റയൽ മാഡ്രിഡിനെ പരോക്ഷമായി വിമർശിച്ച് ബാഴ്‌സലോണ താരം വിദാൽ

Staff Reporter

ലാ ലീഗയിൽ ബാഴ്‌സലോണയുടെ എതിരാളികളായ റയൽ മാഡ്രിഡിനെതിരെ വിമർശനവമായി ബാഴ്‌സലോണ താരം വിദാൽ രംഗത്ത്. ചാമ്പ്യൻസ് ലീഗിൽ വാർ ഉണ്ടായിരുന്നെങ്കിൽ തനിക്ക് രണ്ടു ചാമ്പ്യൻസ് ലീഗ് കൂടി ലഭിക്കുമായിരുന്നെന്ന് പറഞ്ഞാണ് വിദാൽ രംഗത്തെത്തിയത്.  കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ റയൽ മാഡ്രിഡ് – ബയേൺ മ്യൂണിക് മത്സരത്തിൽ റഫറി റയൽ മാഡ്രിഡിന് അനുകൂലമായി പല തീരുമാനങ്ങളും എടുത്തെന്നും വിദാൽ ആരോപിച്ചു.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ രണ്ടു പാദങ്ങളിലുമായി 4-2ന് റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചിരുന്നു. അന്ന് മത്സര ശേഷം റഫറിക്കെതിരെ ബയേൺ മ്യൂണിക് താരങ്ങൾ രംഗത്തെത്തിയിരുന്നു. അതെ സമയം ലാ ലീഗയിൽ ആദ്യമായി ഈ സീസൺ മുതൽ വാർ സംവിധാനം നിലവിൽ വന്നിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ വാർ സംവിധാനം നിലവിൽ വന്നിട്ടില്ലെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിന്റെ അവസാന ഘട്ടങ്ങളിൽ വാർ സംവിധാനം വരുമെന്നും വാർത്തകൾ ഉണ്ട്.