2022 ലെ വിംബിൾഡൺ ജേതാവും നാലാം സീഡും ആയ എലേന റൈബാകിനയെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ വീഴ്ത്തി 31 സീഡ് ചെക് താരം ബാർബൊറ ക്രജികോവ വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി. 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ക്രജികോവ 10 തവണ ഡബിൾസ് ഗ്രാന്റ് സ്ലാം ജേതാവ് കൂടിയാണ്. സിംഗിൾസിൽ കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനലും ആദ്യ വിംബിൾഡൺ ഫൈനലും ആണ് ചെക് താരത്തിന് ഇത്. നന്നായി തുടങ്ങിയ റൈബാകിനക്ക് മുന്നിൽ ആദ്യ സെറ്റ് 6-3 നു അടിയറവ് പറഞ്ഞ ശേഷം തിരിച്ചു വന്നാണ് ക്രജികോവ സെമിഫൈനലിൽ വിജയം കണ്ടത്.
രണ്ടാം സെറ്റ് 6-3 നു നേടിയ ക്രജികോവ മൂന്നാം സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ ആക്കുക ആയിരുന്നു. 3 തവണ സർവീസ് ബ്രേക്ക് വഴങ്ങിയ ക്രജികോവ നാലു തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു. റൈബാകിനക്ക് എതിരെ കളിച്ച മൂന്നു കളികളിലും ജയം കണ്ട ക്രജികോവയുടെ ആദ്യ പത്തിലുള്ള താരങ്ങൾക്ക് എതിരെയുള്ള 2023 നു ശേഷമുള്ള ആദ്യ ജയം ആണ് ഇത്. ഫൈനലിൽ ഏഴാം സീഡ് ജാസ്മിൻ പൗളീനിയാണ് ക്രജികോവയുടെ എതിരാളി. ആരു ജയിച്ചാലും വിംബിൾഡണിൽ ഇത്തവണ പുതിയ ചാമ്പ്യൻ ഉണ്ടാവും എന്നു ഇതോടെ ഉറപ്പായി.