ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ നടന്ന രണ്ടാം ആഷസ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിവസം കളി നിർത്തുമ്പോൾ 74 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായത്.
202 പന്തിൽ 15 ഫോറുകളും ഒരു സിക്സും സഹിതം 135 റൺസാണ് ജോ റൂട്ട് നേടിയത്. ഓപ്പണർ സാക് ക്രൗളി 93 പന്തിൽ 11 ഫോറുകളോടെ 76 റൺസ് നേടി മികച്ച പിന്തുണ നൽകി. ക്രൗളി മൈക്കിൾ നെസറിനാണ് വിക്കറ്റ് നൽകിയത്. ഹാരി ബ്രൂക്ക് (31), പുറത്താകാതെ നിന്ന ജോഫ്ര ആർച്ചർ (32) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.
ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. 19 ഓവറിൽ 71 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി സ്റ്റാർക്ക് ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർത്തു. മൈക്കിൾ നെസർ, സ്കോട്ട് ബോളണ്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഓപ്പണർമാരായ ബെൻ ഡക്കറ്റ്, ഓലി പോപ്പ് എന്നിവരെ പൂജ്യത്തിന് പുറത്താക്കി സ്റ്റാർക്ക് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം നൽകി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 19 റൺസെടുത്ത് റൺഔട്ടായി. അവസാന വിക്കറ്റിൽ ഇപ്പോൾ ആർച്ചറും റൂട്ടും ചേർന്ന് ഇതുവരെ 61 റൺസിന്റെ കൂട്ടുകെട്ട് ചേർത്തിട്ടുണ്ട്.