ഈ വർഷം വിംബിൾഡൺ കളിക്കാൻ താൻ ഇല്ലെന്നു പ്രഖ്യാപിച്ചു റാഫ നദാൽ. നിലവിൽ വരാൻ പോകുന്ന പാരീസ് ഒളിമ്പിക്സ് കളിക്കുക തനിക്ക് പ്രധാനമാണ് എന്നു പറഞ്ഞ നദാൽ അതിനു തയ്യാറാവുന്നതിനു ആയി ആണ് താൻ വിംബിൾഡണിൽ നിന്നു പിന്മാറുന്നത് എന്നു നദാൽ കൂട്ടിച്ചേർത്തു. സ്പെയിനിനു ആയി തന്റെ അവസാന ഒളിമ്പിക്സ് കളിക്കുക എന്നത് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ആണെന്ന് നദാൽ പറഞ്ഞു.
ഒളിമ്പിക്സിന് ഒരുങ്ങുന്നതിനാൽ തന്നെ ഇതിനു ഇടയിൽ ഗ്രാസ് സീസണിൽ കളിക്കുന്നത് തന്റെ തയ്യാറെടുപ്പിനെ ബാധിക്കും എന്നതും തന്റെ തീരുമാനത്തിന് പിന്നിൽ നദാൽ കാരണം ആയി പറഞ്ഞു. വിംബിൾഡൺ കളിക്കാത്തതിൽ സങ്കടം ഉണ്ടെന്നു പറഞ്ഞ നദാൽ പാരീസ് ഒളിമ്പിക്സിന് ഒരുങ്ങുന്നതിനു ആയി ബാസ്റ്റഡിൽ എ.ടി.പി ടൂർണമെന്റ് കളിക്കും എന്നും പറഞ്ഞു. 2008 ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണ മെഡൽ നേടിയ നദാൽ 2016 ൽ ഡബിൾസിലും സ്വർണ മെഡൽ നേടിയിരുന്നു. ഈ വർഷം ഒളിമ്പിക്സിൽ സിംഗിൾസിൽ മത്സരിക്കുന്ന നദാൽ പുരുഷ ഡബിൾസിൽ ലോക രണ്ടാം നമ്പറും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ കാർലോസ് അൽകാരസും ആയി ആവും കളിക്കാൻ ഇറങ്ങുക.