ആദ്യ സെറ്റ് കൈവിട്ട ശേഷം വിജയം കണ്ടു വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി കാർലോസ് അൽകാരസ് ഗാർഫിയ. മൂന്നാം സീഡ് ആയ അൽകാരസ് അഞ്ചാം സീഡ് ആയ ഡാനിൽ മെദ്വദേവിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് വീഴ്ത്തിയത്. തുടർച്ചയായ രണ്ടാം വിംബിൾഡൺ കിരീടവും ഈ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു പിറകെ വിംബിൾഡൺ കിരീടവും ലക്ഷ്യം വെക്കുന്ന അൽകാരസിന്റെ നാലാം ഗ്രാന്റ് സ്ലാം ഫൈനൽ ആണ് ഇത്. തുടർച്ചയായ 13 ഗ്രാന്റ് സ്ലാം, വിംബിൾഡൺ മത്സരത്തിൽ ആണ് അൽകാരസ് ജയിക്കുന്നത്. ആദ്യ സെറ്റിൽ തന്നെ മികച്ച പോരാട്ടത്തിന്റെ സൂചന മത്സരം തന്നു. ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കിയ മെദ്വദേവ് മത്സരത്തിൽ മുൻതൂക്കം കണ്ടെത്തി.
എന്നാൽ രണ്ടാം സെറ്റ് മുതൽ അൽകാരസ് കളി മാറ്റി. രണ്ടാം സെറ്റ് തുടക്കത്തിൽ തന്നെ ബ്രേക്ക് കണ്ടത്തിയ താരം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് ഇതേ മികവ് മൂന്നാം സെറ്റിലും താരം തുടർന്നപ്പോൾ സെറ്റ് 6-4 നു അൽകാരസ് സ്വന്തമാക്കി. നാലാം സെറ്റിൽ മികച്ച പോരാട്ടം തന്നെ കണ്ടപ്പോൾ അവസാന നിമിഷങ്ങളിൽ മെദ്വദേവിന്റെ ബാക്ക് ഹാന്റ് പിഴവ് മുതലെടുത്ത് ബ്രേക്ക് കണ്ടെത്തിയ അൽകാരസ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. 3 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് എതിരാളിയുടെ സർവീസ് സെന്റർ കോർട്ടിൽ അൽകാരസ് ഭേദിച്ചത്. ഫൈനലിൽ നൊവാക് ജ്യോക്കോവിച്, ലോറൻസോ മുസെറ്റി മത്സരവിജയിയെ ആണ് അൽകാരസ് നേരിടുക.