വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ വനിത താരമായി ജാസ്‌മിൻ പൗളീനി. ഏഴാം സീഡ് ആയ പൗളീനി ആവേശകരമായ സെമിഫൈനലിൽ സീഡ് ചെയ്യാത്ത ക്രൊയേഷ്യൻ താരം ഡോണ വെകിചിനെ മൂന്നു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് വീഴ്ത്തിയത്. വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും നീളമേറിയ വനിതാ സിംഗിൾസ് സെമിഫൈനൽ ആയിരുന്നു ഇത്. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷമാണ് തിരിച്ചു വന്നു പൗളീനി മത്സരത്തിൽ ജയം കണ്ടത്. രണ്ടാം സെറ്റ് 6-4 നു നേടിയ പൗളീനി മത്സരത്തിൽ തിരിച്ചെത്തി. ശക്തമായ പോരാട്ടം ആണ് മൂന്നാം സെറ്റിൽ കാണാൻ ആയത്.
ഇടക്ക് മാച്ച് പോയിന്റ് ഉണ്ടാക്കിയെങ്കിലും പൗളീനിക്ക് അത് മുതലാക്കാൻ ആയില്ല. ഇരു താരങ്ങളും വിട്ട് കൊടുക്കാത്ത പോരാട്ടത്തിന് ഒടുവിൽ സെറ്റ് ടൈബ്രേക്കറിലേക്ക് നീളുക ആയിരുന്നു. അത്യന്തം ആവേശകരമായ ടൈബ്രേക്കറിനു ശേഷം 10-8 നു ജയം കണ്ട പൗളീനി ചരിത്രജയം നേടുക ആയിരുന്നു. മത്സരത്തിൽ നാലു തവണ ബ്രേക്ക് വഴങ്ങിയ പൗളീനി മൂന്നു തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു. ഫ്രഞ്ച് ഓപ്പൺ ഫൈനലും കളിച്ച പൗളീനി ചരിത്രത്തിൽ ഒരേ സീസണിൽ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും ഫൈനൽ കളിക്കുന്ന അഞ്ചാമത്തെ മാത്രം വനിതാ താരമാണ്. 2016 ൽ സെറീന വില്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനൽ കളിക്കുന്ന ആദ്യ വനിതാ താരമാണ് പൗളീനി.