പി വി സിന്ധു തായ്‌ലാന്റ് ഓപ്പൺ സെമിയിൽ വീണു

തായ്ലാന്റ് ഓപ്പണിൽ നിന്ന് ഇന്ത്യൻ താരം പി വി സിന്ധു പുറത്ത്. സെമിഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ ചെൻ യു ഫേയോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റാണ് സിന്ധു പുറത്തായത്. 17-21 16-21 എന്നായിരുന്നു സ്കോർ. സിന്ധുവിന് ചെനു യു ഫേയ്ക്ക് എതിരെ നല്ല റെക്കോർഡാണ് ഉണ്ടായിരുന്നത് എങ്കിലും അതൊന്നും ഇന്ന് കാണാൻ ആയില്ല. ഇനി ജൂൺ രണ്ടാം വാരം നടക്കുന്ന ഇന്തോനേഷ്യൻ മാസ്റ്റേഴ്സിൽ ആകും സിന്ധു പങ്കെടുക്കുക

ഇന്ത്യൻ വനിതാ ലീഗ്; ദുലർ മരന്ദിക്ക് നാലു ഗോളുകൾ, എസ് എസ് ബിക്ക് വിജയം

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എസ് എസ് ബിക്ക് വിജയം. ക്യാപ്റ്റൻ ദുലർ മരന്ദിയുടെ നാകു ഗോളുകളുടെ ബലത്തിൽ 5-2 എന്ന സ്കോറിനാണ് എസ് എസ് ബി ഇന്ന് ഒഡീഷ പോലീസിനെ പരാജയപ്പെടുത്തിയത്. 27, 38, 57, 58 മിനുട്ടുകളിൽ ആയിരുന്നു ദുലറിന്റെ ഗോളുകൾ. നവോറം സുമില ചാനുവും എസ് എസ് ബിക്ക് ആയി ഗോൾ നേടി. 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് എസ് എസ് ബി ഉള്ളത്. ഒഡീഷ പോലീസ് പത്താം സ്ഥാനത്താണ്.

“അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ലിവർപൂളിന് ഒരു സമ്മർദ്ദവും ഇല്ല” – ക്ലോപ്പ്

പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ഇറങ്ങുമ്പോൾ ലിവർപൂളിന് ഒരു സമ്മർദ്ദവും ഇല്ല എന്ന് പരിശീലകൻ ക്ലോപ്പ്. അവസാന മത്സരത്തിൽ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തുകയും ലിവർപൂൾ വിജയിക്കുകയും ചെയ്താലെ ലിവർപൂളിന് കിരീടം നേടാൻ ആകു. എന്നാൽ തങ്ങൾക്ക് സമ്മർദ്ദം ഇല്ല എന്ന് ക്ലോപ്പ് പറയുന്നു.

“എനിക്ക് മറ്റ് ടീമിനുള്ള സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, പക്ഷേ ഞങ്ങൾക്ക് സമ്മർദ്ദമില്ല,” ജർമ്മൻ കോച്ച് പറഞ്ഞു. “നിങ്ങൾക്ക് നഷ്‌ടപ്പെടാൻ എന്തെങ്കിലും ഉണ്ടെങ്കിൽ സമ്മർദ്ദം ഉണ്ടാകാമ്മ് പക്ഷേ ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല” ക്ലോപ്പ് പറഞ്ഞു.

ഞങ്ങളുടെ മത്സരം ജയിക്കണം എന്ന് നമ്മുക്ക് അറിയാം. അതു കുറേ കാലമായി അങ്ങനെയാണെന്ന് ക്ലോപ്പ് പറഞ്ഞു. മുമ്പും ഇതുപോലുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് എളുപ്പമല്ല എന്ന് എനിക്ക് അറിയാം. പക്ഷെ ഞങ്ങൾ ആ സമ്മർദ്ദങ്ങൾ എല്ലാം അതിജീവിച്ചിട്ടുണ്ട്. ക്ലോപ്പ് പറഞ്ഞു.

