മാർക്കസ് റാഷ്ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല. താരം ഇപ്പോൾ വളരെ മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത് എങ്കിലും റാഷ്ഫോർഡിനെ വിശ്വസിക്കാനും പിന്തുണയ്ക്കാനും ആണ് ക്ലബിന്റെ തീരുമാനം. ഈ സമ്മറിൽ റാഷ്ഫോർഡിനെ വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കില്ല എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഒരു വൻ ഓഫർ വരികയോ അല്ലെങ്കിൽ റാഷ്ഫോർഡ് തനിക്ക് ക്ലബ് വിടണം എന്ന് ആവശ്യപ്പെടുകയോ ചെയ്താൽ യുണൈറ്റഡിന്റെ തീരുമാനങ്ങൾ മാറാം. മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ കരിയർ ആരംഭിച്ച ശേഷമുള്ള റാഷ്ഫോർഡിന്റെ ഏറ്റവും മോശം സീസണായിരുന്നു ഇത്.
2028 വരെയുള്ള കരാർ ഇപ്പോൾ റാഷ്ഫോർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. കഴിഞ്ഞ വർഷമായിരുന്നു താരം പുതിയ കരാർ ഒപ്പുവെച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ 2022/23 സീസണിലെ മികച്ച താരത്തിനുള്ള സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പുരസ്കാരം മാർക്കസ് റാഷ്ഫോർഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ 30 ഗോളുകൾ നേടാൻ റാഷ്ഫോർഡിന് ആയിരുന്നു. 30 ഗോളുകൾക്ക് പുറമേ, 11 അസിസ്റ്റുകളും റാഷ്ഫോർഡ് ആ സീസണിൽ സംഭാവന ചെയ്തു. ഈ സീസണിൽ ആകട്ടെ ഇതിവരെ ആകെ 8 ഗോളുകൾ ആണ് റാഷ്ഫോർഡ് നേടിയത്.