ഐ എസ് എൽ അഞ്ചാം സീസൺ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച തുടക്കം. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല എങ്കിലും കേരളം തന്നെ ആയിരുന്നു മികച്ചു നിന്നത്. മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ തന്നെ ആദ്യ 45 മിനുട്ടിൽ സൃഷ്ടിച്ചു. ഫിനിഷിംഗ് മെച്ചമായിരുന്നു എങ്കിൽ രണ്ടോ മൂന്നോ ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ എത്തിയേനെ.
നാലാം മിനുട്ടിൽ തന്നെ മറ്റെഹ് പൊപ്ലാനികിലൂടെ കേരളം ഗോളിനടുത്ത് എത്തിയിരുന്നു. പൊപ്ലാനികിന്റെ ഹെഡർ പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്. മറ്റെഹിന് തന്നെ വീണ്ടും അവസരങ്ങൾ കളിയിൽ ലഭിച്ചു. 12 ആം മിനുട്ടിൽ ലാകിച് പെസിചിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ഓൺ ടാർഗറ്റിലേക്ക് ഷോട്ട് ഉതിർത്തത്. ലാകിചിന്റെ ഹെഡർ ഗോളിയെ കടന്നു എങ്കിലും ഗോൾ ലൈൻ ക്ലിയറൻസിലൂടെ കൊൽക്കത്ത ആ ഗോൾ രക്ഷപ്പെടുത്തി.
ആദ്യ പകുതിയിൽ സഹൽ അബ്ദുൽ സമദും മികച്ചു നിന്നു. സഹൽ 32ആം മിനുട്ടിൽ എടികെ ഗോളിയെ പരീക്ഷിക്കുകയു ചെയ്തു. കേരളത്തിന്റെ മിഡ്ഫീൽഡിന്റെ ഒത്തിണക്കം കളി കേരളത്തിന്റെ നിയന്ത്രണത്തിൽ തന്നെ ആദ്യ പകുതിയിൽ നിർത്തി. കേരളത്തിന്റെ നിരയിൽ ഡിഫൻസീവ് മിഡായി ഇറങ്ങിയ നികോള കളി കേരളത്തിന്റെ നിയന്ത്രണത്തിൽ നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കോർണറുകളിൽ മാത്രമാണ് എ ടി കെയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പരീക്ഷിക്കാനായത്.