പോഗ്ബ യുവന്റസിലേക്ക് അടുക്കുന്നു, മൂന്ന് വർഷത്തെ കരാർ മുന്നിൽ

പോഗ്ബ ഉടൻ കരാർ ഒപ്പുവെക്കും എന്ന് സൂചനകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനുച്ച പോൾ പോഗ്ബ യുവന്റസുമായി ധാരണയിൽ എത്തുന്നു. പോഗ്ബ മൂന്ന് വർഷത്തെ കരാർ യുവന്റസിൽ ഒപ്പുവെക്കും എന്ന് ട്രാൻസ്ഫർ വിദഗ്ദ്ധർ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബയ്ക്ക് 8 മില്യൺ യൂറോ വേതനമായി നൽകാനും 2 മില്യൺ ബോണസ് ആയി നൽകാനും യുവന്റസ് തയ്യാറായിട്ടുണ്ട്. ഈ കരാർ പോഗ്ബ അംഗീകരിച്ചേക്കും. പോഗ്ബ 11 മില്യൺ യൂറോ ആണ് വാർഷിക വേതനമായി ആവശ്യപ്പെട്ടിരുന്നത്.
20220521 130257
മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും പോഗ്ബക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ ചെറിയ വേതനം ആണ് യുവന്റസ് ഇപ്പോൾ പോഗ്ബക്ക് മുന്നിൽ വെച്ചിരിക്കുന്നത് എങ്കിലും യുവന്റസിനായി കളിക്കാൻ ഇഷ്ടപ്പെടുന്നത് കൊണ്ട് പോഗ്ബ ഈ കരാർ അംഗീകരിച്ചേക്കും. 29കാരനായ പോഗ്ബ 2012 മുതൽ 2016വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്നു. ആ കാലത്ത് പോഗ്ബ ലോകത്തെ തന്നെ ഏറ്റവും മികച്ച ഫുട്ബോളറിൽ ഒന്നായിരുന്നു. പിന്നീട് യുണൈറ്റഡിലേക്ക് തിരികെ എത്തിയപ്പോൾ പോഗ്ബ ഫോം ഔട്ട് ആവുക ആയിരുന്നു. യുവന്റസിൽ പോഗ്ബ 8 കിരീടങ്ങൾ നേടിയിട്ടുണ്ട്.

ഇന്ന് വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനൽ, കിരീടം തേടി ബാഴ്സലോണയും ലിയോണും

വനിതാ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫൈനൽ ആണ്‌. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണ ലിയോണിനെ നേരിടും. വനിതാ ക്ലബ് ഗെയിമിലെ എക്കാലത്തെയും വലിയ മത്സരമായാണ് ഇന്നത്തെ മത്സരത്തെ കണക്കാക്കുന്നത്. ബാഴ്സലോണ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ്. ഏഴ് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് ലിയോൺ.

വനിതാ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ടീമായാണ് ലിയോൺ അറിയപ്പെടുന്നത്. ഇപ്പോഴത്തെ ബാഴ്സലോണ ടീം ലിയോണിന്റെ മികച്ച ടീമുകളെക്കാൾ വലിയ ടീമാണെന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ മത്സരം നടക്കുന്നത്. 2019ൽ ഇരു ടീമുകളും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് 4-1ന് ലിയോൺ വിജയിക്കുകയും കിരീടം ഉയർത്തുകയും ചെയ്തിരുന്നു.

ഈ സീസണിൽ കളിച്ച ഒരു മത്സരം ഒഴികെ ബാക്കിയെല്ലാം ബാഴ്സലോണ വിജയിച്ചിട്ടുണ്ട്‌. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ വോൾവ്സ്ബർഗിന് എതിരെയുള്ള മത്സരം മാത്രമാണ് ബാഴ്സലോണ വിജയിക്കാതെ പോയത്.

