ലീഡ്സ് യുണൈറ്റഡിന് എതിരെ 5-0 ന്റെ വമ്പൻ ജയത്തിനും എബിറെചി എസെയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനും ഇടയിൽ ആഴ്സണലിന് ആശങ്കയായി സൂപ്പർ താരം ബുകയോ സാകയുടെയും, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെയും പരിക്ക്. ലീഡ്സിന് എതിരെ ആദ്യ പകുതിയിൽ സംഭവിച്ച വീഴ്ചയിൽ ആണ് ഒഡഗാർഡിന് തോളിനു പരിക്കേറ്റത്. കുറച്ച് നേരം കൂടി കളിച്ചെങ്കിലും താരത്തെ 38 മത്തെ മിനിറ്റിൽ പിൻവലിച്ച ആർട്ടെറ്റ ഏഥൻ ന്വനേരിയെ ഇറക്കുക ആയിരുന്നു. താരത്തിന്റെ പരിക്കിനെ പറ്റി സ്കാനിന് ശേഷമാണ് എന്തെങ്കിലും പറയാൻ ആവുക എന്നാണ് ആഴ്സണൽ പരിശീലകൻ മത്സരശേഷം പറഞ്ഞത്. ആഴ്സണലിന് ആയി ഒഡഗാർഡിന്റെ 200 മത്തെ മത്സരം ആയിരുന്നു ഇത്.
അതേസമയം ആദ്യ പകുതിയിൽ ഗോൾ നേടിയ ബുകയോ സാകക്ക് രണ്ടാം പകുതിയിൽ ആണ് പരിക്കേറ്റത്. ഒരു മികച്ച മുന്നേറ്റശ്രമത്തിന് ശേഷം ഹാംസ്ട്രിങിന് വേദന അനുഭവപ്പെട്ട സാകയെ ആർട്ടെറ്റ കളത്തിൽ നിന്നു 53 മത്തെ മിനിറ്റിൽ പിൻവലിക്കുക ആയിരുന്നു. സാക സ്വയം പിൻവലിയണം എങ്കിൽ പരിക്ക് ഗുരുതരമാവാൻ സാധ്യതയുണ്ടെന്നു മത്സരശേഷം പറഞ്ഞ ആർട്ടെറ്റ മുമ്പ് പരിക്കേറ്റ ഹാംസ്ട്രിങിൽ അല്ല സാകക്ക് വേദന അനുഭവപ്പെട്ടത് എന്നും വ്യക്തമാക്കി. നിലവിൽ സാകയുടെ കാര്യത്തിലും കൂടുതൽ പരിശോധനകൾക്ക് ശേഷമെ പരിക്കിന്റെ തീവ്രത മനസ്സിലാവൂ. നിലവിൽ കാൽ മുട്ടിന് പരിക്കേറ്റ കായ് ഹാവർട്സിനെയും ആഴ്സണലിന് നഷ്ടമായിട്ടുണ്ട്. പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ലിവർപൂളിനു എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.