പരിക്കുകൾ പ്രമുഖ താരങ്ങളെ നിരന്തരം പിന്തുടർന്നിട്ടും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ പോലും ടീമിൽ എത്തിക്കാതെ ആഴ്‌സണൽ. തനിക്ക് താരങ്ങളെ ആവശ്യം ഉണ്ടെന്നും പ്രത്യേകിച്ച് മുന്നേറ്റത്തിൽ ആരെങ്കിലും എത്തും എന്നു പ്രതീക്ഷിക്കുന്നത് ആയും പരിശീലകൻ മിഖേൽ ആർട്ടെറ്റ പറഞ്ഞിട്ടും ഒരു താരത്തെ പോലും ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ബോർഡിന് ആയില്ല. തങ്ങൾക്ക് താരങ്ങളെ ആവശ്യമാണെന്ന് ഡക്ലൻ റൈസും പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ജനുവരിയിൽ ആരെയും ടീമിൽ എത്തിക്കാൻ ക്ലബിന് ആയില്ല. മികച്ച താരത്തെ എത്തിക്കാൻ അല്ലാതെ വെറുതെ ഒരു നീക്കം ക്ലബ് നടത്തില്ല എന്നു ആർട്ടെറ്റയും പറഞ്ഞിരുന്നു. ക്ലബ് വിട്ട സ്പോർട്ടിങ് ഡയറക്ടർ എഡുവിന്റെ അഭാവവും ആഴ്‌സണൽ ട്രാൻസ്ഫറിനെ ബാധിച്ചു എന്നു വേണം കരുതാൻ.
സീസണിന്റെ ആദ്യം മുതൽ കടുത്ത പരിക്കുകൾ ആണ് ആഴ്‌സണലിനെ വേട്ടയാടുന്നത്. ആദ്യം മാർട്ടിൻ ഒഡഗാർഡിനെ നഷ്ടമായ ആഴ്‌സണലിന് അദ്ദേഹം തിരിച്ചു എത്തിയപ്പോൾ മുന്നേറ്റത്തിൽ നിലവിൽ ടീമിന്റെ എഞ്ചിൻ ആയ ബുകയോ സാകയെയും നഷ്ടമായി. നേരത്തെ പ്രതിരോധത്തിൽ ടോമിയാസു, ബെൻ വൈറ്റ് എന്നിവരെയും ദീർഘകാലത്തേക്ക് ക്ലബിന് നഷ്ടമായിരുന്നു. അതിനു ശേഷമാണ് എ.സി.എൽ ഇഞ്ച്വറി കാരണം സ്‌ട്രൈക്കർ ഗബ്രിയേൽ ജീസുസിനെ ക്ലബിന് നഷ്ടമായത്. ഒരു കൊല്ലത്തേക്ക് ജീസുസ് ഇനി കളിക്കില്ല. മുന്നേറ്റത്തിൽ നിലവിൽ കായ് ഹാവർട്‌സ് മാത്രമാണ് ആഴ്‌സണലിന്റെ ഏക സ്‌ട്രൈക്കർ. ബെൻ വൈറ്റ് ഉടൻ തിരിച്ചെത്തും എന്ന പ്രതീക്ഷ ക്ലബിന് ഉണ്ട്, ഒപ്പം ടോമിയാസുവും എത്തും എന്നും ക്ലബ് പ്രതീക്ഷിക്കുന്നു.
മാർച്ച് അവസാനം ബുകയോ സാക തിരിച്ചെത്തും എന്നാണ് നിലവിലെ പ്രതീക്ഷ. നിലവിൽ ഇടവേളകൾ ഇല്ലാത്ത മത്സരാക്രമം അവസാനിച്ചു എന്നും സീസൺ അവസാനം വരെ ഈ ടീമും ആയി പൊരുതാൻ ആവും എന്നാണ് ക്ലബ് പ്രതീക്ഷ. എന്നാൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും പൊരുതാൻ ബോർഡ് ആർട്ടെറ്റക്ക് വേണ്ട പിന്തുണ നൽകിയില്ല എന്നത് തന്നെയാണ് ആഴ്‌സണൽ ആരാധകരുടെ പരാതി. കഴിഞ്ഞ സീസണിലും മുന്നേറ്റത്തിൽ താരത്തെ എത്തിക്കാത്ത ക്ലബ് ഇത്തവണ ദീർഘകാല ലക്ഷ്യം ആയ ബെഞ്ചമിൻ സെസ്കോക്ക് ആയി നീക്കം നടത്തിയിരുന്നു. എന്നാൽ താരത്തെ വിടാൻ ലൈപ്സിഗോ ജനുവരിയിൽ ക്ലബ് വിടാൻ സെസ്കോയോ തയ്യാറായില്ല. അവസാന ദിവസങ്ങളിൽ ആസ്റ്റൺ വില്ലയുടെ ഒലി വാറ്റ്കിൻസിന് ആയും ആഴ്‌സണൽ ശ്രമം നടത്തിയിരുന്നു. എന്നാൽ ആർക്ക് ആയും ചോദിക്കുന്ന അധിക വില നൽകില്ല എന്ന നിലപാട് എടുത്ത ആഴ്‌സണൽ അതിൽ നിന്നും പിറകോട്ട് പോയി. നിലവിൽ ആരെയും ക്ലബിൽ നിന്നു പോവാൻ അനുവദിക്കാത്ത ആഴ്‌സണൽ അടുത്ത ട്രാൻസ്ഫർ വിപണിയിൽ വലിയ നീക്കങ്ങൾക്ക് ആണ് ഒരുങ്ങുന്നത് എന്നാണ് സൂചന. എന്നാൽ ജനുവരിയിൽ താരങ്ങളെ എത്തിക്കാത്തത് ക്ലബിന് തിരിച്ചടിയാവുമോ എന്നു കണ്ടറിയാം.