ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ഡ്രൈവിംഗ് സീറ്റിൽ. ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്പർസിനെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ വിജയം.
ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു ഗോൾ വന്നത്. 51ആം മിനുട്ടിൽ ഡി ബ്രുയിനെയുടെ പാസിൽ നിന്ന് ഹാളണ്ട് ഗോൾ കണ്ടെത്തി. ഈ ഗോളിന് സ്പർസിന് മറുപടി നൽകാൻ ആയില്ല.
രണ്ടാം പകുതിയിൽ സ്പർസ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ നേടിയില്ല. 86ആം മിനുട്ടിൽ സോണിന്റെ ഒരു വൺ ഓൺ വൺ അവസരം ഒർട്ടേഗ സേവ് ചെയ്തത് സിറ്റിക്ക് രക്ഷയായി. 90ആം മിനുട്ടിൽ ഒരു പെനാൾട്ടി സിറ്റിക്ക് അനുകൂലമായി ലഭിച്ചു. അത് ഹാളണ്ട് ലക്ഷ്യത്തിൽ എത്തിച്ചതോടെ സിറ്റി വിജയം ഉറപ്പിച്ചു.
ഈ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റിൽ എത്തി. ആഴ്സണൽ 86 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. ഇനി ലീഗിൽ അവസാന മത്സരത്തിൽ സിറ്റി വെസ്റ്റ് ഹാമിനെയും ആഴ്സണൽ എവർട്ടണെയും നേരിടും.