ക്രൊയേഷ്യ; അധ്വാനിച്ച് വിജയം കൊയ്ത ഫൈനൽ വഴി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ടൂർണമെന്റിന്റെ ആരംഭത്തിൽ ഒരാൾ പോലും ഫൈനൽ കാണുമെന്ന് പ്രവചിക്കാത്ത ടീമാണ് ക്രൊയേഷ്യ. എന്നാൽ ഇന്ന് എല്ലാം മത്സരവും വിജയിച്ച് ഫൈനലിൽ നിൽക്കുകയാണ് ഈ ടീം. ക്രൊയേഷ്യയുടെ ഫൈനലിലേക്കുള്ള വഴി നോക്കാം.

ഗ്രൂപ്പ് ഘട്ടം;

അർജന്റീന, നൈജീരിയ, ഐസ്‌ലാന്റ് ഒട്ട എളുപ്പമല്ലാത്ത ഒരു ഗ്രൂപ്പ് ആയിരുന്നു ക്രൊയേഷ്യക്ക് റഷ്യയിൽ ലഭിച്ചത്. എങ്കിലും അർജന്റീനയ്ക്ക് പിറകിൽ രണ്ടാമതായി ക്രൊയേഷ്യ രണ്ടാം റൗണ്ടിലേക്ക് കയറുമെന്ന് എല്ലാവരും പ്രവചിച്ചു. പക്ഷെ പ്രവചനങ്ങൾക്കും മീതെ ക്രൊയേഷ്യ പറന്നു. ആദ്യം നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ സാക്ഷാൽ മെസ്സിയുടെ അർജന്റീനയെ പിച്ചി ചീന്തി എന്നു തന്നെ പറയാം. എതിരില്ലാത്ത മൂന്ന് വമ്പൻ ഗോളുകളുടെ പരാജയം. റാകിറ്റിചും മോഡ്രിചുമെല്ലാം ഗോൾ പട്ടികയിൽ ഇടംപിടിച്ച ആ മത്സരം അർജന്റീനയുടെ അടുത്ത കാലത്തെ ഏറ്റവും മോശം പ്രകടനമായി തന്നെ മാറി. പ്രമുകർക്കൊക്കെ വിശ്രമം നൽകി ഇറങ്ങിയിട്ടും ഗ്രൂപ്പിലെ അവസാന മത്സരവും ക്രൊയേഷ്യ ജയിച്ചു. ഐസ്ലാന്റിനെ ആയിരുന്നു ക്രൊയേഷ്യ തോൽപ്പിച്ചത്. 2-1 എന്നായിരുന്നു സ്കോർ. 9 പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാർ.

പ്രീക്വാർട്ടറിൽ സുബാസിച് താരം;

പ്രീക്വാർട്ടറിൽ ഡെന്മാർക്ക് ആയിരുന്നു ക്രൊയേഷ്യയുടെ എതിരാളികൾ. ആദ്യ 4 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ പിറന്ന മത്സരം അവസാനം പെനാൾട്ടി ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. എക്സ്ട്രാ ടൈമിൽ വിജയിക്കാനുള്ള സുവർണ്ണാവസരം പെനാൾട്ടി നഷ്ടപ്പെടുത്തികൊണ്ട് മോഡ്രിച് ആണ് കളി ഷൂട്ടൗട്ടിൽ എത്തിച്ചത്. കാസ്പർ ഡെന്മാർക്കിനായും സുബാസിച് ക്രൊയേഷ്യക്കായും മികച്ചു നിന്ന മത്സരത്തിൽ അന്തിമ വിജയം സുബാസിച് സ്വന്തമാക്കുകയായിരുന്നു. ഡെന്മാർക്കിന്റെ 5 പെനാൾട്ടി കിക്കുകളിൽ മൂന്നെണ്ണമാണ് അന്ന് സുബാസിച് തടഞ്ഞിട്ടത്.

ക്വാർട്ടറിൽ റഷ്യൻ കടമ്പ;

ക്വാർട്ടറിൽ ആതിഥേയരായ റഷ്യ ആയിരുന്നു എതിരാളികൾ. സ്വന്തം ആരാധകർക്ക് മുന്നിൽ റഷ്യ കാണിച്ച പോരാട്ടവീര്യം 120 മിനുട്ട് പിന്നിട്ടപ്പോൾ കളി 2-2 എന്ന നിലയിൽ എത്തിച്ചു. വീണ്ടും പെനാൾട്ടി ഷൂട്ടൗട്ട്. ഇത്തവണ റഷ്യൻ താരങ്ങളും സുബാസിചും ഒന്നിച്ച് ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ രക്ഷിച്ചു.

സെമിയിൽ ഇംഗ്ലണ്ടിനെതിരെ തിരിച്ചുവരവ്;

കളിയുടെ തുടക്കത്തിൽ തന്നെ സെമിയിൽ ക്രൊയേഷ്യ ഒരു ഗോളിന് പിറകിൽ പോയിരുന്നു. പക്ഷെ പ്രീക്വാർട്ടറിലെയും ക്വാർട്ടറിലെയും പോലെ സെമിയിലും ക്രൊയേഷ്യ തിരിച്ചുവന്നു. രണ്ടാം പകുതിയിൽ പെരിസിചിലൂടെ ആദ്യം സമനില. പിന്നീട് എക്സ്ട്രാ ടൈമിൽ മാൻസുകിചിലൂടെ വിജയ ഗോളും. ക്രൊയേഷ്യ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലിൽ എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial