ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് ടെക്നിക്കൽ ഡയറക്ടർ ആയി ഇന്ത്യൻ വംശജൻ സുന്ദർശൻ ഗോപാലദേസികൻ സ്ഥാനം ഏറ്റെടുത്തു. സുഡ്സ് എന്നു വിളിപ്പേരുള്ള അമേരിക്കൻ പൗരനായ സുന്ദർശൻ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയിൽ ഡയറക്ടർ ഓഫ് ഫുട്‌ബോൾ ഇന്റലിജൻസ് ആയിരുന്നു. കരിയറിൽ ഇൻഫോസിസ് ഇന്റേൺ ആയിട്ടാണ് സുന്ദർശൻ തുടങ്ങിയത്.
അതിനു ശേഷം മൈക്രോസോഫ്റ്റിൽ അടക്കം ജോലി ചെയ്ത 33 കാരനായ സുന്ദർശൻ 2017 മുതൽ 2022 വരെ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ സ്പോർട്സ് ഡാറ്റാ സയൻസ് വിഭാഗം തലവൻ ആയിരുന്നു. ഡാറ്റ ഉപയോഗിച്ച് ഫുട്‌ബോളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന കാലത്ത് അത്തരം വലിയ മാറ്റങ്ങൾ ആവും സുന്ദർശൻ ന്യൂകാസ്റ്റിലിൽ ഉണ്ടാക്കാൻ ശ്രമിക്കുക. ന്യൂകാസ്റ്റിൽ പോലെയൊരു മഹത്തായ ക്ലബ്ബിൽ ചേരുന്നത് അഭിമാനവും സന്തോഷകരവുമായ കാര്യമാണ് എന്നാണ് വാർത്തയോട് സുന്ദർശൻ പ്രതികരിച്ചത്.