നാട്ടുകാരനായ മിയോമിർ കെചനോവിചിനെ 6-3, 6-0, 6-4 എന്ന സ്കോറിന് തകർത്തു ആറാം സീഡും ഏഴു തവണ വിംബിൾഡൺ നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ. വിംബിൾഡണിൽ സെർബിയൻ താരം ഇതോടെ 100 ജയങ്ങൾ പൂർത്തിയാക്കി. മാർട്ടീന നവരതിനോവ, റോജർ ഫെഡറർ എന്നിവർക്ക് ശേഷം ഓപ്പൺ യുഗത്തിൽ വിംബിൾഡണിൽ 100 ജയങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമാണ് ജ്യോക്കോവിച്. ഫ്രഞ്ച് ഓപ്പണിലും നൂറിൽ അധികം ജയങ്ങൾ ഉള്ള ജ്യോക്കോവിച് ഫെഡറർ കഴിഞ്ഞാൽ 2 ഗ്രാന്റ് സ്ലാമുകളിൽ 100 ൽ അധികം വിജയങ്ങൾ നേടുന്ന ഓപ്പൺ യുഗത്തിലെ രണ്ടാമത്തെ താരവുമാണ്. നാലു ഗ്രാന്റ് സ്ലാമുകളിലും 90 ൽ അധികം ജയങ്ങൾ സെർബിയൻ താരത്തിന് ഇപ്പോൾ ഉണ്ട്.
രണ്ടാം സെറ്റിൽ 6-0 നു സെറ്റ് നേടിയ ജ്യോക്കോവിച് 6-0 നു ഗ്രാന്റ് സ്ലാമുകളിൽ ഇത് 51 മത്തെ തവണയാണ് സെറ്റ് നേടുന്നത്. ഇതോടെ ഗ്രാന്റ് സ്ലാമുകളിൽ ഏറ്റവും കൂടുതൽ 6-0 നു സെറ്റ് നേടിയ താരവുമായി ജ്യോക്കോവിച്. കിരീടപോരാട്ടത്തിൽ ഈ പ്രായത്തിലും താൻ ഉണ്ടാവും എന്ന സൂചനയാണ് നിലവിൽ നൊവാക് നൽകുന്നത്. അനായാസ ജയത്തോടെ പത്താം സീഡ് അമേരിക്കയുടെ ബെൻ ഷെൽട്ടൻ, 11 സീഡ് ഓസ്‌ട്രേലിയയുടെ അലക്‌സ് ഡിമിനോർ, 19 സീഡ് ഗ്രിഗോർ ദിമിത്രോവ് എന്നിവരും വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി. അലക്‌സ് ഡിമിനോർ ആണ് അവസാന പതിനാറിൽ ജ്യോക്കോവിച്ചിന്റെ എതിരാളി. കഴിഞ്ഞ റൗണ്ടിൽ നാലാം സീഡിനെ ഞെട്ടിച്ച മാരിൻ സിലിച്ചും നാലു സെറ്റ് പോരാട്ടത്തിന് ഒടുവിൽ അവസാന പതിനാറിൽ എത്തി.