ഹസാർഡ് ആഗ്രഹിക്കുന്നുവെങ്കിൽ താരത്തിന് ചെൽസി വിട്ടുപോവാമെന്ന് ചെൽസി പരിശീലകൻ മൗറിസിയോ സാരി. ഹസാർഡിന്റെ ആഗ്രഹത്തിന് ക്ലബ് ഒരിക്കലും എതിരുനിൽക്കില്ലെന്നും സാരി പറഞ്ഞു. തനിക്ക് ഹസാർഡ് ഇവിടെ നിൽക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ക്ലബും തനിക്കും ഹസാർഡ് വിട്ടുപോവുന്നതിനെ എതിർക്കില്ലെന്നും സാരി പറഞ്ഞു. യൂറോപ്പിലെ ഏറ്റവും മികച്ച താരമാവാനുള്ള കഴിവ് ഹസാർഡിനു ഉണ്ടെന്നും ചെൽസി പരിശീലകൻ പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിന് ശേഷം ഹസാർഡ് റയൽ മാഡ്രിഡിലേക്ക് പോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. താരം തന്നെ പലപ്പോഴും റയൽ മാഡ്രിഡിലേക്ക് പോവാനുള്ള ആഗ്രഹം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹസാർഡിന്റെ കരാറിൽ ഒന്നര വർഷം മാത്രം ശേഷിക്കെ പുതിയ കരാറിൽ എത്തിയില്ലെങ്കിൽ താരം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ടീം മാറുമെന്നാണ് കരുതപ്പെടുന്നത്. 2012ൽ ചെൽസിയിൽ എത്തിയ ഹസാർഡ് രണ്ടു പ്രീമിയർ ലീഗ് കിരീടങ്ങളും യൂറോപ്പ ലീഗ് കിരീടവും നേടിയിട്ടുണ്ട്.