ഇന്ന് രാത്രി 10.30ന് നടക്കുന്ന മത്സരം യൂടൂബിൽ DAZN ചാനലിൽ തത്സമയം കാണാം.

മന്ദർ റാവു ഒരു വർഷത്തേക്ക് കൂടെ മുംബൈ സിറ്റിയിൽ തുടരും

മുംബൈ സിറ്റിയുടെ താരം മന്ദർ റാവു ദേശായ് ഒരു വർഷത്തേക്ക് കൂടെ ക്ലബിൽ തുടരും. മന്ദർ റാവുവിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള കരാർ വ്യവസ്ഥ മുംബൈ സിറ്റി ഉപയോഗിക്കുക ആയിരുന്നു. രണ്ട് വർഷം മുമ്പ് ആയിരുന്നു മന്ദർ റാവു എഫ് സി ഗോവ വിട്ട് മുംബൈ സിറ്റിയിലേക്ക് എത്തിയത്.

ആറു വർഷത്തോളം ഗോവയ്ക്ക് ഒപ്പം കളിച്ച ശേഷമായിരുന്നു മന്ദർ റാവു മുംബൈ സിറ്റിയിലേക്ക് എത്തിയത്. മുംബൈ സിറ്റിക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്.

128 മത്സരങ്ങൾ ഐ എസ് എല്ലിൽ ആകെ മന്ദർ കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും 12 അസിസ്റ്റും മന്ദർ തന്റെ പേരിൽ കുറിച്ചു.

ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായിരുന്നു.

സ്റ്റോൺസും വാൽക്കറും പരിക്ക് മാറി എത്തി

മാഞ്ചസ്റ്റർ സിറ്റിക്ക് സീസൺ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ വലിയ ആശ്വാസ വാർത്തയാണ് ലഭിക്കുന്നത്. ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഈ സീസണിലെ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ ഡിഫൻഡർമാരായ ജോൺ സ്റ്റോൺസും കെയ്ൽ വാക്കറും ഉണ്ടാകും. കിരീടം ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് അവസാന മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്.

സ്റ്റോൺസും വാൽക്കറും ഇനി ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇരുവരും പരിശീലനം ആരംഭിച്ചിട്ടുണ്ട് എന്നും കളിക്കുമോ എന്നത് അടുത്ത ട്രെയിനിങ് സെഷൻ കഴിഞ്ഞ് മാത്രമെ തീരുമാനിക്കു എന്നും പെപ് പറഞ്ഞു.

ബ്രണ്ടൺ വില്യംസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൺ വില്യംസിനെ ക്ലബ് വിടാൻ അനുവദിക്കും. ഈ സീസൺ പ്രീമിയർ ലീഗിൽ നോർവിച് സിറ്റിക്കായി ലോണിൽ കളിച്ച താരം ലോൺ കഴിഞ്ഞ് ക്ലബിലേക്ക് തിരിച്ചെത്തും എങ്കിലും താരത്തെ വിൽക്കാൻ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്‌. ബ്രാണ്ടണ് ആദ്യ ഇലവനിൽ അവസരം കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ താരത്തിനായി വരുന്ന ഓഫറുകൾ യുണൈറ്റഡ് പരിഗണിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ നേരത്തെയും അധികം അവസരം താരത്തിന് ലഭിച്ചിരുന്നില്ല. 22കാരനായ താരം പ്രീമിയർ ലീഗിൽ തന്നെ അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാകും. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൺ. ഒലെ ഗണ്ണാർ സോൾഷ്യർ ആദ്യം താരത്തിന് അവസരം നൽകിയിരുന്നു എങ്കിലും ടെല്ലസ് കൂടെ ടീമിൽ എത്തിയതോടെ ബ്രാണ്ടൺ പിറകോട്ട് പോവുക ആയിരുന്നു.

