ഫുൾഹാമിന്റെ പുതിയ പരിശീലകനായി മുൻ ലെസ്റ്റർ പരിശീലകനായ റാനിയേരിയെ നിയമിച്ചു. പ്രീമിയർ ലീഗിലെ മോശം ഫോമിനെ തുടർന്നാണ് ഫുൾഹാം പരിശീലകനായിരുന്നു സ്ലാവിസ ജോകനോവിച്ചിനെ ക്ലബ് പുറത്താക്കിയത്. സ്ലാവിസ ജോക്കോനോവിച്ചിന്റെ കീഴിലാണ് ഫുൾഹാം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ 12 മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രം ജയിച്ച ഫുൾഹാം പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തായിരുന്നു. 100മില്യൺ പൗണ്ടോളം ചിലവാക്കിയിട്ടും ടീമിന് വിജയം നേടി കൊടുക്കാനാവാത്തതാണ് സ്ലാവിസക്ക് തിരിച്ചടിയായത്.
2016ൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചത് റാനിയേരിയായിരുന്നു. തുടർന്ന് 2017ലാണ് ലെസ്റ്റർ റാനിയേരിയെ പുറത്താക്കിയത്. തുടർന്ന് ഫ്രഞ്ച് ക്ലബായ നാന്റസിൽ ഒരു വർഷം പരിശീലിപ്പിച്ചെങ്കിലും പരസ്പര ധാരണയോടെ കഴിഞ്ഞ മെയിൽ ടീം വിടുകയായിരുന്നു. റാനിയേരിയുടെ ഫുൾഹാമിലെ കാലാവധി എത്ര വർഷത്തേക്കാണെന്ന് പുറത്തു പറഞ്ഞിട്ടില്ലെങ്കിലും ഒന്നിൽ കൂടുതൽ വർഷത്തേക്കാണെന്ന് ടീം ഉടമ ഷാഹിദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.