പൂനെ സിറ്റി ഇന്ന് ഡൽഹി ഡൈനാമോസിനെതിരെ

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പൂനെ സിറ്റി ഡൽഹി ഡൈനാമോസിനെതിരെ ഇറങ്ങും. പൂനെയിലെ ഛത്രപതി സ്പോർട്സ് കോമ്പ്ലെസ് സ്റ്റേഡിയത്തിൽ തീ പാറുന്നൊരു മത്സരമാണ് ഐ.എസ്.എൽ ആരാധകർ പ്രതീക്ഷിക്കുന്നത്. മികച്ച ഫോമിലുള്ള രണ്ടു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ ഒന്നുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഒൻപത് തവണ ഏറ്റു മുട്ടിയപ്പോൾ നാല് തവണയും ജയം ഡെൽഹിക്കായിരുന്നു. ഒരു തവണമാത്രമാണ് പൂനെ സിറ്റിക്ക് ജയിക്കാനായത്.

ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. ഫിൽ ബ്രൗണിന്റെ കീഴിൽ മികച്ച ഫോമിലാണ് പൂൺ സിറ്റി എഫ്‌സി. തുടർച്ചയായ ആറ് മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് പൂനെ. ജെംഷെഡ്പൂരിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത പൂനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങി. ഇന്നൊരു ജയം നേടി എ ടികെയെ മറികടന്നു ആറാം സ്ഥാനത്തെത്താനായിരിക്കും പൂനെയുടെ ശ്രമം. ടോപ്പ് സിക്‌സിൽ എത്തിയാൽ പൂനെക്ക് ഹീറോ സൂപ്പർ കപ്പിന് നേരിട്ടുള്ള യോഗ്യത ലഭിക്കും.

പൂനെയുടെ അറ്റാക്കിങ്ങിനെ പിടിച്ച് നിർത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഡെൽഹിക്കുള്ളത്. എന്നാൽ ടേബിൾ ടോപ്പേഴ്‌സ് ആയ ബെംഗളൂരു എഫ്‌സിയെ വമ്പൻ തിരിച്ചു വരവിലൂടെ 3-2. പരാജയപ്പെടുത്താൻ ഡൽഹി ഡൈനാമോസിനായിരുന്നു. കളിയുടെ 77ആം മിനുട്ട് വരെ 2-1 എന്ന സ്കോറിൽ ബെംഗളൂരു ലീഡ് ചെയ്തതിനു ശേഷമാണ് ഡൽഹി ശക്തമായി തിരിച്ചുവന്നത്. ഇരട്ട ഗോളുകളുമായി ഡാനിയൽ ലാൽഹലിംപുയയും ഡാവിലയുടെ ഗോളും ഗുർപ്രീത് സിങിന്റെ അബദ്ധങ്ങളും ബെംഗളൂരുവിനെതിരെയായിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് 7.30 pm ആണ് കിക്കോഫ് .