ഇന്ന് ഗോകുലം കേരളക്ക് രണ്ടാം അങ്കം, അത്ഭുതങ്ങൾ തുടരണം

  • എ.എഫ്.സി കപ്പ് ഗോകുലം കേരള ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും
  • എതിരാളി മാൽഡീവ്‌സ് ക്ലബ് മസിയ

കൊൽക്കത്ത: എ.എഫ്.സി കപ്പിൽ ജയം തുടരാൻ മലബാറിയൻ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഗോകുലം കേരള ഇന്ന് മാൽഡീവ്‌സ് ക്ലബായ മസിയയെയാണ് നേരിടുന്നത്. 4-2 എന്ന സ്‌കോറിന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐ.എസ്.എൽ ക്ലബായ എ.ടി.കെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയ മലബാറിയൻസ് വലിയ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ തോൽവി നേരിട്ടാണ് മസിയ രണ്ടാം മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്‌സായിരുന്നു മസിയയെ പരാജയപ്പെടുത്തിയത്.

മസിയയെ തോൽപിച്ചതോടെ ബസുന്ധര കിങ്‌സിനും മൂന്ന്‌പോയിന്റുണ്ട്. എന്നാൽ ഗോകുലത്തിനും മൂന്ന് പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ മലബാറിയൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തുള്ളത്. മുന്നേറ്റത്തിൽ ഫ്ലച്ചറും ലൂക്ക മജ്‌സനും മധ്യനിരയിൽ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദും എമിൽ ബെന്നി, ജിതിൻ എന്നിവരാണ് ഗോകുലത്തിന്റെ കരുത്ത്. പ്രതിരോധത്തിൽ ശക്തമായ പ്രകടനവുമായി എതിർ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന കാമറൂൺ താരം അമിനോ ബൗബ, മുഹമ്മദ് ഉവൈസ് എന്നിവരും മികച്ച ഫോമിലാണ്.അതിനാൽ രണ്ടാം മത്സരത്തിലും ജയം തുടർന്ന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള.

എ.ടി.കെക്കെതിരേയുള്ള ആദ്യ മത്സരത്തിൽ ആറു മലയാളികളായിരുന്നു ഗോകുലത്തിനായി ആദ്യ ഇലവനിൽ ഇറങ്ങിയത്. അബ്ദുൽ ഹക്കു, ജിതിൻ, റിഷാദ്, എമിൽ ബെന്നി, താഹിർ സമാൻ, ഉവൈസ് എന്നിവരായിരുന്നു ആദ്യ ഇലവനിൽ കളിച്ച മലയാളി താരങ്ങൾ. ഇതിൽ റിഷാദ്, ജിതിൻ തുടങ്ങിയ മലയാളി താരങ്ങൾ ഓരോ ഗോൾവീതം ടീമിന് സംഭാവന നൽകുകയും ചെയ്തിരുന്നു.

രാത്രി 8.30ന് സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ തന്നെയാണ് ഗോകുലം കേരളയുടെ മത്സരവും നടക്കുന്നത്.

എഡിൻ ടെർസിച് ഡോർട്മുണ്ട് പരിശീലകനായി തിരികെയെത്തും

മാർക്കോ റോസിനെ പുറത്താക്കിയ ഡോർട്മുണ്ട് പുതിയ പരിശീലകനായി എഡിൻ ടെർസിചിനെ എത്തിക്കും. കഴിഞ്ഞ സീസണിൽ ഡോർട്മുണ്ടിന്റെ താൽക്കാലിക പരിശീലകനായി ചുമതല വഹിച്ചപ്പോൾ ടെർസിക് ക്ലബിനെ നല്ല ഫുട്ബോൾ കളിപ്പിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഡി എഫ് ബി പൊകാൽ കിരീടവും നേടിക്കൊടുത്തിരുന്നു.

