ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഒരു റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. റിയാൻ പരാഗിൻ്റെ തകർപ്പൻ 95 റൺസ് പ്രകടനം ഉണ്ടായിട്ടും, രാജസ്ഥാന് കെകെആറിൻ്റെ 206/4 എന്ന സ്കോർ പിന്തുടർന്ന് 205/8 എന്ന നിലയിൽ എത്താനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത കെകെആറിന് വേണ്ടി ആൻഡ്രെ റസ്സൽ 25 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയപ്പോൾ, ഗുർബാസ് (35), രഹാനെ (30), യുവ താരം അംഗ്രിഷ് രഘുവൻഷി (44) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ റിങ്കു സിംഗ് (6 പന്തിൽ 19*) നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് കെകെആറിനെ 200 കടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ പ്രതിസന്ധി നേരിട്ടു. പവർപ്ലേയിൽ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ക്യാപ്റ്റൻ റിയാൻ പരാഗ് വെറും 45 പന്തിൽ 6 ഫോറുകളും 8 സിക്സറുകളുമായി 95 റൺസ് നേടി കളി തിരിച്ചുപിടിച്ചു. ഈ എട്ടു സിക്സിൽ 6 സിക്സുകൾ തുടർച്ചയായ പന്തുകളിൽ ആണ് വന്നത്. ഷിംറോൺ ഹെറ്റ്മെയർ (29), ശുഭം ദുബെ (പുറത്താകാതെ 25) എന്നിവരിൽ നിന്ന് പിന്തുണ ലഭിച്ചെങ്കിലും വിജയം നേടാൻ അവർക്ക് സാധിച്ചില്ല.
അവസാന ഓവറുകളിൽ വരുൺ ചക്രവർത്തി (2/32), ഹർഷിത് റാണ (2/41) എന്നിവർ മികച്ച ബോളിംഗ് കാഴ്ചവെച്ചു. അവസാന പന്തിൽ ജോഫ്ര ആർച്ചറെ റിങ്കു സിംഗ് റണ്ണൗട്ടാക്കിയതോടെ കെകെആർ വിജയം ഉറപ്പിച്ചു.
ഈ ജയം പോയിന്റ് പട്ടികയിൽ കെകെആറിൻ്റെ സ്ഥാനം മെച്ചപ്പെടുത്തി അവരുടെ പ്ലേ ഓഫ് പ്രതീക്ഷയും കാത്തു