മിനുട്ടുകളിൽ ആയിരുന്നു ബെഹെബ്രിയുടെ ഗോളുകൾ. 52ആം മിനുട്ടിൽ അൽ ജവായിയും 81ആം മിനുട്ടിൽ കാർലോസുമാണ് മറ്റു ഗോളുകൾ നേടി. ഒരു സെൽഫ് ഗോളും അൽ ശബാബിന് അനുകൂലമായി പിറന്നു.

നേരത്തെ അൽ ശബാബിനെ നേരിട്ടപ്പോൾ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയവും ഏറ്റു വാങ്ങിയിരുന്നു. ഇനി ഒരു മത്സരം കൂടെ മുംബൈ സിറ്റിക്ക് ബാക്കി ഉണ്ട് എങ്കിലും അവരുടെ ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സാധ്യതകൾ അവസാനിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റാണ് മുംബൈ സിറ്റിക്ക് ഉള്ളത്.

Exit mobile version