ഞെട്ടിക്കുന്ന തീരുമാനത്തിന് ശേഷം എഡിൻ ടെർസിച് പുതിയ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മുഖ്യ പരിശീലകനാകാൻ ഒരുങ്ങുന്നു. ടെർസിച് മുൻ ഡോർട്മുണ്ട് കോച് ഫവ്രെയുടെ സഹ പരിശീലകൻ ആയിരുന്നു. 39കാരനായ ടെർസിചിനു കീഴിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കാൻ ആകുമെന്ന പ്രതീക്ഷയാണ് ഡോർട്മുണ്ട് ആരാധകർക്കും ഉള്ളത്.

“ശരിയായ താരങ്ങളെ കൊണ്ടു വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മികച്ച ടീമാക്കി മാറ്റാൻ ആകും” – റാഗ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മികച്ച ടീമാക്കാൻ ആകും എന്ന് താൽക്കാലില പരിശീലകൻ റാഗ്നിക്. താൻ പുതിയ പരിശീലകൻ ടെൻ ഹാഗുമായി സംസാരിക്കുന്നുണ്ട് എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനെ മികച്ച ടീമാക്കി മാറ്റാൻ ആകും എന്നും റാഗ്നിക്ക് പറഞ്ഞു. റാഗ്നിക്ക് പരിശീലക സ്ഥാനത്ത് നിന്ന് മാറിയാലും യുണൈറ്റഡിൽ കൺസൾട്ടന്റ് റോളിൽ തുടരും. ടെൻ ഹാഗിനൊപ്പം ടീമിനെ തിരിച്ച് പ്രതാപത്തിലേക്ക് കൊണ്ട് വരാൻ റാഗ്നിക്കും ശ്രമിക്കും.

ശരിയാ താരങ്ങളെ, ഈ ക്ലബിന് കളിക്കാൻ മെന്റാലിറ്റി ഉള്ള താരങ്ങളെ കൊണ്ടു വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലിയ ക്ലബാക്കി മാറ്റാൻ ആകും എന്ന് റാഗ്നിക്ക് പറഞ്ഞു. ഒരു ട്രാൻസ്ഫർ വിൻഡോയിൽ അതിനായേക്കില്ല എന്നും രണ്ടോ മൂന്നോ വിൻഡോ കൊണ്ട് ആകും എന്നും റാഗ്നിക്ക് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ തന്നെ ഈ ക്ലബിൽ കളിക്കാൻ യോഗ്യത ഉള്ള താരങ്ങൾ ഉണ്ട് എന്നും റാഗ്നിക്ക് പറഞ്ഞു.

“ഇനി ഒരു ക്ലബിനെയും പരിശീലിപ്പിക്കില്ല” – കോമൻ

ഡച്ച് ദേശീയ ടീം പരിശീലകനായിതിരികെയെത്താൻ തീരുമാനിച്ച റൊണാൾഡ് കോമൻ താൻ ഇനി ഒരു ക്ലബിനെയും പരിശീലിപ്പിക്കില്ല എന്ന് അറിയിച്ചു. ക്ലബ് ഫുട്ബോൾ തനിക്ക് മടുത്തു എന്ന് പറഞ്ഞ കോമൻ, താൻ ഇനു ഡച്ച് ടീമിനെ മാത്രമെ പരിശീലിപ്പിക്കൂ എന്നും പറഞ്ഞു. അത് കഴിഞ്ഞാൽ താൻ പരിശീലക ജോലിയിൽ നിന്ന് വിരമിക്കും എന്നും അദ്ദേഹം സൂചന നൽകി. ഈ ലോകകപിന് ശേഷമാകും കോമൻ നെതർലന്റ്സ് ടീമിന്റെ പരിശീലകനായി തിരികെയെത്തുക.

ബാഴ്സലോണയെ പരിശീലിപ്പിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. അത് ഞാൻ നിറവേറ്റി. അതോടെ ക്ലബ് ഫുട്ബോൾ നിർത്തുക ആണെന്ന് കോമൻ പറഞ്ഞു. ലയണൽ മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം എന്നും കോമൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version