ഐ ലീഗിൽ ഗോകുലം കേരള എഫ്സി- മിനർവ പഞ്ചാബ് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഗോകുലം ജയിക്കുമെന്ന് തോന്നിയ മത്സരത്തിൽ ഇഞ്ചുറി ടൈം ഗോളിൽ മിനർവ പഞ്ചാബ് സമനില പിടിക്കുകയായിരുന്നു. ഗോകുലത്തിനു വേണ്ടി വിദേശ താരം മാർക്കസ് ജോസഫും മിനർവയ്ക്ക് വേണ്ടി ഹോർഹെ കാസിദോ റോഡ്രിഗസുമാണ് ഗോളടിച്ചത്.
മത്സരത്തിൽ എൺപത് മിനുട്ടിൽ അധികം പത്ത് പേരുമായി മിനർവ പഞ്ചാബ് കളിച്ചിട്ടും വിജയം നേടാൻ ഗോകുലത്തിനായില്ല. വിജയം തേടിയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. രണ്ടു മഞ്ഞക്കാർഡ് വാങ്ങി മിനർവയുടെ അക്കാദമി പ്രോഡക്ട് സക്കറി പുറത്ത് പോയപ്പോൾ ഗോകുലത്തിനൊരു ജയമാണ് എല്ലാരും പ്രതീക്ഷിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ മാത്രമാണ് ഗോകുലത്തിന്റെ ഗോൾ പിറന്നത്.
രണ്ടാം പകുതിയിൽ വിപി സുഹൈറും മുഹമ്മദ് റാഷിദും ഇറങ്ങിയപ്പോൾ ഗോകുലത്തിന്റെ ആക്രമണ നിര ഉണർന്നു. 82 ആം മിനുട്ടിൽ അതിന്റെ ഫലം കണ്ടു. മാർക്കസ് ജോസഫിലൂടെ ഗോകുലം ലീഡ് നേടി. എന്നാൽ ഇഞ്ചുറി ടൈമിലെ കാസിദോയുടെ ഗോൾ ഗോകുലത്തിന്റെ പ്രതീക്ഷകൾ തകർത്തു. നാല് പരാജയങ്ങൾക്ക് ശേഷം സമനില നേടിയ ഗോകുലം ഒൻപതാം സ്ഥാനത്താണ്. മിനർവ ഏഴാം സ്ഥാനത്തും.













